തോരന്റെ ഉപ്പു നോക്കിയും നാലുമണിക്ക് അലാറം വെച്ചെണീറ്റും തീർക്കാനുള്ളതല്ലല്ലോ സഖീ ഈ ജീവിതം: അന്താരാഷ്ട്ര ബാലികാദിനത്തിൽ ആൻപാലിയുടെ കുറിപ്പ്

നിറഞ്ഞ ചിരിയോടെ നടന്നു വരുന്ന ആ മിടുക്കികളെ ഇന്ന് ലോകം മുഴുവനും അറിയും. ഈ വർഷത്തെ കെമിസ്ട്രിയിലെ നോബൽ സമ്മാനം പങ്കിട്ട രണ്ടു പേർ, ജെന്നിഫർ ഡൗഡ്നയും എമ്മാനുവേൽ ഷർപോന്ഡൈയും.

കൗതുകത്തോടെ, ഇവരെക്കുറിച്ചുള്ള വാർത്തകൾ തെരഞ്ഞു പോയപ്പോളാണ് ഒരു വാചകം അതീവപ്രാധാന്യത്തോടെ മിക്കയിടങ്ങളിലും ആവർത്തിച്ചതായി കണ്ടത് .”ആദ്യമായാണ് രണ്ടു സ്ത്രീകൾ ഒരുമിച്ചു നോബൽ പുരസ്ക്കാരം പങ്കിടുന്നത്.” ഒരു ഫാക്ട് എന്നതിലും അപ്പുറം അതൊരത്ഭുതമെന്ന് പറയുന്ന പോലെ ഹൈലൈറ്റ് ചെയ്യപ്പെട്ട തലക്കെട്ട്!

സത്യത്തിൽ അതിലിത്രയും ഞെട്ടാനുണ്ടോ ? ഓർമ്മ വയ്ക്കുമ്പോൾ മുതൽ കേട്ട് പഴകുന്ന ചില കാര്യങ്ങളുണ്ട്. സ്ഥിരമായുള്ള അമ്മായിഅമ്മ മരുമോൾ പോര്, നാത്തൂൻ കുശുമ്പ്, അയൽക്കാരികൾ തമ്മിലുള്ള വഴക്ക് തൊട്ട് സ്ത്രീകൾ സൗഹൃദമോ മാന്യമായ പ്രൊഫഷണൽ ബന്ധമോ പോലും പാലിക്കില്ലെന്ന മട്ടിലുള്ള ‘ഫോർമുല’ തിയറി. അത് വിവാഹിതരാവുന്ന സ്ത്രീകൾക്ക് നേരെ മാത്രമല്ല, കുട്ടികൾക്ക് നേരെ വരെയുണ്ടാവും . രണ്ടു പെൺകുട്ടികൾ സുഹൃത്തുക്കളാവുന്നതു കാണുമ്പോൾ മുതൽ തുടങ്ങും ഉപദേശം ,” ആ കല്യാണം വരെയൊക്കെയുണ്ടാവും ഈ കൂട്ട് …”

അപ്പോളൊക്കെയും ചിന്തിച്ചു കൂട്ടിയ ഒരു കാര്യമുണ്ട് , അതെന്താ സ്ത്രീകൾക്ക് വൈകുന്നേരങ്ങളുടെയും രാത്രികളുടെയും സൗന്ദര്യം അന്യമായിപ്പോവുന്നതെന്ന് ? വിവാഹത്തോടെ ഉപേക്ഷിക്കേണ്ട ഒന്നായി സുഹൃത്തുക്കൾ മാറുന്നതെന്തെന്ന് ?

അതെന്താ, കല്യാണം കഴിഞ്ഞു കൂട്ടുണ്ടെങ്കിൽ അത്ര വലിയ പ്രശ്നമാണോ ? ആവും ആയിരിക്കും , അതല്ലേ അതിങ്ങനെ റിപ്പീറ്റ് ചെയ്തു പറയുവാൻ കാരണം. പക്ഷെ ആർക്കാണ് പ്രശ്‌നം? എന്തായാലും സ്ത്രീകൾക്കാവില്ല!

പാലയിലെ വൈകുന്നേരങ്ങളിൽ ഓർത്തെടുക്കുമ്പോൾ തെളിഞ്ഞു വരുന്ന ചില ചിത്രങ്ങളുണ്ട്. പകൽ മുഴുവനും പണിയെടുത്ത മനുഷ്യർ വൈകുന്നേരം ഒന്ന് റീലാക്സഡ് ആവുന്ന അവസ്ഥ. പുരുഷന്മാർ വീട്ടിനുള്ളിലേക്ക് നോക്കി ,” ഞാനൊന്ന് ടൌൺ വരെ പോയിട്ടും വരാം” എന്ന് പറഞ്ഞു വീട്ടിൽ നിന്നിറങ്ങും. അവർ ടൗണിലെ ഹോട്ടലുകളിൽ കയറി ചായയും പഴംപൊരിയും കഴിക്കും. ഇഷ്ടം പോലെ രാഷ്ട്രീയം പറയും പിന്നെയും വൈകുമ്പോൾ ക്ലബ്ബിലേക്ക് പോവും അവിടെ സുഹൃത്തുക്കളോടൊപ്പമിരുന്ന് ചീട്ട് കളിക്കും, ചിലപ്പോൾ നേരം വെളുക്കുന്ന വരെ. അതിനിടയിൽ മദ്യസേവ, പുകവലി, അട്ടഹാസം, ചിരി, പരദൂഷണക്കഥകൾ തുടങ്ങി സകലതും അരങ്ങു വാഴും.

അപ്പോൾ സ്ത്രീകളോ ? പകല് വീട്ടിലെ റബ്ബർഷീറ്റ് കഴുകലും ഉണക്കാനിടലും പാവലിന് പന്തൽ കെട്ടലും പശൂനെ തീറ്റിക്കലും മൂന്നു നേരം ഉരുട്ടിപ്പെരട്ടി ഉണ്ടാക്കലുമടക്കം സകലമാന പണികളും തീർത്തിട്ടവർ വൈകിട്ട് മുട്ടുമ്മേൽ കുത്തി കൊന്ത എത്തിക്കണം. വീട്ടിലെ കാർന്നോന്മാർക്ക് കഞ്ഞി വിളമ്പണം, അതിനെടേൽ ഏതേലും സീരിയലോ മറ്റോ കാണാൻ ഓടിയാൽ അതും കുറ്റമായി! അടുത്ത തവണ പള്ളീലെ ധ്യാനത്തിന് ചില അച്ചന്മാര് പ്രസംഗിക്കുന്നത് കേൾക്കണം ,” ഹോ , ഇപ്പോളത്തെ പെണ്ണങ്ങൾക്കു സകല പുണ്യന്മാരുടെയും ലുത്തിനിയ ചൊല്ലാൻ നേരമില്ല, സീരിയലാണ് ഇഷ്ടം !” അതുകേട്ട് ഇടവക മൊത്തമുള്ള കൊച്ചുപിച്ചടക്കം ചിരിക്കും, കാർന്നോന്മാർ , ” ഓഹ് , ഞങ്ങളുടെയൊക്കെ കാലത്ത് …” എന്ന മട്ടിലുള്ള മുഖഭാവം വരുത്തും മുപ്പതുകളിലും നാല്പതുകളിലുമൊക്കെ നിൽക്കുന്ന സ്ത്രീകൾ മാത്രം സാരിത്തലപ്പ് വായയിൽ കടിച്ചുപിടിച്ചു അനങ്ങാതിരിക്കും. അന്നൊക്കെ ആരെങ്കിലുമൊന്നു എണീറ്റ് നിന്ന് , ” അതെന്താ അച്ചോ , ആളുകളെ കാണലും കൂട്ടും ആഘോഷവുമൊക്കെ ആണുങ്ങൾക്ക് മാത്രം പറഞ്ഞിട്ടുള്ള പണിയാണോ ? ഞങ്ങൾ ഒരു അരമണിക്കൂർ ടീവി കണ്ടെന്നും പറഞ്ഞു എന്നാ ഏനക്കേട്‌ വരാനാ ?” എന്ന് ചോദിച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ചുപോയിട്ടുണ്ട് (നടക്കില്ലെന്ന് ഉറപ്പുണ്ടെങ്കിലും). പള്ളിക്കമ്മറ്റിയിലെ സകല അംഗങ്ങളും ആണുങ്ങൾ മാത്രമുള്ള ഒരിടത്ത്, കുടുംബം നന്നായില്ലെങ്കിൽ അത് സ്ത്രീകളുടെ പ്രശ്നമാണെന്ന് ആണയിട്ട് പറയുന്ന ഒരിടത്ത് അതൊക്കെ ഒരു അത്യാഗ്രഹമായിരുന്നെന്നറിയാം.

എന്നാൽ എന്റെ സൗഹൃദങ്ങളിൽ അസൂയയും ഏഷണിയുമില്ല , ഞങ്ങൾ നല്ല സുഹൃത്തുക്കളാണ് എന്ന് സ്ത്രീകൾ തന്നെ ഒന്ന് തീരുമാനിച്ചിരുന്നെങ്കിലോ ? അവർ ഒരുമിച്ചു സിനിമയ്ക്കും പിക്നിക്കിനും ഷോപ്പിങ്ങിനുമൊക്കെ പോവും. ഇടയ്ക്കെങ്കിലും ഓഫീസിൽ നിന്ന് നേരെ എക്സിബിഷനും വിരുന്നുകൾക്കും പോകും. കല്യാണപ്പന്തലുകളിൽ വളരെ സന്തോഷത്തോടെ ഇരുന്നു ഏറെ നേരം വിശേഷങ്ങൾ പറയും, വീട്ടിൽ വൈകിയേ എത്തുവെന്ന് ഭർത്താവിനെ വിളിച്ചു പറയും മകന്റെ ഹോംവർക് ഒന്ന് ചെയ്യിക്കണമെന്നും അമ്മയ്ക്കുള്ള പൊടിയരിക്കഞ്ഞി ഒന്ന് വിളമ്പിക്കൊടുക്കണമെന്നും പറയും. അതൊക്കെ കേൾക്കുന്ന ഒരു ശരാശരി പുരുഷൻറെ ഈഗോ പിഴിഞ്ഞെടുത്താൽ അതിൽ ഇഷ്ടം പോലെ അനിഷ്ടങ്ങൾ ഉണ്ടാവും. അതിനയാൾ വലിയ വിലയും കൊടുക്കേണ്ടി വരുമെന്നതിനാൽ ചില നുണുക്കുവിദ്യകൾ ആദ്യമേ അങ്ങ് പ്രയോഗിച്ചു കളയും ,” എന്തൊക്കെപ്പറഞ്ഞാലും പെണ്ണുങ്ങൾ തമ്മിലുള്ള കൂട്ടൊക്കെ കുറച്ചു കഴിയുമ്പോൾ വഴക്കാവും , അങ്ങോട്ടുമിങ്ങോട്ടും അസൂയ കൂടും, ആണുങ്ങളെപ്പോലെ ഒന്ന് വിട്ടുകൊടുക്കുന്ന സ്വഭാവം ഇവറ്റകൾക്കില്ലല്ലോ , വെറുതെ ഒരു പ്രശ്‌നത്തിന് നിക്കണ്ട , തുടക്കം മുതൽ കുറച്ചൊന്നു ഡിസ്റ്റൻസിൽ നിന്നാൽ പിന്നീട് സങ്കടപ്പെടേണ്ടി വരില്ല …” അത് തന്നെ ശരിയെന്ന് പലപ്പോഴും സമ്മതിച്ചുകൊടുക്കേണ്ടതായും വരും.

അങ്ങനെയങ്ങനെ കുറേ ചിന്തകൾ മനസ്സിൽ കൂടുമ്പോൾ സോഷ്യൽ മീഡിയക്ക് നന്ദി പറഞ്ഞു പോവും. ഇങ്ങനെയൊരു സംഗതി ഇല്ലായെങ്കിൽ ഇന്ന് കാണുന്ന സ്ത്രീസൗഹൃദങ്ങളിൽ പകുതി പോലുമുണ്ടാവില്ല , പലർക്കും. അടുത്ത് നിൽക്കാനും ചേർത്ത് നിർത്താനുമൊക്കെ സൗഹൃദങ്ങൾ വേണമെന്ന് നിർബന്ധം പിടിക്കുന്നതിനിടയിൽ “നിനക്കിപ്പോ ഫേസ്ബുക്കിൽ അഞ്ഞൂറ് ഫ്രണ്ട്‌സ് ആയോ ? അതിന്റെയൊക്കെ വല്ല ആവശ്യവുമുണ്ടോ ? ഇത് മൊത്തത്തിൽ ഒരു ഫേക്ക് വേൾഡ് ആണ് ” എന്ന് ആരെങ്കിലും വന്നൊന്ന് ഉപദേശിക്കുമ്പോൾ ചാടിക്കേറി ” ഇതൊന്നും എനിക്ക് വേണ്ട, ചേട്ടൻ മാത്രമാണ് എനിക്ക് ലോകം , എന്റെ സ്വർഗം ” എന്നും പറഞ്ഞു ഒക്കെയും അങ്ങുപേക്ഷിക്കാൻ വരട്ടെ, ചെറിയ ചില സന്തോഷങ്ങൾ നമുക്കുമാകാം.

വെറുതെ കുറെ ജോലിയെടുത്തും തോരന്റെ ഉപ്പു നോക്കിയും നാലുമണിക്ക് അലാറം വെച്ചെണീറ്റും തീർക്കാനുള്ളതല്ലല്ലോ സഖീ ഈ ജീവിതം. അതിൽ നമ്മളെ നമ്മളാക്കുന്ന ചിലയിടങ്ങൾ വേണം; ചില മനുഷ്യർ വേണം. അവർക്കും നമുക്കുമിടയിൽ മറ്റാരും കാണാത്ത നന്മകളുടെ ചില അദൃശ്യനൂലുകളും വേണം; ചിലപ്പോൾ കൂടു വിട്ടൊരു പട്ടം പോലെ എങ്ങോട്ടെന്നറിയാതെ പറക്കുമ്പോൾ, ഭൂമിയിലേക്ക് തിരികെക്കൊണ്ടുവരാൻ ആ നൂലുകൾക്കേ കഴിയൂ…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here