ബിഗ് ബി@78; അഭിനയ ജീവിതത്തിന്റെ അഞ്ചു പതിറ്റാണ്ട്

ഇന്ത്യന്‍ സിനിമയുടെ ഇതിഹാസ താരത്തിന് ഇന്ന് 78 വയസ്സ്. ഉത്തര്‍പ്രദേശിലെ അലഹബാദില്‍ ജനിച്ച ഇന്‍ക്വിലാബ് ശ്രീവാസ്തവയില്‍ നിന്ന് ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ സൂപ്പര്‍ താരമായ അമിതാഭ് ബച്ചനിലേക്കുള്ള വളര്‍ച്ച വിസ്മയിപ്പിക്കുന്നതായിരുന്നു. അഭിനയ ജീവിതത്തിന്റെ അഞ്ചു പതിറ്റാണ്ട് പിന്നിടുന്ന ബിഗ് ബി തിരസ്‌കാരങ്ങളിലൂടെ വളര്‍ന്ന സൂപ്പര്‍ താരമാണ്.

മെലിഞ്ഞു കഴുക്കോല്‍ പോലുള്ള രൂപം ഇന്ത്യന്‍ നായക സങ്കല്‍പത്തിന്റെ പരിധിക്ക് പുറത്തായിരുന്ന കാലത്തായിരുന്നു അഞ്ചു പതിറ്റാണ്ട് മുന്‍പ് സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അമിതാഭിന്റെ അരങ്ങേറ്റം. അമിതാഭിനേക്കാള്‍ പ്രാധാന്യമുള്ള വേഷത്തില്‍ മലയാള സിനിമയുടെ കാരണവരായ മധുവും ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

ചോക്കലേറ്റ് ഹീറോകള്‍ അരങ്ങു വാണിരുന്ന കാലത്ത് അര്‍പ്പണ ബോധവും ഇച്ഛാശക്തിയും ഉയരത്തോടൊപ്പം ചേര്‍ത്ത് വച്ച് അമിതാബ് ബച്ചന്‍ എന്ന നടന്‍ പടവുകള്‍ ഒന്നൊന്നായി കയറാന്‍ തുടങ്ങിയപ്പോള്‍ ബോളിവുഡിലെ പല പുരികങ്ങളും ചുളിഞ്ഞിരുന്നു.

ആദ്യ കാലങ്ങളിലെ അവഗണനകളില്‍ അടി പതറാതെ തന്റെ ഊഴവും കാത്തിരുന്ന നടനാണ് അമിതാഭ് ബച്ചന്‍. കുതിരയുടെ കഥ പറയുന്ന സിനിമയെടുക്കുമ്പോള്‍ നായകനായി പരിഗണിക്കാമെന്ന് ആക്ഷേപിച്ച നിര്‍മ്മാതാവ് പിന്നീട് കാള്‍ ഷീറ്റിനായി കാത്തു കിടന്നതും, നായികയായി നടിക്കാന്‍ വിമുഖത കാട്ടിയ നടികള്‍ നഷ്ടങ്ങളെയോര്‍ത്തു വിലപിച്ചതും അമിതാഭിന്റെ അഭിനയ ജീവിതത്തിലെ നിറം പിടിപ്പിക്കാത്ത കഥകളാണ്.

ആകാശ വാണി തിരസ്‌കരിച്ച ശബ്ദം ഇന്ത്യന്‍ സിനിമയുടെ പൌരുഷത്തിന്റെ മുഴക്കമായി മാറിയപ്പോഴേക്കും രാജ്യം കണ്ട എക്കാലത്തേയും വലിയ സൂപ്പര്‍ താരമായി ബിഗ് ബി വളരുകയായിരുന്നു.

ഇത്രയേറെ വിവാദങ്ങള്‍ പിന്തുടര്‍ന്ന മറ്റൊരു ചലച്ചിത്ര നടന്‍ ഇന്ത്യന്‍ സിനിമയില്‍ ഉണ്ടാകില്ല. സംഘര്‍ഷങ്ങളും തിരസ്‌കാരങ്ങളും നിറഞ്ഞ ജീവിതത്തില്‍ ബോളിവുഡിലെ പാപ്പരാസികളെയും അതിജീവിച്ചായിരുന്നു അമിതാഭിന്റെ സൂപ്പര്‍ താര പദവിയിലേക്കുള്ള യാത്ര .

പ്രവര്‍ത്തന മേഖലകളില്‍ ഒന്നാമനാകുക എന്നത് അമിതാഭിന്റെ പ്രത്യേകതയാണ്. സിനിമയിലും, മിനി സ്‌ക്രീനിലും, പരസ്യ മേഖലകളിലും കൂടാതെ സമൂഹ മാധ്യമങ്ങളില്‍ വരെ തിളങ്ങുന്ന പ്രതിഭയാണ് എഴുപത്തി എട്ട് വയസ്സിന്റെ ചെറുപ്പത്തില്‍ നില്‍ക്കുന്ന അമിതാഭ് ബച്ചന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News