ഇരണ്ടാം കുത്ത് വിമര്‍ശനം; ഭാരതി രാജയ്ക്ക് മറുപടിയുമായി സംവിധായകന്‍

ചെന്നൈ: അഡല്‍റ്റ് കോമഡി ചിത്രമായ ഇരണ്ടാം കുത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച മുതിര്‍ന്ന സംവിധായകന്‍ ഭാരതി രാജയ്ക്ക് മറുപടിയുമായി ചിത്രത്തിന്റെ സംവിധായകന്‍ സന്തോഷ് പി.ജയകുമാര്‍.

ഭാരതിരാജയുടെ ടിക് ടിക് എന്ന സിനിമയിലെ പാട്ടു സീന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു സന്തോഷിന്റെ മറുപടി. ഭാരതിരാജയോടുള്ള എല്ലാ ബഹുമാനത്തോടെയും ചോദിക്കട്ടെ ഇത് അദ്ദേഹത്തിന്റെ 1981 ല്‍ പുറത്തിറങ്ങിയ ടിക് ടിക് എന്ന സിനിമയുടെ പോസ്റ്ററാണ്. ഈ ചിത്രം കാണുമ്പോള്‍ നിങ്ങള്‍ക്ക് നാണം തോന്നുന്നില്ലേ? എന്നായിരുന്നു സന്തോഷ് ചോദിച്ചത്.

ചിത്രത്തിലെ നായകനായ കമലഹാസന് പിറകില്‍ ബിക്കിനി ധരിച്ച മൂന്ന് നടിമാര്‍ നില്‍ക്കുന്നതായിരുന്നു ചിത്രം. ഇതോടെ സന്തോഷിന്റെ നടപടി തനിക്ക് അപകീര്‍ത്തിയുണ്ടാക്കുന്നതാണെന്നാരോപിച്ച ഭാരതിരാജ സന്തോഷിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചു.

സിനിമയ്ക്കെതിരെ സംസ്ഥാന സര്‍ക്കാരും സെന്‍സര്‍ ബോര്‍ഡും നടപടിയെടുക്കണമെന്നും ഭാരതിരാജ ആവശ്യപ്പെട്ടു.രവി മരിയ, ചാംസ്, ഡാനിയല്‍ ആനി, ശാലു ശാമു, മീനല്‍, ഹരിഷ്മ, ആത്രികി, മൊട്ട രാജേന്ദ്രന്‍ തുടങ്ങി നിരവധി താരങ്ങളാണ് ഇരണ്ടാം കുത്തില്‍ അഭിനയിക്കുന്നത്.

ഇരുട്ട് അറയില്‍ മുരട്ട്കുത്ത് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ലൈംഗികതയുടെ അതിപ്രസരമാണ് ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകളിലും ട്രെയിലറിലും ഉള്ളത്. എന്നാല്‍ ചിത്രം ഒരു അഡല്‍റ്റ് കോമഡിയാണെന്നും താല്‍പ്പര്യമുള്ളവര്‍ മാത്രം കണ്ടാല്‍ മതിയെന്നുമാണ് ചിത്രത്തിന്റെ ആരാധകര്‍ പറയുന്നത്.

‘ഇത്രയും അശ്ലീലം തമിഴ് സിനിമയില്‍ വരുന്നതിനെ അപലപിക്കുന്നെന്നായിരുന്നു ഭാരതിരാജ നേരത്തെ നടത്തിയ പ്രതികരണം. സിനിമ കച്ചവടമാണ്. എന്നാല്‍ ഒരു പഴത്തെ പോലും വെറുപ്പുളവാക്കുന്ന അര്‍ത്ഥത്തില്‍ ആളുകളിലേക്ക് എത്തിക്കുന്നത് സങ്കടകരമാണ് അവരുടെ വീട്ടിലും സ്ത്രീകളില്ലേ, എന്നായിരുന്നു ഭാരതിരാജയുടെ പ്രതികരണം.

‘സിനിമയില്‍ ജീവിതരീതി കാണിക്കാം. പക്ഷേ അതു നേരിട്ടു കാണിക്കുന്നതിനു പകരം മറ്റു രീതിയില്‍ പറയണം. എന്നാല്‍ ഈ സിനിമ കിടപ്പറ നേരിട്ടു തെരുവിലേക്കു കൊണ്ടുവന്നതുപോലെയാണെന്നും ഭാരതിരാജ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News