ത്രിപുര ബിജെപിയില്‍ പൊട്ടിത്തെറി; ബിപ്ലബ് ദേബിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് എംഎല്‍എമാര്‍

ത്രിപുര ബിജെപിയില്‍ പൊട്ടിത്തെറി. മുഖ്യമന്ത്രി ബിപ്ലബ് ദേബിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി ഒരു വിഭാഗം എംഎല്‍എമാര്‍ രംഗത്ത്. എംഎല്‍എ മാര്‍ ബിജെപി ദേശീയ നേതൃത്വത്തെ സമീപിച്ചു.

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബുവും സംസ്ഥാന ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കളും തമ്മിലുള്ള ഗ്രൂപ്പ് പോരാണ് പൊട്ടിത്തെറിയിലേക്ക് എത്തിയത്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബിപ്ലബ് ദേബുവിനെ നീക്കണമെന്ന ആവശ്യവുമായി വിമത ഒരു വിഭാഗം ബിജെപി നേതാക്കള്‍ രംഗത്തെത്തി.

ബിപ്ലബ് കുമാറിന്റേത് ഏകാധിപത്യ ഭരണമാണെന്നും, ജനപ്രീതിയില്ലെന്നും ഭരണത്തില്‍ അനുഭവപരിചയമില്ലെന്നുമാണ് വിമത എം.എല്‍.എമാരുടെ ആരോപണം. സുദീപ് റോയ്,സുശാന്ത ചൗധരി, ആശിഷ് സാഹ, ആശിഷ് ദാസ്, ദിവ ചന്ദ്ര രങ്കല്‍, മോഹന്‍ ത്രിപുര, പരിമാള്‍ ദേബ് ബര്‍മ, റാം പ്രസാദ് പാല്‍ എന്നീ എംഎല്‍എമാരാണ് കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്. ജനവികാരം സര്‍ക്കാരിന് എതിരാണെന്നും തങ്ങള്‍ക് പിന്തുണയുമായി കൂടുതല്‍ എം എല്‍ എ മാര്‍ ഉണ്ടെന്നും വിമത എം എല്‍ എ മാര്‍ വ്യക്തമാക്കുന്നു.

ബിജെപി കേന്ദ്ര നേതൃത്വം തങ്ങള്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ വഷളാകും എന്നാണ് വിമതര്‍ മുന്നറിയിപ്പ് നല്‍കുന്നത്. എന്നാല്‍ സര്‍ക്കാരിന് ഭീഷണിയില്ലെന്ന് മുഖ്യമന്ത്രി ബിപ്ലബ് കുമാറിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ സുരക്ഷിതമാണെന്നും ഏഴോ എട്ടോ എംഎല്‍എമാര്‍ക്ക് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സാധിക്കില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് മാണിക് സാഹയും അറിയിച്ചു. 60 അംഗ ത്രിപുര നിയമ സഭയില്‍ 36 എം എല്‍ എ മാരാണ് ബിജെപിക്ക് ഉള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News