ജസ്റ്റിസ് രമണക്കെതിരായ ആരോപണം: ശക്തമായ അന്വേഷണം ആവശ്യമാണെന്ന് പ്രശാന്ത് ഭൂഷണ്‍

ദില്ലി: സുപ്രീം കോടതി ജഡ്ജ് എന്‍ വി രമണക്കെതിരെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ഉയര്‍ത്തിയ ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍.

ജസ്റ്റിസ് രമണക്കെതിരെയുള്ള ആരോപണങ്ങള്‍ ഗുരുതരമാണെന്നും അതിനാല്‍ എത്രയും വേഗം കൃത്യവും ശക്തവുമായ അന്വേഷണം ആവശ്യമാണെന്ന് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.

അടുത്ത ചീഫ് ജസ്റ്റിസാകാന്‍ സാധ്യതയുള്ള ജസ്റ്റിസ് എന്‍ വി രമണക്കെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ചക്കൊണ്ട് ജഗന്‍ മോഹന്‍ റെഡ്ഡി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേക്ക് കത്ത് നല്‍കിയിരുന്നു. ആന്ധ്രാപ്രദേശ് ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്നു എന്‍ വി രമണ.

മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി ജസ്റ്റിസ് എന്‍ വി രമണക്ക് അടുത്ത ബന്ധമാണുള്ളതെന്നാണ് കത്തില്‍ ആരോപിക്കുന്നത്. ഇവര്‍ തമ്മില്‍ അനധികൃത സ്ഥലമിടപാടുകള്‍ നടന്നതായും ജഗന്‍ മോഹന്‍ പറയുന്നു.

അമരാവതിയെ ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പ് ജസ്റ്റിസ് രമണയുടെ രണ്ട് പെണ്‍മക്കളും അമരാവതിയിലുള്ള ചിലരുമായി സ്ഥലമിടപാട് നടന്നിട്ടുണ്ടെന്നും ഇത് സംശയകരമാണെന്നും കത്തില്‍ പറയുന്നു.

ഹൈക്കോടതി ജഡ്ജിമാരുടെ റോസ്റ്ററിനെയടക്കം സ്വാധീനിച്ചുക്കൊണ്ട് ജസ്റ്റിസ് എന്‍ വി രമണ ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ പ്രവര്‍ത്തനങ്ങളെ സ്വാധീനിച്ചുവെന്നും എട്ട് പേജുള്ള കത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നു.

തെലുങ്ക് ദേശം പാര്‍ട്ടിയുമായി ബന്ധപ്പെട്ട് വിഷയങ്ങളെല്ലാം ചില പ്രത്യേക ജഡ്ജുമാരുടെ മുന്‍പിലേ എത്താറുള്ളുവെന്നാണ് ജഗന്‍ മോഹന്‍ പറയുന്നത്. ഇത്തരം സംഭവങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങളും കത്തില്‍ ഉള്‍പ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News