ഒമാനില്‍ ഇന്ന് മുതല്‍ രാത്രി കര്‍ഫ്യു: അറിയേണ്ട കാര്യങ്ങള്‍

മസ്‌കറ്റ്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒമാന്‍ സുപ്രീംകമ്മിറ്റി പ്രഖ്യാപിച്ച രാത്രി യാത്രാ വിലക്ക് ഇന്ന് നിലവില്‍ വരും. ഒക്ടോബര്‍ 24 വരെയാണ് രാത്രി യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഈ കാലയളവില്‍ രാത്രി എട്ട് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണിവരെ ആളുകള്‍ പുറത്തിറങ്ങാന്‍ പാടുള്ളതല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.രാത്രി യാത്രാ വിലക്കിന്റെ പശ്ചാത്തലത്തില്‍ പൊതുഗതാഗത സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.

മുവാസലാത്ത് ബസ് സര്‍വീസുകള്‍ ഇന്ന് മുതല്‍ മസ്‌കറ്റില്‍ വൈകീട്ട് ആറ് മണിവരെ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂ. ഇന്റര്‍സിറ്റി സര്‍വിസുകളും ഫെറി സര്‍വിസുകളും വൈകീട്ട് ആറു മണിക്ക് ലക്ഷ്യ സ്ഥാനത്ത് എത്തുന്ന വിധത്തില്‍ സമയക്രമം പുനഃക്രമീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

സമയക്രമത്തെക്കുറിച്ച് വിശദ വിവരങ്ങള്‍ കമ്പനിയുടെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ ലഭ്യമാകും. ബസ് സര്‍വിസുകളെ കുറിച്ച വിവരങ്ങള്‍ക്ക് 24121500/ 24121555 എന്നീ നമ്പറുകളിലും ഫെറി സര്‍വിസിനെ കുറിച്ച വിവരത്തിന് 80072000 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

രാത്രി കര്‍ഫ്യു പ്രഖ്യാപിച്ച സമയത്ത് കടകളും പൊതുസ്ഥലങ്ങളും അടച്ചിടണമെന്നും നിര്‍ദേശമുണ്ട്. വ്യാപാര, വാണിജ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയവും ക്രമീകരിച്ചിട്ടുണ്ട്. സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും എട്ടുമണിയോടെ താമസ സ്ഥങ്ങളില്‍ എത്താന്‍ കഴിയുന്ന വിധത്തിലുള്ള ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ മുഹമ്മദ് ബിന്‍ സഈദ് അല്‍ യഹ്യ പറഞ്ഞു.

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഒമാനില്‍ ഇത് രണ്ടാം തവണയാണ് രാത്രി യാത്രാ വിലക്ക് ഏര്‍പ്പെടുത്തുന്നത്. നേരത്തെ ജൂലൈ 25 മുതല്‍ ഓഗസ്റ്റ് 8 വരെയായിരുന്നു കര്‍ഫ്യു ഏര്‍പ്പെടുത്തിയത്. അന്ന് വൈകീട്ട് ഏഴുമണി മുതല്‍ രാവിലെ ആറു മണിവരെയായിരുന്നു യാത്രാ വിലക്ക് ഏര്‍പ്പെടത്തിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here