കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഒക്ടോബർ 15 വരെ കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

ഒക്ടോബർ 13 വരെ കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പും 14, 15 തിയതികളിൽ ഇടിമിന്നൽ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. 7 മുതൽ 11സെന്റിമീറ്റർ മഴയാണ് ശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്ന ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നത്.

ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് അടുത്ത മൂന്ന് ദിവസവും കേരളത്തിലെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങളും അധികൃതരും ജാഗ്രത പാലിക്കണമെന്നാണ് യെല്ലോ അലർട്ട് കൊണ്ട് അർത്ഥമാക്കുന്നത്.

*11-10-2020 : ഇടുക്കി,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർഗോഡ്.*
*12-10-2020 : ഇടുക്കി,തൃശ്ശൂർ,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർഗോഡ്.*
*13-10-2020 : ഇടുക്കി,തൃശ്ശൂർ,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർഗോഡ്.*

ഇന്ന് ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുളള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നത്.

ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതല്‍. മലയോര മേഖലയിലുളളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്.

അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കണമെന്നും ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.

പൊതുനിര്‍ദേശങ്ങള്‍

– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.

– മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.

– ജനലും വാതിലും അടച്ചിടുക.

– ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.

– ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.

– ഇടിമിന്നലുള്ള സമയത്ത്‌ കുളിക്കുന്നത്‌ ഒഴിവാക്കുക.

– കഴിയുന്നത്ര ഗൃഹാന്തർ ഭാഗത്ത്‌ ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.

– ഇടിമിന്നലുള്ള സമയത്ത്‌ ടെറസ്സിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.

– വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌.

– വാഹനത്തിനുള്ളിൽ ആണങ്കിൽ തുറസ്സായ സ്ഥലത്ത്‌ നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.

– ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല.

– പട്ടം പറത്തുവാൻ പാടില്ല.

– തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.

– ഇടിമിന്നലുള്ള സമയം പുറത്ത്‌ അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക.

– ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ്‌ പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.
മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്‌

– വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തെക്ക് പോകരുത്

കഴിഞ്ഞ 24 മണിക്കൂറിൽ പരമാവധി താപനില കണ്ണൂരിൽ മാത്രമാണ് ഉയർന്നത്. കേരളത്തിൽ മറ്റിടങ്ങളിൽ കാര്യമായ മാറ്റമില്ല. ആലപ്പുഴയിലും പുനലൂരിലുമാണ് കഴിഞ്ഞ മണിക്കൂറുകളിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്, 32 ഡിഗ്രി സെൽഷ്യസ്. വെള്ളനിക്കരയിൽ ഏറ്റവും താഴ്ന്ന താപനിലയും രേഖപ്പെടുത്തി, 22 ഡിഗ്രി സെൽഷ്യസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News