ഡിവൈഎഫ്‌ഐ സമരോര്‍ജത്തിന്റെ പ്രതീകം , കൊലപാതക രാഷ്ട്രീയത്തിനെതിരെ കാഹളമുയരണമെന്ന് എം മുകുന്ദന്‍

ഡിവൈഎഫ്‌ഐ എന്നും സമരോര്‍ജത്തിന്റെ പ്രതീകമാണെന്ന് എഴുത്തുകാരന്‍ എം മുകുന്ദന്‍. കേരളത്തിന്റെ സമരകാഹളമായി അവരുടെ ശബ്ദം ഒരിക്കല്‍ക്കൂടി മുഴങ്ങുകയാണ്. കോവിഡ് കാലത്തെ കൊലപാതക രാഷ്ട്രീയത്തിനെതിരെയാണതെന്നും ഡിവൈഎഫ്ഐയുടെ ‘കൊല അരുത് ‘ ക്യാമ്പയിനെ പിന്തുണച്ച് അദ്ദേഹം പറഞ്ഞു.

കോവിഡ് ഉയര്‍ത്തുന്ന ആശങ്കയിലും ഭയത്തിലും നാട് ശ്വാസംമുട്ടുകയാണ്. മികച്ച പ്രവര്‍ത്തനത്തിലൂടെ ലോക ശ്രദ്ധയാകര്‍ഷിച്ച സര്‍ക്കാരിനൊപ്പം നിന്ന് നാമെല്ലാവരും കോവിഡിനെതിരായ പോരാട്ടത്തില്‍ പങ്കാളികളാകണം. എന്നാല്‍, ചിലര്‍ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ബോധപൂര്‍വം ഈ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയാണ്. സമൂഹത്തിലെ സമാധാനം തകര്‍ക്കാനാണ് ശ്രമം.

മഹാമാരി മൂര്‍ച്ഛിച്ചുവരുന്ന അവസരത്തില്‍ നാല് കൊലപാതകങ്ങളാണ് അവര്‍ നടത്തിയത്. ഏറ്റവുമൊടുവില്‍ കൊല്ലപ്പെട്ട സനൂപ് എന്ന യുവനേതാവ് പട്ടികജാതി വിഭാഗത്തില്‍പെട്ട ഒരു പാവം കുടുംബത്തിന്റെ നെടുംതൂണായിരുന്നു.

അടുത്ത ദിവസം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിതരണത്തിനുള്ള പൊതിച്ചോര്‍ ഏര്‍പ്പാടാക്കി മടങ്ങുമ്പോഴാണ് യുവാവിന്റെ നെഞ്ചില്‍ കൊലക്കത്തി ആഴ്ന്നിറങ്ങിയത്. പൊതിച്ചോറ് തയ്യാറായി. വിളമ്പാന്‍ സനൂപുണ്ടായില്ല. സനൂപ് വധത്തിലൂടെ സമൂഹത്തിലെ നന്മയും കാരുണ്യവും ഊതിക്കെടുത്താനാണ് കൊലയാളികള്‍ ശ്രമിച്ചത്. പക്ഷെ, ഒരു പോരാളിയെ ഇല്ലായ്മ ചെയ്യുമ്പോള്‍ നൂറ് പുതിയ പോരാളികള്‍ ഉയര്‍ത്തെഴുന്നേല്‍ക്കും.

അഞ്ചുദിവസം കഴിഞ്ഞ് ഒക്ടോബര്‍ 10ന് വിശക്കുന്നവര്‍ക്ക് ഭക്ഷണമെത്തിക്കുന്ന ‘ലോക ഭക്ഷ്യ പദ്ധതിയ്ക്ക് ‘ (ഡബ്ല്യുഎഫ്പി) സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു. വിശക്കുന്നവന് ഭക്ഷണപ്പൊതിയുമായെത്തുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടേത് മഹനീയമായ പ്രവര്‍ത്തനമാണ്.

സമാധാനം ആഗ്രഹിക്കുന്നവരാണ് നമ്മള്‍. കൊലപാതകം ഒരു പ്രശ്‌നത്തിനും പരിഹാരമല്ലെന്ന മാനവികതയിലൂന്നിയ സന്ദേശം പ്രചരിപ്പിക്കുന്ന ഡിവൈഎഫ്‌ഐയെ അനുമോദിക്കുന്നു. സംരംഭത്തിന് വിജയമാശംസിക്കുന്നു- മുകുന്ദന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News