യെദ്യൂരപ്പയുടെ ചെറുമകന് കോഴ 5 കോടി; പണമെത്തിയത് കൊല്‍ക്കത്തയിലെ ഏഴ് കമ്പനിയില്‍ നിന്ന്

കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബി എസ് യെദ്യൂരപ്പയുടെ ചെറുമകന്‍ ശശിധര്‍ മാര്‍ഡിയുടെ കമ്പനികളിലേക്ക് കടലാസ് കമ്പനികളില്‍ നിന്നെത്തിയത് അഞ്ചുകോടി രൂപ. ബംഗളൂരുവില്‍ 660 കോടിയുടെ സര്‍ക്കാര്‍ ഭവന പദ്ധതിയുടെ നിര്‍മാണ അനുമതി കിട്ടാന്‍ ആര്‍സിസിഎല്‍ എന്ന സ്വകാര്യ കമ്പനി നല്‍കിയ കോഴയാണിതെന്ന പ്രാദേശികചാനലായ പവര്‍ ടിവി റിപ്പോര്‍ട്ട് സ്ഥിരീകരിച്ച് ദേശീയമാധ്യമങ്ങളും.

യെദ്യൂരപ്പ വീണ്ടും അധികാരത്തില്‍ എത്തിയ 2019 ജൂലൈയ്ക്കുശേഷമാണ് ശശിധര്‍ മാര്‍ഡിയുടെ രണ്ട് കമ്പനിയിലേക്ക് കൊല്‍ക്കത്തയിലെ ഏഴ് കടലാസ് കമ്പനിയില്‍നിന്ന് പണമെത്തിയത്. ബാങ്ക് രേഖകള്‍ ചാനല്‍ പുറത്തുവിട്ടിരുന്നു. യെദ്യൂരപ്പയുടെ മകള്‍ ബി വൈ പത്മാവതിയുടെ മകന്‍ ശശിധര്‍ ഡയറക്ടറായ ബെല്‍ഗ്രാവിയ എന്റര്‍പ്രൈസസ്, വിഎസ്എസ് എസ്റ്റേറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികള്‍ക്ക് ഒരേ മേല്‍വിലാസമാണുള്ളത്. ഈ കമ്പനികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 2020 മാര്‍ച്ചിനും ജൂലൈയ്ക്കും ഇടയില്‍ 5.35 കോടി രൂപയെത്തി. ഈ തുക കൈമാറിയ കൊല്‍ക്കത്ത കമ്പനികള്‍ നല്‍കിയിട്ടുള്ള മേല്‍വിലാസത്തില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പണം കൈമാറുന്നതിന് രൂപീകരിച്ച കടലാസ് കമ്പനികളാണിവ.

ഭവനപദ്ധതിയുടെ നിര്‍മാണ അനുമതിക്ക് ബംഗളൂരു വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയുടെ വിശദാംശം ചാനല്‍ നേരത്തെ പുറത്തുവിട്ടിരുന്നു. യെദ്യൂരപ്പയുടെ മകനും ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റുമായ ബി വൈ വിജയേന്ദ്ര ആര്‍സിസിഎല്ലില്‍നിന്ന് 17 കോടി ആവശ്യപ്പെട്ടതിന്റെ ശബ്ദ, വീഡിയോ ടേപ്പുകളും പുറത്തുവന്നിരുന്നു. പിന്നാലെ കര്‍ണാടക പൊലീസ് ചാനല്‍ റെയ്ഡ് ചെയ്ത് സംപ്രേക്ഷണം മുടക്കി.

ചന്ദ്രകാന്ത് രാമലിംഗം ഡയറക്ടറായ ആര്‍സിസിഎല്ലിന് 2019 ഏപ്രിലില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരാണ് പദ്ധതി അനുവദിച്ചത്. അന്തിമ നിര്‍മാണ കരാറിന് കാത്തിരിക്കെയാണ് ബിജെപി അധികാരത്തിലെത്തിയത്. പവര്‍ടിവിയുടെ ആരോപണങ്ങള്‍ വ്യാജമാണെന്ന് അവകാശപ്പെട്ട് ചന്ദ്രകാന്ത് രം?ഗത്തെത്തി. ഗുരുതര അഴിമതിയാണ് നടന്നതെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here