സന്തോഷമുണ്ട് ഒപ്പം ആശങ്കയും ഏ‍ഴുമാസത്തിന് ശേഷമു‍ള്ള ഷൂട്ടിംഗ് യാത്രയുടെ ചിത്രങ്ങള്‍ പങ്കുവച്ച് നാദിയ മൊയതു

കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ മാസങ്ങളായി സ്തംഭനാവസ്ഥയിൽ ആയിരുന്ന സിനിമാ ഇൻഡസ്ട്രി പതിയെ സജീവമാകുകയാണ്. കോവിഡിനൊപ്പം ശ്രദ്ധയോടെയും മുൻകരുതലുകളോടെയും മുന്നോട്ട് നടക്കുകയാണ് ലോകം. മാസങ്ങളായി വീടുകളിൽ ഒതുങ്ങി കഴിയുന്ന താരങ്ങളും ഷൂട്ടിംഗിനായി പുറത്തിറങ്ങി തുടങ്ങി. നടി നദിയ മൊയ്തുവിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

‘ആശങ്കയുണ്ട്, സന്തോഷവും.’ ഏഴു മാസങ്ങള്‍ക്ക് ശേഷം ഷൂട്ടിംഗിനായി യാത്ര പുറപ്പെടുന്ന ചിത്രം പങ്കു വച്ച് നടി നദിയ മൊയ്തു കുറിക്കുന്നതിങ്ങനെ. കോവിഡ് മുന്‍കരുതലിന്റെ ഭാഗമായ ‌ഫേസ് ഷീല്‍ഡ്, മാസ്ക്, എന്നിവ ധരിച്ചു കൊണ്ട് ഏറോബ്രിഡ്ജിലൂടെ നടക്കുന്ന ചിത്രമാണ് നദിയ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ ചേര്‍ത്തിരിക്കുന്നത്.

ലോക്ക്‌ഡൗൺ കാലം കുടുംബത്തിനൊപ്പം ഫലപ്രദമായി ചെലവഴിക്കുകയായിരുന്നു നദിയ. ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാനും കുക്കിംഗ് പരീക്ഷണത്തിനുമൊക്കെയാണ് നദിയ കൂടുതൽ സമയം നീക്കിവച്ചത്. വിശേഷങ്ങളും തന്റെ പാചകപരീക്ഷണങ്ങളുമൊക്കെ നദിയ ആരാധകരുമായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.

മകൾക്കും ഭർത്താവിനുമൊപ്പമുള്ള ഒരു വീഡിയോയും നദിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചിരുന്നു. സകുടുംബം കാരറ്റ് കേക്ക് ഉണ്ടാക്കുകയാണ് നദിയ. നദിയയെ സഹായിച്ച് ഭർത്താവും മകളുമെല്ലാം കൂടെയുണ്ട്.

തെന്നിന്ത്യൻ ഭാഷകളിലും തിളക്കമേറിയ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും നദിയ മലയാളിക്ക് എന്നും പ്രിയപ്പെട്ട ഗേളിയാണ്. ജെജെ സ്കൂൾ ഓഫ് ആർട്സിൽ പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഫാസില്‍ സംവിധാനം ചെയ്ത ‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്’ എന്ന ചിത്രത്തിലൂടെ നദിയ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.

1988 ൽ വിവാഹം കഴിഞ്ഞ് കുടുംബജീവിതത്തിൽ ഒതുങ്ങികൂടിയ നദിയ പത്തുവർഷങ്ങൾക്ക് ശേഷം അഭിനയത്തിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു. എം.കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി’ എന്ന ചിത്രത്തിലൂടെയായിരുന്നു നദിയയുടെ രണ്ടാം വരവ്. ‘നീരാളി’ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി മലയാളത്തിലും ഒരിടവേളയ്ക്കു ശേഷം നദിയ അഭിനയിച്ചിരുന്നു.

ശിരീഷ് ഗോഡ്ബോലെയാണ് നദിയയുടെ ഭർത്താവ്. സനം, ജന എന്നിങ്ങനെ രണ്ടു പെൺകുട്ടികളാണ് ഈ ദമ്പതികൾക്ക് ഉള്ളത്. ഏറെനാൾ അമേരിക്കയിലും യുകെയിലുമൊക്കെയായിരുന്ന നദിയ ഇപ്പോൾ ഭർത്താവിനും കുടുംബത്തിനുമൊപ്പം ചെന്നൈയിൽ താമസിക്കുകയാണ്. കഴിഞ്ഞ ദിവസം ലോക്ക്‌ഡൗൺ കാല വിശേഷങ്ങൾ പങ്കിടാൻ നദിയ ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തിന്റെ ഫേസ്ബുക്ക് ലൈവിലും അതിഥിയായി എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel