തിരുവനന്തപുരം: നല്ല സൗകര്യമുള്ള സ്‌കൂളുകളില്‍ പഠിക്കുക എന്നത് ചില ഭാഗ്യവാന്മാര്‍ക്ക് മാത്രം പറ്റുന്നുവെന്ന കാര്യമെന്ന നിലയില്‍ നിന്നും പാവപ്പെട്ടവനും സാധ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഗ്രാമപ്രദേശങ്ങളിലെ സ്‌കൂളുകള്‍ പോലും ലോകത്തിലെ ഏറ്റവും സൗകര്യമുള്ള സ്‌കൂളുകളോട് കിടപിടിക്കുന്ന തരത്തിലേക്ക് മാറി വരുന്നത് ഇതിന്റെ ഭാഗമാണ്. ഒരു നാടിന് തന്നെയാണ് ഇതിന്റെ ഗുണം ലഭിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയിലെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറിയതിന്റെ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഒന്ന് മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകള്‍ക്കായി 3,74,270 ഹൈടെക് ഉപകരണങ്ങള്‍ നല്‍കി കഴിഞ്ഞു. എട്ട് മുതല്‍ പ്ലസ്ടുവരെ 45,000 ഹൈടെക് ക്ലാസ് മുറികളും സാധ്യമായി. നേട്ടങ്ങളെല്ലാം ഞങ്ങള്‍ക്ക് മാത്രമാണുള്ളത് എന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ചിലത് മറ്റുള്ളവരും ചെയ്തിട്ടുണ്ടാവാം. അത് പൂര്‍ത്തിയാക്കാന്‍ ഈ സര്‍ക്കാരിനും കഴിഞ്ഞു. ഇത് നാടിന്റെ നേട്ടമായി കാണണം. നേടിയ നേട്ടങ്ങള്‍ മറച്ച് വെക്കാന്‍ ശ്രമിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ യജ്ഞത്തില്‍ നാടിന്റെ പങ്കാളിത്തം ഉണ്ടാവുകയെന്നതാണ് സര്‍ക്കാര്‍ ഉറപ്പാക്കിയത്. അങ്ങനെയാണ് മിഷന്റെ യഥാര്‍ഥ നേതൃത്വം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയത്. അതിലൂടെ അടച്ചൂപൂട്ടപ്പെട്ട സ്‌കൂളുകള്‍ വീണ്ടും ഉയര്‍ന്ന് വന്നു. മറ്റ് സ്‌കൂളുകള്‍ പോലെ സര്‍ക്കാര്‍ സ്‌കൂളും മാറി. കേരളത്തിലെ പൊതു വിദ്യാഭ്യാസം നേരത്തെ തന്നെ ശക്തിപ്പെട്ടത് രാജ്യവും ലോകവും അംഗീകരിച്ചതാണ്. ലോകത്തെ ഏറ്റവും മികവുറ്റ സ്‌കൂളിന്റെ സൗകര്യം കേരളത്തിലുണ്ടായി. ഇത് അക്കാദമിക തലത്തിലടക്കം വലിയ മാറ്റമുണ്ടാക്കിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
1.19 ലക്ഷം ലാപ്ടോപ്പുകളും 69,944 പ്രൊജക്ടറുകളും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ മൊത്തമായി വാങ്ങിയതോടെ നിരക്ക് പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞു. ഉപകരണങ്ങള്‍ക്കെല്ലാം അഞ്ച് വര്‍ഷത്തെ വാറണ്ടി ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പദ്ധതിയുടെ ഭാഗമായി 4752 സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ എട്ടുമുതല്‍ 12 വരെയുള്ള 45,000 ക്ലാസ്മുറികള്‍ ഹൈടെക് ആയി. 11,275 എല്‍.പി, യു.പി സ്‌കൂളില്‍ ഹൈടെക് ലാബുകള്‍ ഒരുക്കി. 12678 സ്‌കൂളുകളില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യവും ഏര്‍പ്പെടുത്തി.
Get real time update about this post categories directly on your device, subscribe now.