‘ഉത്തരവാദിത്തമില്ലാത്ത മാധ്യമപ്രവര്‍ത്തനം’; പരാതിയുമായി ഷാരൂഖും സല്‍മാനും ആമിറും അടക്കമുള്ള ബോളിവുഡ് താരങ്ങള്‍

‘ഉത്തരവാദിത്തമില്ലാത്ത മാധ്യമപ്രവര്‍ത്തനം’ നടത്തുന്ന മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെ പരാതിയുമായി ബോളിവുഡ് താരങ്ങളും സംവിധായകരും രംഗത്ത്.

നടന്‍ സുശാന്ത് സിംഗിന്റെ മരണത്തിന് ശേഷം ബോളിവുഡിനെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച പശ്ചാത്തലത്തിലാണ് പരാതിയുമായി ബോളിവുഡ് സംവിധായകരടക്കമുള്ളവര്‍ മാധ്യമങ്ങള്‍ക്കെതിരെ രംഗത്തെത്തിയത്. ഇതു സംബന്ധിച്ച ഹര്‍ജി ദില്ലി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതായാണ് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തത്.

കരണ്‍ ജോഹര്‍, യാഷ് രാജ്, ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍ എന്നിവരുടെ നിര്‍മ്മാണ കമ്പനികളും ബോളിവുഡിലെ 34 നിര്‍മ്മാതാക്കളും ചേര്‍ന്നാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. റിപ്പബ്ലിക് ടിവി ഉടമസ്ഥന്‍ അര്‍ണബ് ഗോസ്വാമി, ടൈംസ് നൗവിലെ രാഹുല്‍ ശിവശങ്കര്‍, നവിക കുമാര്‍ എന്നിവര്‍ക്കെതിരെയാണ് ഹരജി നല്‍കിയിരിക്കുന്നത്.

ബോളിവുഡ് സംവിധായകര്‍ക്കും താരങ്ങള്‍ക്കുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയും അത് പ്രസിദ്ധീകരിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. സമൂഹത്തിലെ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ക്കെതിരെ നടത്തുന്ന മാധ്യമ വിചാരണകള്‍ ഇത്തരം ചാനലുകളില്‍ സംപ്രേക്ഷണം ചെയ്തിരുന്നുവെന്നും ഇത് തങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി പരിഗണിച്ച് നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്.

നേരത്തെ ടി.ആര്‍.പി റേറ്റിങ്ങില്‍ തട്ടിപ്പ് നടത്തിയ അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വിയുള്‍പ്പെടെയുള്ള ചാനലുകള്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ രംഗത്തെത്തിയിരുന്നു. ബിഗ് ബോസ് 14 ന്റെ വീക്കെന്‍ഡ് എപ്പിസോഡില്‍ മത്സരാര്‍ത്ഥികളോട് സംസാരിക്കവേയായിരുന്നു സല്‍മാന്റെ പ്രതികരണം. ഇപ്പോള്‍ ചെയ്യുന്ന കാര്യം അവര്‍ ഇനിയും തുടരുകയാണെങ്കില്‍ ചാനലുകള്‍ അടച്ചുപൂട്ടേണ്ടി വരുമെന്നായിരുന്നു സല്‍മാന്‍ ഖാന്‍ പറഞ്ഞത്.

റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ചാനലുകള്‍ റേറ്റിങില്‍ കൃത്രിമത്വം കാണിച്ചെന്ന മുംബൈ പൊലീസിന്റെ കണ്ടെത്തല്‍ വിവാദമായിരുന്നു. റിപബ്ലിക്ക് ടി.വിയെ കൂടാതെ ഫക്ത് മറാത്തി, ബോക്‌സ് സിനിമ എന്നീ രണ്ട് മറാത്തി ചാനലുകള്‍ക്കെതിരെയാണ് പൊലീസ് നടപടി എടുത്തത്.

ചാനലുകളുടെ റേറ്റിങ് നിശ്ചയിക്കുന്ന ബാര്‍ക് മീറ്റര്‍ സ്ഥാപിച്ചിട്ടുള്ള വീടുകളില്‍ ചെന്ന് റിപബ്ലിക് ടിവി കാണാന്‍ ആളുകള്‍ക്ക് മാസം 400 രൂപ വീതം പണം വാഗ്ദാനം ചെയ്‌തെന്നാണ് മുംബൈ പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News