അറപ്പ് തോന്നുന്ന, നാണമില്ലാത്ത വിഡ്ഢിയെ കാണൂ… ഇടവേള ബാബു. അമ്മ എന്ന് വിളിക്കുന്ന ക്ലബിന്റെ ജനറൽ സെക്രട്ടറി’ ; ഇടവേള ബാബുവിനെതിരെ പരിഹാസത്തിൽ കലർന്ന വിമർശനവുമായി പാർവതി

കൊവിഡ് പശ്ചാത്തലത്തിൽ പ്രമുഖ താരങ്ങളെ അണിനിരത്തി താരസംഘടനയായ അമ്മ നിര്‍മ്മിക്കുന്ന പുതിയ സിനിമയില്‍ ഭാവനയുണ്ടാകുമോ എന്നുള്ള ചോദ്യത്തിന് മരിച്ച് പോയവരെയും രാജിവെച്ചവരേയും തിരിച്ച് കൊണ്ടുവരാനാകില്ലെന്ന് പ്രതികരിച്ച അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെ പരിഹസിച്ച് നടി പാര്‍വതി തിരുവോത്ത്.അമ്മയുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന പുതിയ മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ നടി ഭാവന അംഗമാവില്ലെന്ന് ഇടവേള ബാബു പറഞ്ഞിരുന്നു. ദിലീപ് മുന്‍പ് നിര്‍മ്മിച്ച മള്‍ട്ടി സ്റ്റാര്‍ ചിത്രം ട്വന്റി ട്വന്റിയില്‍ പ്രധാന കഥാപാത്രമായി ഭാവനയുണ്ടായിരുന്നു. എന്നാല്‍ പുതിയ ചിത്രത്തില്‍ നിലവിലെ സാഹചര്യത്തില്‍ ഭാവനയുണ്ടാകില്ലെന്നും അംഗത്വമില്ലാത്തതാണ് ഇതിന് കാരണമെന്നുമാണ് ഇടവേള ബാബു പറഞ്ഞിരുന്നത്.

ചാനൽ അഭിമുഖത്തിൽ ഇത്തരത്തിലൊരു വിവാദപരാമർശം നടത്തിയ ഇടവേള ബാബുവിനെതിരെ രൂക്ഷ വിമർശനവുമായി നടി പാർവതി തിരുവോത്ത്. സോഷ്യൽ മീഡിയയിലാണ് പാർവതി ഇടവേള ബാബുവിനെതിരെ പരിഹാസത്തിൽ കലർന്ന വിമർശനവുമായി എത്തിയത്.

അറപ്പ് തോന്നുന്ന, നാണമില്ലാത്ത വിഡ്ഢിയെ കാണൂ… ഇടവേള ബാബു. അമ്മ എന്ന് വിളിക്കുന്ന ക്ലബിന്റെ ജനറൽ സെക്രട്ടറി’ എന്നാണ് പാർവതി കുറിച്ചത്.

സ്റ്റാറ്റസിൽ അടുത്തതായി ഭാവന അമ്മ സിനിമയിൽ ഉണ്ടാകില്ലെന്ന് ചാനലിൽ ഇടവേള ബാബു പറയുന്ന ഭാഗത്തിന്റെ വീഡിയോ ക്ലിപ്പും ചേർത്തിട്ടുണ്ട്. ഇടവേള ബാബുവിന്റെ വിവാദ പരാമർശത്തിനു ശേഷം സിനിമാമേഖലയിൽ നിന്ന് ആദ്യമായാണ് ഒരാൾ ഇതിനെതിരെ രംഗത്തെത്തിയത്.

‘ഇപ്പോൾ ഭാവന അമ്മയിലില്ല, അത്രയേ എനിക്ക് പറയാൻ കഴിയുകയുള്ളൂ’ എന്നായിരുന്നു ഇടവേള ബാബു പറഞ്ഞത്. മരിച്ചു പോയവരെ തിരിച്ചു കൊണ്ടുവരാൻ പറ്റില്ലല്ലോയെന്നും അമ്മയിലുള്ളവരെ വച്ച് അഭിനയിപ്പിക്കേണ്ടി വരുമെന്നും ഇടവേള ബാബു പറഞ്ഞു. അമ്മയിൽ അംഗത്വമില്ലാത്തതിനാൽ ഭാവനയെ പുതിയ സിനിമയിൽ അഭിനയിപ്പിക്കാൻ കഴിയില്ലെന്നും ഇടവേള ബാബു പറഞ്ഞു. ഇതാണ് വിവാദമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe