എനിക്ക് പുച്ഛമല്ല, സഹതാപമാണ് തോന്നുന്നത്.ഇടവേള ബാബു നടത്തിയ പരാമര്‍ശം അസംബന്ധമെന്ന് സംവിധായക വിധു വിന്‍സെന്റ്

നടി ഭാവനയെ മരിച്ചവരുമായി താരതമ്യം ചെയ്ത് കൊണ്ട് ഒരു മാധ്യമത്തിൽ ഇടവേള ബാബു നടത്തിയ പരാമര്‍ശം അസംബന്ധമെന്ന് സംവിധായക വിധു വിന്‍സെന്റ്. അദ്ദേഹത്തിന്റെ ഈ അഭിപ്രായപ്രകടനം അമ്മ സംഘടനയ്ക്ക് എത്രത്തോളം ആഘാതമുതമുണ്ടാക്കുമെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും സംഘടനയ്ക്ക് അകത്തുള്ളവര്‍ ഇതിനെക്കുറിച്ച് അഭിപ്രായം വ്യക്തമാക്കുകയാണ് വേണ്ടതെന്നും വിധു വിന്‍സെന്റ്.

‘ആലങ്കാരികമായി പറഞ്ഞതാണെങ്കിലും അല്ലെങ്കിലും ഇടവേളബാബുവിന്റേത് അസ്ഥാനത്തിലും അനവസരത്തിലുമുള്ള അഭിപ്രായപ്രകടനമായിപ്പോയി. പരാമര്‍ശം ഈ സംഘടനയ്ക്ക് എത്ര ആഘാതമുണ്ടാകുമെന്ന് അദ്ദേഹത്തിന് ബോധ്യമാകുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. സംഘടനയില്‍ നിന്നും രാജവെച്ചവരൊക്കെ സംഘടനയ്ക്ക് മരിച്ചുപൊയവരാണോ എന്ന ചോദ്യമാണ് ഇവിടുത്തെ പ്രധാനപ്രശ്‌നം. സംഘടനയുടെ തലപ്പത്തിരിക്കുന്നയാള്‍ നടത്തിയ വലിയൊരു അസംബന്ധമാണിത്.

ഊര്‍ജസ്വമായ സംവാദങ്ങല്‍ സംഘടനയ്ക്ക് പുറത്തുള്ളവരുമായി നടത്താന്‍ സംഘടനയ്ക്ക് കെല്‍പ്പുണ്ടാകണമായിരുന്നു. സംഘടനയില്‍ നിന്ന് രാജിവെച്ചവര്‍ തങ്ങളുടെ സിനിമയില്‍ ഉണ്ടാകില്ലെന്ന് അദ്ദേഹം ഒഴുക്കിന് പറഞ്ഞുപോകുകയാണ്. ഈ പരാമര്‍ശത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ മറ്റുള്ള അംഗങ്ങളോട് എഴുതി വാങ്ങുകയാണ് വേണ്ടത്. സിനിമ എന്ന പ്രസ്ഥാനത്തക്കുറിച്ച,് അതിനുള്ളിലെ ചെറുതും വലുതുമായ സംഘടനകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് സിനിമയിലുള്ളവര്‍ എന്താണ് കരുതുന്നത്?കൊവിഡ് കാലത്ത് തൊഴിലില്ലാതായിപ്പോയവരെ സഹായിക്കേണ്ട അമ്മ എന്ന സംഘടനയുടെ ഉദ്ദേശശുദ്ധിയെതന്നെയാണ് ചോദ്യം ചെയ്യപ്പെടുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനത്തോട് എനിക്ക് പുച്ഛമല്ല, സഹതാപമാണ് തോന്നുന്നത്. അദ്ദേഹത്തിന് ഇനി പരമാവധി ചെയ്യാനാകുന്നത് എന്റെ നാക്കിന് പറ്റിയ പിഴയാണ് എന്ന് പറഞ്ഞുകൊണ്ട് സാംസ്‌കാരിക കേരളത്തോട് അദ്ദേഹം മാപ്പുപറയുക മാത്രമാണ്.

മോഹന്‍ലാല്‍ അടക്കമുള്ളവര്‍ എന്താണ് പറയുന്നതെന്ന് അറിയാന്‍ സാംസ്‌കാരിക കേരളത്തിന് താല്‍പ്പര്യമുണ്ട്. സംഘടനയില്‍ നിന്നുകൊണ്ട് അതിനെ നവീകരിക്കാമെന്ന് കരുതിയ പാര്‍വ്വതി, രേവതി എന്നിവരടക്കമുള്ളവരുടെ വിശ്വാസത്തെ തളര്‍ത്തുന്നതാണ് ഈ പരാമര്‍ശം. സംഘടനയ്ക്ക് പുറത്തുള്ളവരല്ല അതിനകത്തുള്ളവരാണ് ഇതിനെതിരെ പ്രതികരിക്കേണ്ടത്’. വിധു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe