
പ്രകടനപത്രികയില്‍ പറഞ്ഞ അറുനൂറ് വാഗ്ദാനങ്ങളില്‍ 30 എണ്ണം ഒഴികെ ബാക്കിയെല്ലാം പൂര്‍ത്തികരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 100 ദിവസം കൊണ്ട് പൂര്‍ത്തികരിക്കാന്‍ ഉദേശിക്കുന്ന 100 ഇന കര്‍മ്മപരിപാടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നുവെന്നും മുഖ്യമന്ത്രി.സംസ്ഥാന സർക്കാരിന്‍റെ വികസന നേട്ടങ്ങൾ” എന്ന വിഷയത്തില്‍ ഇ എം എസ് അക്കാദമി സംഘടിപ്പിക്കുന്ന മന്ത്രിമാരുടെ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
.
കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് പ്രകടന പത്രികയില്‍ മുന്നോട്ട് വെച്ച 600 വാഗ്ദാനങ്ങളില്‍ കേവലം 30 എണ്ണം ഒഴികെ മറ്റെല്ലാം പൂര്‍ത്തീകരിച്ചുവെന്ന അഭിമാനത്തോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഐഎം കേരള എന്ന യുട്യൂബ് ചാനലിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തത്.
ഇന്നലെ സഞ്ചരിച്ച പാതയെ അതേപോലെ പിന്തുടരുക എന്നതല്ല, പുതിയ വെല്ലുവിളികളെ നേരിട്ട് നവകേരളം കെട്ടിപ്പടുക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പരിശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഓഖി, പ്രളയം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെയും നിപ്പ, കോവിഡ് 19 പോലുള്ള മഹാമാരികളെയും നേരിട്ടുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. അവസാനം പ്രഖ്യാപിച്ച 100 ഇന കര്‍മ്മ പദ്ധതികള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുന്നു.
ഭക്ഷണം കിട്ടാത്ത ഒരു മനുഷ്യനും സംസ്ഥാനത്ത് ഉണ്ടാകാന്‍ പാടില്ലെന്ന നിലപാടോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. കേരള വികസനത്തിന്‍റെ പ്രധാന ദൗര്‍ബല്യം ആധുനികകൃഷിയും പുതിയ വ്യവസായങ്ങളും വളരുന്നില്ല എന്നതായിരുന്നു. നെല്ലുല്‍പ്പാദനം വര്‍ദ്ധിപ്പിക്കുക, പാല്‍, മുട്ട, പച്ചക്കറി എന്നിവയില്‍ സ്വയംപര്യാപ്തത നേടുക എന്ന നിലയിലുള്ള മുന്നേറ്റം നേടാന്‍ കഴിഞ്ഞു.
ഇന്ത്യയില്‍ ആദ്യമായി നെല്‍പ്പാടങ്ങള്‍ക്ക് റോയല്‍റ്റി നല്‍കുന്ന പദ്ധതി കൊണ്ടുവന്നു. പച്ചക്കറി ഉത്പാദനം 15 ലക്ഷം മെട്രിക് ടണ്‍ ആയി വര്‍ദ്ധിപ്പിച്ചു. പച്ചക്കറിക്ക് താങ്ങുവിലയും ഉറപ്പുവരുത്തി. പ്രളയം ഏല്‍പ്പിച്ച പോറലുകള്‍ ഉണ്ടെങ്കിലും പാലിന്‍റെ ഇറക്കുമതി 1.5 ലക്ഷം ലിറ്ററില്‍ താഴെ ആയി കുറക്കാനായി. ഇത് നിലവില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞ പദ്ധതിയാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇതുവരെ 1,43,000 പട്ടയങ്ങള്‍ വിതരണം ചെയ്യാനായി.
390 പുഴകള്‍, 36,623 നീര്‍ച്ചാലുകള്‍, 23,628 കുളങ്ങള്‍, 54,362 കിണറുകള്‍ എന്നിവ പുനരുജ്ജീവിപ്പിക്കാനും ഉപയോഗയോഗ്യമാക്കി.വ്യവസായ നിക്ഷേപത്തിനുള്ള ചുവപ്പുനാടകള്‍ പരിഹരിക്കുന്നതിന് ഈസ് ഓഫ് ഡ്യൂയിംഗ് ബിസിനസ് നടപ്പിലാക്കി. ഇപ്പോള്‍ തന്നെ 57,000 കോടിയിലേറെ രൂപയുടെ അടിസ്ഥാന സൗകര്യ മേഖല വികസനത്തിന് ഉതകുന്ന പദ്ധതികള്‍ നടപ്പിലാക്കുന്നു. ദേശീയ പാത വികസനം, മലയോര, തീരദേശ ഹൈവേ, ദേശീയ ജലപാത, ഗെയില്‍ പൈപ്പ്ലൈന്‍, കൊച്ചിമെട്രോ വികസനം, വിമാനത്താവള വികസനം, കൊച്ചി വാട്ടര്‍മെട്രോ, തുറമുഖ വികസനം, ബൈപ്പാസുകള്‍, ഫ്ളൈഓവറുകള്‍ തുടങ്ങിയ വന്‍കിട നിക്ഷേപം അടിസ്ഥാനമേഖലയില്‍ ഉറപ്പുവരുത്തുന്നതിന് സര്‍ക്കാര്‍ ശ്രദ്ധിച്ചു.
ഗ്രാമീണ മേഖല ശക്തിപ്പെടുത്തുന്നതിന് 961 കോടി രൂപയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയും നടപ്പിലാക്കിവരുന്നു.റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്‍റെ ഭാഗമായി 6971 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലെ വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന രീതിയില്‍ സെമി എലിവേറ്റഡ് ഹൈവേയുടെ നിര്‍മ്മാണം, വയനാട് തുരങ്ക പാത എന്നിവയ്ക്ക് തുടക്കമായി.
സെമി ഹൈസ്പീഡ് റെയില്‍ കോറിഡോര്‍, പെട്രോകെമിക്കല്‍ പാര്‍ക്ക്, ഇന്‍റഗ്രേറ്റഡ് അര്‍ബന്‍ റീജനറേഷന്‍ ആന്‍റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം, കൊച്ചി-ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി, ശബരിമല വിമാനത്താവളം, തലശ്ശേരി-മൈസൂര്‍ റെയില്‍വേ ലൈന്‍, വൈറ്റില മൊബിലിറ്റി ഹബ്, വിഴിഞ്ഞം തുറമുഖം- ബാലരാമപുരം റെയില്‍ കണക്ടിവിറ്റി, മുഴപ്പിലങ്ങാട് ബീച്ച് വികസനം തുടങ്ങി പുതിയ വികസന പദ്ധതികളും മുന്നോട്ടുവയ്ക്കുന്നു.
മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പ്ലാന്‍റുകള്‍ നിര്‍മ്മിക്കാനുള്ള നടപടികളായി.പൊതുമേഖലാ സ്ഥാപനങ്ങള്‍ 131 കോടി രൂപ നഷ്ടത്തിലായിരുന്നിടത്ത് പ്രളയവും കോവിഡും വിതച്ച ദുരന്തത്തിനിടയിലും 8.26 കോടി രൂപ ലാഭത്തിലെത്തിക്കാന്‍ കഴിഞ്ഞുവെന്നത് പൊതുമേഖലാ സംരക്ഷണത്തിന് സര്‍ക്കാര്‍ നല്‍കുന്ന ഊന്നലിന്‍റെ കൂടി ഭാഗമാണെന്ന് കാണണം. ഐടി മേഖലലയില്‍ 30,000 തൊഴിലവസരങ്ങള്‍ നേരിട്ട് സൃഷ്ടിക്കാന്‍ കഴിഞ്ഞു. സാധാരണക്കാര്‍ക്ക് സൗജന്യമായി ഇന്‍റര്‍നെറ്റ് ലഭ്യമാകുന്ന കെ-ഫോണ്‍ പദ്ധതി അതിവേഗം പുരോഗമിക്കുകയാണ്.ഇതുവരെ പി.എസ്.സി മുഖാന്തിരം 1,41,615 പേരെ നിയമിച്ചു. 41,428 പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിനും ഈ കാലയളവില്‍ കഴിഞ്ഞു.
കെ.എ.എസ് നടപ്പ്ിലാക്കി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിക്കുന്ന പരാതികള്‍ പരിഹരിക്കുന്നതിന് നേരത്തേ ശരാശരി 898 ദിവസങ്ങളായിരുന്നുവേണ്ടിവന്നിരുന്നുവെങ്കില്‍ അത് 21 ദിവസമാക്കി ചുരുക്കിയെടുക്കാന്‍ കഴിഞ്ഞു. 2,90,459 പരാതികളാണ് ഈ സര്‍ക്കാരിന്‍റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചത്. അതില്‍ 2,09,183 തീര്‍പ്പുകല്‍പ്പിക്കുന്നതിന് കഴിഞ്ഞു .
ദുരിതാശ്വസമായി 1,216 വിതരണം ചെയ്തു. 600 രൂപയായിരുന്ന ക്ഷേമപെന്‍ഷനുകള്‍ 1400 രൂപയായി വര്‍ദ്ധിപ്പിച്ചു കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികളും സ്വീകരിച്ചു. 2.5 ലക്ഷം പേര്‍ക്ക് ലൈഫ് പദ്ധതി വഴി വീട് വെച്ച് നല്‍കി. 5 ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളെ പുതുതായി പൊതുവിദ്യാലയത്തിന്‍റെ ഭാഗമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here