35 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ അപ്രതീക്ഷിതമായ സന്തോഷമാണിത്: നടന്‍ വിനീത്

അമ്പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കപ്പെട്ടപ്പോൾ മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള പുരസ്കാരം സ്വന്തമാക്കിയത് നടനും നർത്തകനുമായ വിനീത് ആണ്.

‘ലൂസിഫർ’, ‘മരക്കാർ’ എന്നീ ചിത്രങ്ങളിൽ ശബ്ദം നൽകിയതാണ് നടൻ വിനീതിനെ അവാർഡിന് അർഹനാക്കിയിരിക്കുന്നത്. ലോക്ക്ഡൗൺകാലത്ത് അപ്രതീക്ഷിതമായെത്തിയ പുരസ്കാരത്തിളക്കത്തിന്റെ സന്തോഷത്തിലാണ് താരം.

“ഇത്രവർഷമായി അഭിനയരംഗത്തുണ്ടെങ്കിലും ഇതാദ്യമായാണ് ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്ന രീതിയിൽ അവാർഡ് ലഭിക്കുന്നത്. എന്റെ രണ്ടാമത്തെ സ്റ്റേറ്റ് അവാർഡ് ആണിത്, ആദ്യം ലഭിച്ചത് 2016ൽ ‘കാംബോജി’ എന്ന ചിത്രത്തിലൂടെ മികച്ച കൊറിയോഗ്രാഫർക്കുള്ള പുരസ്കാരമായിരുന്നു.

ഈ പുരസ്കാരം അപ്രതീക്ഷിതമായിരുന്നു, നന്ദി പറയേണ്ടത് പൃഥ്വിരാജിനും മോഹൻലാലിനും ആന്റണി പെരുമ്പാവൂരിനും പ്രിയദർശൻ സാറിനുമാണ്. ലാലേട്ടൻ വിളിച്ചു, സന്തോഷം പങ്കിട്ടു ഫോൺ വെച്ചതേയുള്ളൂ,” വിനീത് ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

സിനിമയിൽ സ്വന്തം കഥാപാത്രങ്ങൾക്കുവേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ടെങ്കിലും മറ്റൊരു കഥാപാത്രത്തിന് വേണ്ടി ഡബ്ബ് ചെയ്യുമ്പോൾ അൽപ്പം ടെൻഷനുണ്ടായിരുന്നെന്ന് വിനീത് ഓർക്കുന്നു. “പൃഥ്വിയാണ് ‘ലൂസിഫറി’ൽ വിവേക് ഒബ്റോയിയ്ക്ക് ശബ്ദം നൽകാമോ എന്നു ചോദിച്ച് വിളിക്കുന്നത്.

ആദ്യമായാണ് മറ്റൊരാൾക്ക് വേണ്ടി ഡബ്ബ് ചെയ്തത്. ലാലേട്ടന്റെ കഥാപാത്രത്തിന് എതിരെ നിൽക്കുന്ന വില്ലൻ കഥാപാത്രമാണ്. ശരിയായില്ലെങ്കിൽ സിനിമയെ മൊത്തത്തിൽ ബാധിക്കും, അങ്ങനെ ഓർത്തപ്പോൾ ടെൻഷനുണ്ടായിരുന്നു. പക്ഷേ ചെയ്തു വന്നപ്പോൾ എല്ലാം നന്നായി വന്നു.”

‘മരക്കാർ അറബിക്കടലിന്റെ സിംഹം’എന്ന പ്രിയദർശൻ ചിത്രത്തിൽ നടൻ അർജുന് വേണ്ടിയാണ് വിനീത് ശബ്ദം നൽകിയിരിക്കുന്നത്. ‘ബിഗ് ബ്രദർ’ എന്ന ചിത്രത്തിൽ അടുത്തിടെ ബോളിവുഡ് താരം അർബാസ് ഖാനു വേണ്ടിയും വിനീത് ശബ്ദം നൽകിയിരുന്നു.

അഭിനയരംഗത്ത് 35 വർഷങ്ങൾ പൂർത്തിയാക്കുകയാണ് നടൻ വിനീത്. 1985ൽ ഐവി ശശിയുടെ ‘ഇടനിലങ്ങൾ’ എന്ന ചിത്രത്തിലൂടെ പതിനാറാം വയസ്സിലാണ് വിനീത് അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് നായകനായും സഹതാരമായും വില്ലനായുമെല്ലാം നിരവധി വേഷങ്ങളിൽ വിനീത് വേഷപ്പകർച്ച നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News