ഓഡിഷനുകൾക്ക് വിളിക്കാറേയില്ല :അഭിനയിച്ചു നോക്കാനുള്ള ഒരു ചാൻസ് പോലും തരാതെ കനി ശരിയാവില്ല..; കനിക്കുള്ള കഥാപാത്രമല്ല, കനിക്കു വേറെ ഇമേജ് ആണെന്നൊക്കെ പറയും; അതെന്തു ഇമേജാണെന്നു എനിക്ക് മനസിലായിട്ടില്ല

രാജ്യാന്തരമേളകളില്‍ ലഭിച്ച പുരസ്കാരങ്ങളേക്കാള്‍ കേരളത്തില്‍ നിന്നു ലഭിച്ച അംഗീകാരത്തില്‍ ഏറെ സന്തോഷിക്കുന്നുവെന്ന് കനി കുസൃതി. ബിരിയാണി എന്ന ചിത്രത്തിലെ പിന്നോക്ക മുസ്ലിം വിഭാഗത്തില്‍പ്പെടുന്ന കദീജ എന്ന യുവതിയുടെ കഥാപാത്രമാണ് കനിയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. കനി കുസൃതി കൈരളി ന്യൂസ് ഓൺലൈൻനോട് പറഞ്ഞത്.


?ഖദീജക്കാണ് അവാർഡ് എന്ന് കേൾക്കുമ്പോൾ എന്താണ് പറയാനുള്ളത്
ഒരുപാട് സന്തോഷം :ഇതുവരെ വീട്ടുകാരോട് പോലും സംസാരിക്കാൻ പറ്റിയിട്ടില്ല.രണ്ടു അന്തരാഷ്ട്ര പുരസ്‌കാരങ്ങൾ നേടുമ്പോഴും സ്റ്റേറ്റ് അവാർഡ് കിട്ടുക എന്നത് വലിയ സന്തോഷമാണ്.എല്ലാ സന്തോഷവും നന്ദിയും ബിരിയാണി എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കാണ്.വളരെ ദുർഘടം പിടിച്ച സമയത്താണ് സ്ഥലത്താണ് ബിരിയാണി ഷൂട്ട് ചെയ്തത് അതുകൊണ്ടാകാം.പിന്നെ ഈ അവാർഡ് മലയാള സിനിമ മറന്ന മലയാളത്തിന്റെ ആദ്യ നായിക പി.കെ റോസിയ്ക്ക് സമര്‍പ്പിക്കുന്നു.‘അവസരങ്ങള്‍ എല്ലാവര്‍ക്കും എല്ലാതരത്തിലും കിട്ടാറില്ല, നമ്മുടെ ആദ്യത്തെ നായിക തന്നെ ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ ദളിത് സ്ത്രീ കൂടിയാണ്. ഒരു അപ്പര്‍കാസ്റ്റ് കഥാപാത്രം അവതരിപ്പിച്ച അവരുടെ വീടൊക്കെ കത്തിച്ച് ഈ നാട്ടില്‍ നിന്ന് പറഞ്ഞു വിട്ട ചരിത്രമുള്ള സ്ഥലമാണ് കേരളം,ഇപ്പോഴും നായിക നിരയിലുള്ളവരെ നോക്കുമ്പോള്‍ ആ ഡിസ്‌ക്രിമിനേഷന്‍ ഉള്ളതു പോലെ തന്നെയാണ് തോന്നിയിട്ടുള്ളത്. ആളുകള്‍ക്ക് അവസരം കിട്ടുന്നില്ല.അത്രേയുള്ളു പറയാൻ.

?ചെറുപ്പം മുതൽ അഭിനയത്തോടുള്ള ഭ്രമം ഉണ്ടായിരുന്നോ കനിക്ക്.
സത്യത്തിൽ ഇല്ല .ഞാൻ നാടകങ്ങളൊക്കെ കണ്ടു വളർന്ന ആളാണ്.പക്ഷെ അഭിനയത്തിൽ നിന്നും ഞാൻ പലപ്പോഴും ഒഴിഞ്ഞു മാറി.അതിനായി പല കാരണങ്ങൾ ഉണ്ടാക്കി .പ്ലസ് വണ്ണിന് പഠിക്കുമ്പോൾ അഭിനയയുടെ ഭഗവദ്ജുഗം എന്ന നാടകത്തിൽ അഭിനയിച്ചു.ആദ്യം അഭിനയിക്കുന്നില്ല എന്നൊക്കെ വിചാരിച്ചെങ്കിലും വിധുചേച്ചി(വിധു വിൻസന്റ്) നിർബന്ധിച്ചപ്പോൾ ചുമ്മാ ഒരു രസത്തിനു അഭിനയിച്ചു തുടങ്ങിയതാണ് .പിന്നെ പിന്നെ കുറെ നാടകങ്ങളൊക്കെ ചെയ്തു,സിനിമകൾ ചെയ്തു,ചില പരസ്യങ്ങളിൽ അഭിനയിച്ചു…… അങ്ങനെയങ്ങനെ 20 വർഷങ്ങൾ.

?കനി പ്രതീക്ഷിച്ച സിനിമകൾ കനിയെ തേടി വന്നില്ല എന്ന് തോന്നിയിട്ടുണ്ടോ

സത്യത്തിൽ 2000 മുതൽ 2010 വരെ എനിക്ക് നല്ല കഥാപാത്രങ്ങൾ വന്നിരുന്നു .ലോഹിതദാസിന്റെ ചിത്രത്തിലേക്ക് പോലും വിളിച്ചിട്ടുണ്ട് .പക്ഷെ അതൊന്നും നടക്കാതെ പോയി .പലതും ഞാൻ വേണ്ടെന്നു വെച്ചതാണ് .എനിക്ക് സിനിമ അഭിനയം ഒട്ടും കംഫർട്ടബിൾ ആയി തോന്നിയില്ല. ആസ്വദിക്കാൻ പറ്റാത്ത ഒന്നുപോലെയാണ് എന്റെ ആദ്യകാലത്തെ സിനിമ അനുഭവം.ഞാൻ നോ പറഞ്ഞു കൊണ്ടേയിരുന്നു .അതിനിടയിൽ പഠിക്കാനായി പുറത്തുപോയി അപ്പോഴാണ് പാലേരിമാണിക്കത്തിലെ മാണിക്ക്യമാകാനുള്ള വിളി ഒക്കെ വന്നിട്ടുണ്ട് .അന്നെനിക്ക് തോന്നി എന്റെ പഠിത്തത്തിന് ഇടവേള എടുത്ത് ഒരു സിനിമ ചെയ്യണ്ട എന്ന് .മൈഥിലി ആണ് ആ ചിത്രത്തിലേക്ക് പിന്നീട് കാസ്റ്റ് ചെയ്യപ്പെട്ടത് . പിന്നീട് 2009 ഇൽ തിരിച്ചെത്തിയപ്പോൾ കേരള കഫേ ,ശിക്കാർ,കോക്ക് ടൈയ്ൽ പോലെ ചില സിനിമകൾ ചെയ്തു.അന്ന് ഞാൻ ഒറ്റയ്ക്ക്
താമസിക്കുമ്പോൾ ചിലവുണ്ട് .അങ്ങനെ ഞാൻ പല സിനിമകളിലും അഭിനയിച്ചു .പിന്നെ 2012 -2013ഇൽ ഒരു നാടക ഗ്രൂപ്പിനൊപ്പം ഞാൻ വർക് ചെയ്തു.പിന്നീട് നോർത്ത് 24 കാതം ,ഇന്ത്യൻ പ്രണയകഥ ഒക്കെ അഭിനയിച്ചു.

ഒരു സിനിമയും കഥാപാത്രവും  എന്നെ സിനിമയിലേക്ക് പിടിച്ചു വലിക്കുന്ന ഒന്നായിരുന്നില്ല. വെറുതെ അഭിനയിക്കുകയായിരുന്നു .2012 മുതൽ വന്ന സിനിമകളിലൊന്നും ഞാനതു കണ്ടിട്ടില്ല. പക്ഷെ ഇപ്പോൾ നല്ല സിനിമകൾ ഉണ്ടാവുന്നു ,പരീക്ഷണ ചിത്രങ്ങൾ..എൺപതുകളിലെ മലയാള സിനിമയെ ഓർമിപ്പിക്കുന്ന കുറച്ചു സിനിമ വരുന്നുണ്ട്.

?നടി എന്ന നിലയിൽ അഭിനയിക്കാനുള്ള ആഗ്രഹം സ്വാഭാവികമായും ഉണ്ടാകില്ലേ
അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ട് ഒരുപാട് ഓഡിഷന് വന്നോട്ടെ എന്ന് അങ്ങോട്ട് ചോദിച്ചിട്ടുണ്ട്.  പക്ഷെ അഭിനയിച്ചു നോക്കാനുള്ള ഒരു ചാൻസ് പോലും തരാതെ ഇത് കനി ശരിയാവില്ല.കനിക്കുള്ള കഥാപാത്രമല്ല,കനിക്കു വേറെ ഇമേജ് ആണെന്നൊക്കെ പറയും.. അതെന്തു ഇമേജാണെന്നു എനിക്ക് മനസിലായിട്ടില്ല.ചിലർ അഭിനയിച്ചു കഴിയുമ്പോൾ പറയും കനി ഇത്ര നന്നായി ഇടപഴകുന്ന ആളാണോ അങ്ങനെയല്ല വിചാരിച്ചതു എന്നൊക്കെ. എന്തൊക്കെ ആയാലും ഒഡിഷനിൽ നിന്നുമൊഴിവാക്കപ്പെടുന്നത് വലിയ സങ്കടം ആണ് .ഇവിടെ പല സിനിമകൾക്കും ഓഡിഷൻ തന്നെയില്ല .പുറം രാജ്യങ്ങളിൽ റീഡിങ് എന്നൊരു സെഷൻ ഉണ്ടാകും. ഓരോ സിനിമക്കും അങ്ങനെ റീഡിങ് ഉണ്ടാകും .അത് അഭിനയിക്കുന്നവർക്കുള്ള വലിയൊരു ലോകമാണ് നൽകുന്നത് ?ടാലന്റഡ് ആയ കുറെ പേര് വന്ന് ആ കഥാപാത്രമാകാൻ കഴിയുമോ എന്ന് നോക്കുന്നു .പരാജയപ്പെട്ടേക്കാം ,ഒഴിവാക്കിയേക്കാം ..പക്ഷെ അതെനിക്കുൾക്കൊള്ളാനാവും .ഓഡിഷന് വിളിക്കാത്തതാണ് വലിയ വിവേചനം.ഇത് ഞാൻ മാത്രമല്ല എനിക്ക് പരിചയവും അടുപ്പവുമുള്ള എത്രയോ പേര് പറയുന്നതാണ്.രാധിക ആപ്‌തെ പറയും ഇപ്പോഴും ഓഡിഷന് ആരും വിളിക്കില്ല എന്ന് .ദർശന എന്നോട് പറഞ്ഞിട്ടുണ്ട് ഒരുപാട് കഷ്ട്ടപ്പെട്ടിട്ടുണ്ട് എന്ന് .അവരൊക്കെ ഒരുപാട് കഷ്ട്ടപ്പെട്ടിട്ടുണ്ട്.ഞാൻ അത്രയൊന്നും മിനക്കെട്ടില്ല എങ്കിലും പലരോടും അങ്ങോട്ട് വിളിച്ചു ചോദിച്ചിട്ടുണ്ട്,അഭിനയിക്കാൻ താല്പര്യം ഉണ്ടെന്നു പറഞ്ഞിട്ടുണ്ട്.പക്ഷെ ആരും മൈൻഡ് ചെയ്തിട്ടില്ല.ഒരു വിഷയത്തിൽ നമ്മൾ തോൽക്കാം ജയിക്കാം.പക്ഷെ പരീക്ഷ എഴുതാൻ പാടില്ല എന്ന തീരുമാനം വിവേചനപരമാണ്.

?അവസരങ്ങൾ കിട്ടാതെ വരുന്നത് നിരാശയിലേക്കു തള്ളിവിടില്ലേ

സങ്കടമൊക്കെ തോന്നും .പക്ഷെ എല്ലാവര്ക്കും അവസരം കിട്ടണമെന്നില്ല .നടി പ്രവീണയെ എനിക്ക് ഭയങ്കര ഇഷ്ടമാണ് ,എത്ര ടാലന്റഡ് ആണവർ .പക്ഷെ സിനിമയിൽ വലിയ സാധ്യതയുള്ള വേഷങ്ങൾ കിട്ടിയിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് ഞാൻ പറയും..നല്ല നടിയ്ക്ക് നല്ല സിനിമകൾ കിട്ടണമെന്നില്ല പിന്നെ നല്ല പടങ്ങൾ നിന്നുപോകുക എന്നൊരു കലാപരിപാടി കൂടി ഇതിനിടയിൽ വന്നനുഗ്രഹിക്കാറുണ്ട് .ഞാൻ തന്നെ ഹിന്ദിയിൽ ചെയ്ത വിശാൽ ഫരദ്വാജിന്റെ ഒരു സിനിമ ,ശേഖർ കപൂറിനൊപ്പമുള്ള സിനിമ ഇതൊക്കെ നിന്നുപോയി .പല കാരണങ്ങളാൽ പല സിനിമകൾ പുറത്തു വന്നില്ല 2010ഇൽ ഞാൻ ചെയ്ത ഒരു മലയാള സിനിമ പുറത്തുവന്നില്ല.ഡബ്ബിങ് സമയത്തു ആ സിനിമ ണ്ടിട്ട് ഭാഗ്യലക്ഷ്മിച്ചേച്ചി എന്നെ വിളിച്ചു സംസാരിച്ചത് എനിക്കോടർമയുണ്ട് .അതൊക്കെ ഉണ്ടാകും സിനിമയല്ലേ.

?തമിഴിൽ കുറച്ചുകൂടി നല്ല അവസരങ്ങൾ വന്നോ
തമിഴിൽ ഫിറ്റ് ആണല്ലോ ഹിന്ദി അല്ലെ കംഫർട്ടബിൾ എന്നൊക്കെ ചോദിക്കുന്നവരുണ്ട് .പക്ഷെ ഞാൻ മലയാളത്തിലാണ് നൂറു ശതമാനം കംഫർട്ടബിൾ .ഞാൻ നൂറു ശതമാനം മലയാളിയാണ്.ഞാൻ വളർന്നതിവിടെയാണ്.

?ബിരിയാണിയിലെ ഖദീജയിൽ എത്ര ശതമാനത്തോളം കനിയുണ്ട്?
ഞാൻ എന്ന വ്യക്തിയുമായി ഒരു സാമ്യവുമില്ല .ഞാനാണ് കദീജയെങ്കിൽ ഇങ്ങനെയല്ല പെരുമാറുക എന്ന് വരെ തോന്നിയിട്ടുണ്ട് .പക്ഷെ സജിൻന്റെ കദീജ അങ്ങനെയായിരുന്നു.എനിക്ക് അറിയാത്ത ജീവിതമായിരുന്നു ആ കഥാപാത്രത്തിന്റേത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തില്‍ നിന്നു വരുന്ന ഒരു സ്ത്രീ. ഒരു തരത്തില്‍ എല്ലാ സ്ത്രീകള്‍ക്കും അവരുടെ അവസ്ഥയോട് റിലേറ്റ് ചെയ്യാന്‍ പറ്റും. സംവിധായകന്‍ സജിന്‍ ഈ കഥാപാത്രത്തെ ഏല്‍പിക്കുമ്പോള്‍ എനിക്ക് അതിനായി ഒരുങ്ങാന്‍ അധികം സമയം കിട്ടിയിരുന്നില്ല. സിനിമ ഒരു സംവിധായകന്റെയാണ്. ഈ സിനിമയില്‍ കദീജ എന്ന കഥാപാത്രം ചെയ്യുന്ന പല കാര്യങ്ങളോടും എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ്. അവര്‍ ജീവിച്ച സാഹചര്യത്തിലൊന്നും എനിക്ക് ജിവിക്കേണ്ടി വന്നിട്ടില്ല. പക്ഷേ, സജിന് ആ കഥാപരിസരം നന്നായി അറിയാമായിരുന്നു. അദ്ദേഹം കൃത്യമായി പറഞ്ഞു തന്നു.

?അറിയാത്ത ഒരാളെഅഭിനയിത്തിലൂടെ അഭിനയിക്കുക ബുദ്ധിമുട്ടല്ലേ
എനിക്ക് ഖദീജയെ ഒട്ടും മനസിലാക്കതെ ആകാതെ വരുന്ന ചില സമയങ്ങൾ ബുദ്ധിമുട്ടാണ് .പിന്നെ അതാണല്ലോ അഭിനയം .നമ്മളല്ലാതെ മാറുക എന്നത് ബുദ്ധിമുട്ടു തന്നെയാണ് .ചിലർ വളരെ എളുപ്പത്തിൽ മറ്റൊരാളെ പോലെ പെരുമാറുന്നത് കണ്ടിട്ടില്ലേ .നസറുദീൻ ഷാ എന്നെ അത്തരത്തിൽ വിസ്മയിപ്പിച്ചിട്ടുണ്ട് . മമ്മൂട്ടിയെ വിധേയനിൽ കാണുമ്പോൾ തോന്നിയിട്ടുണ്ട് .പിന്നെ മോഹൻലാൽ ഫഹദ് ഒക്കെ ശ്രമിക്കാറുണ്ട്.കുറച്ചൊക്കെ ഉർവ്വശി രേവതിയിലൊക്കെ അത് കാണാറുണ്ട് .ഞാൻ അത്രയും ടാലന്റഡ് അല്ലാത്തതുകൊണ്ട് കുറച്ചൊക്കെ സമയമെടുക്കും കൻവിൻസ് ആയി വരാൻ.പിന്നെ നമ്മൾ ചെയ്യുന്ന കാര്യങ്ങളെ അഭിനയിക്കൂ എന്നില്ല .നമ്മുടെ ബുദ്ധിക്കു നിരക്കാത്തതാന് എന്ന് തോന്നിയാൽ ഒഴിവാക്കാം .പക്ഷെ കുറച്ചൊക്കെ ഡയറക്റ്റർ പറയുന്നതിലൂടെ സഞ്ചരിക്കേണ്ടി വരും ആകണം .കൊലപാത കം ചെയ്യാതെ കൊലപാത കി ആയി അഭിനയിക്കേണ്ടി വരും .റേപ്പ് അനുഭവിച്ചാലേ അങ്ങനെ ഒരു കഥാപാത്രം ചെയ്യാവു എന്നില്ലല്ലോ .

?കേരളത്തിൽ നിന്നും മാറി താമസിക്കുന്നത് മലയാള സിനിമയിൽ നിന്നുള്ള ദൂരം കൂട്ടില്ലേ

ഗോവയിലെ ജീവിതവും ദൂരമൊക്കെ സിനിമക്ക് തടസ്സമാകുന്നുണ്ട് .പക്ഷെ ഇവിടെ നല്ല സമാധാനമുണ്ട് .സിത്താർ പഠിക്കുന്നുണ്ട് .നാടകങ്ങൾ ചെയ്യുന്നുണ്ട് .സിനിമകൾ തന്നെയാണ് എന്റെ സ്വപ്നം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News