ചേട്ടൻ നാടിനായി സമർപ്പിച്ച പൊതു ശ്മശാനത്തിൽ ആദ്യം അഗ്നി ഏറ്റ് വാങ്ങിയത് അനുജന്‍റെ മൃതദേഹം

പാലോടുകാരുടെ ഏറെ കാലത്തെ സ്വപ്നമായിരുന്നു ഇവിടെ ഒരു പൊതു ശ്മശാനം എന്നത്. ജനങ്ങളുടെ ഈ ആഗ്രഹത്തിന് കാരണമുണ്ട്. വീടിന്‍റെ അടുക്കള പോലും പൊളിച്ച് ശവമടക്ക് നടത്തേണ്ട ഗതികേട് പാലോട് കാർക്കുണ്ടായിട്ടുണ്ട്.

അന്നെല്ലാം ഈ നാട് ആഗ്രഹച്ചിട്ടുണ്ട് ഇവിടൊരു പൊതു ശ്മശാനം ഉണ്ടായിരുന്നെങ്കിൽ എന്ന്. നാട്ടുകാരൻ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ മധു മൂന്ന് കോടിരൂപ ചിലവഴിച്ച് നിർമ്മിച്ച ശാന്തി കുടീരത്തിന്‍റെ നിർമ്മാണം അതിവേഗത്തിലായിരുന്നു പൂർത്തിയായത്.

ജില്ലാ പഞ്ചായത്തംഗമായി സ്ഥാനമേൽക്കുമ്പോൾ വി.കെ മനസിലുറപ്പിച്ചതായിരുന്നു ഈ പൊതുശ്മശാനത്തിൻ്റെ നിർമ്മാണം. ഒരാഴ്ചക്ക് മുമ്പാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശാന്തി കുടീരം നാടിന് സമർപ്പിച്ചത്. എന്നാൽ മൃതദേഹങ്ങൾ ഒന്നും സംസ്കാരത്തിനായി എത്തിയില്ല.

കഴിഞ്ഞ ദിവസമായിരുന്നു വി.കെ മധുവിൻ്റെ അനുജൻ വി.കെ സതീഷ് മരണപെടുന്നത്. കുറച്ച് നാളായി ഹൃദയ സംബന്ധമായ അസുഖത്താൽ സതീഷ് ചികിത്സയിലായിരുന്നു. സതീഷിൻ്റെ മൃതദേഹമാണ് ശാന്തികുടീരത്തിൽ ആദ്യമായി അഗ്നി ഏറ്റ് വാങ്ങിയത്.

ഇവിടെ ഇങ്ങനൊരു ശ്മശാനം വേണമെന്ന ആവശ്യം പൊതുപ്രവർത്തകൻ കൂടിയായ വി.കെ സതീഷും ആഗ്രഹിച്ചിരുന്നതാണ്. ഒരു നാടിൻ്റെ ആവശ്യം കണ്ടറിഞ്ഞ് നടപ്പിലാക്കിയ നാട്ടുകാരൻ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിനോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട് പാലോടുകാര്‍ക്ക്. എന്നാൽ ഇങ്ങനൊരു നിമിത്തമുണ്ടായതിലുള്ള ആഘാതത്തിലാണ് ഇവിടത്തുകാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News