പിടി തോമസിന്‍റെ നേതൃത്വത്തില്‍ വീക്ഷണം പത്രത്തിലും വന്‍ ക്രമക്കേട്; പിആര്‍ഡിയില്‍ നിന്നും രണ്ടുതവണയായി ലഭിച്ച ഭീമമായ തുക പിന്‍ലവിച്ചതിന് രേഖകളില്ല; പരാതിയുമായി ജീവനക്കാര്‍

കോൺഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തിൽ പി ടി തോമസ് മാനേജിങ്‌ ഡയറക്‌ടറായി പ്രവർത്തിച്ച കാലത്തെ കോടികളുടെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച്‌ അന്വേഷിക്കണമെന്ന്‌ മുൻ ജീവനക്കാരുടെ പരാതി. മുൻ മാർക്കറ്റിങ്‌ മാനേജർമുതൽ റിപ്പോർട്ടർമാർവരെയുള്ള 23 പേരാണ്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‌ പരാതി നൽകിയത്‌.

വീക്ഷണം മാനേജിങ്‌ ഡയറക്ടറായി 2017- മാർച്ചിൽ പി ടി തോമസ് ചുമതലയേറ്റശേഷം സ്ഥാപനം മൂന്നരക്കോടിയുടെ കടബാധ്യതയിൽ എത്തിയതായി പരാതിയിൽ പറയുന്നു. ജീവനക്കാർക്ക്‌ ഏഴുമാസം ശമ്പളകുടിശ്ശികയായി. കുടിശ്ശിക നൽകാനായി കെപിസിസിയിൽനിന്ന്‌ ഒന്നരക്കോടി രൂപ കൈമാറി. പരസ്യം-, സർക്കുലേഷൻ ഇനങ്ങളിൽ എട്ടുകോടിയോളം രൂപ വരവുണ്ട്‌. എന്നിട്ടും വീക്ഷണത്തിന്‌ ഇത്ര വലിയ ബാധ്യതയുണ്ടായതിനെക്കുറിച്ച്‌ അന്വേഷിക്കണമെന്നാണ്‌ ജീവനക്കാരുടെ ആവശ്യം.

കെപിസിസി അന്വേഷണ കമീഷൻ, വീക്ഷണം കൊച്ചി ഓഫീസിലെ നടത്തിപ്പുപിഴവും ധൂർത്തും കണ്ടെത്തിയിരുന്നു. വീഴ്‌ചവരുത്തിയവർക്കെതിരെ നടപടിയെടുക്കണം. എറണാകുളം ധനലക്ഷ്മി ബാങ്ക് ശാഖയിൽനിന്ന്‌ ഒരുകോടി രൂപ വായ്പയെടുത്തത് എന്തിന്‌ ഉപയോഗിച്ചുവെന്ന്‌ വ്യക്തമാക്കണം. ചെക്കോ ഡ്രാഫ്‌റ്റോ ഉപയോഗിക്കാതെ 30 ലക്ഷം രൂപവരെ പണമായി പിൻവലിച്ചത് ദുരുദ്ദേശ്യപരമാണ്‌. ഒരുവർഷത്തിലധികമായി സോഫ്റ്റ്‌വെയർ തകരാർമൂലം പത്രം ഏജന്റുമാർക്ക് ബിൽ നൽകാതിരിക്കുന്നതിനുപിന്നിലും സാമ്പത്തികത്തട്ടിപ്പാണെന്ന്‌ ജീവനക്കാർ പറയുന്നു.

പരസ്യ ഇനത്തിൽമാത്രം രണ്ടരക്കോടിയോളം രൂപ കിട്ടാനുണ്ട്‌. സ്വയം പിരിഞ്ഞുപോവുകയോ- പിരിച്ചുവിടുകയോ ചെയ്ത ജീവനക്കാർക്ക്‌ ഒരു ആനുകൂല്യവും നൽകാത്തത്‌ നീതികേടാണ്‌. ഒരുകൊല്ലത്തിലധികമായി ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് വിഹിതം അടയ്‌ക്കാതെ തിരിമറി നടത്തി. 2019-ലെ വീക്ഷണം കലണ്ടർ അച്ചടിച്ചതിൽ കമ്പനി ഡയറക്ടർ ജയ്സൺ ജോസഫ് നടത്തിയ രഹസ്യ ഇടപാടിനെക്കുറിച്ചും അന്വേഷിക്കണം. എംഡി സ്ഥാനം രാജിവച്ചിട്ടും ചീഫ് എഡിറ്റർ സ്ഥാനം ഒഴിയാതെ മാനേജർമാരെ മുന്നിൽ നിർത്തി പിൻസീറ്റ് ഡ്രൈവിങ്‌ നടത്തുകയാണ് പി ടി തോമസ്.

ശമ്പളം ചോദിച്ചതിന്റെ പേരിൽ പതിറ്റാണ്ടുകൾ വീക്ഷണത്തിൽ ജോലി ചെയ്ത പാർടി കുടുംബാംഗങ്ങളായ ഇരുപതിലധികം ജീവനക്കാരെയാണ്‌ പി ടി തോമസ് പുറത്താക്കിയത്. ഒരു കമ്യൂണിസ്റ്റ് കുടുംബത്തിന്റെ കണ്ണീരൊപ്പാൻ ഓടിയെത്തിയെന്നു പറയുന്ന പി ടി തോമസിന്,‌ പട്ടിണിയിലായ വീക്ഷണം ജീവനക്കാരുടെ മുഖത്തേക്ക് നോക്കാൻപോലും നേരമുണ്ടായില്ലെന്നാണ്‌ ജീവനക്കാരുടെ പരാതി. പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തലയ്‌ക്കും പരാതി നൽകിയിട്ടുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News