ഏതാണ് ആ സംഘടനയെന്നാണ് ചോദ്യം?; മാതൃഭൂമി പത്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി: എഎ റഹീം

കൊവിഡിന് പ്ലാസ്മ ചികിത്സ ഫലപ്രദമാണെന്നാണ് പൊതുവേയുള്ള റിപ്പോര്‍ട്ട്. എന്നാല്‍ ആവശ്യത്തിന് പ്ലാസ്മ ദാനം നടക്കുന്നില്ലെന്നാണ് കൊച്ചിയില്‍ നിന്ന് കഴിഞ്ഞ ദിവസം മാതൃഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്ത. അതില്‍ പ്ലാസ്മ ദാനത്തിന് കഴിഞ്ഞ ആഴ്ച എത്തിയത് ഒരു സംഘടനയിലെ ചെറുപ്പക്കാര്‍ മാത്രമാണെന്ന് പറയുന്നുണ്ട്.

എന്നാല്‍ ഏതാണ് ആ സംഘടന എന്നാണ് ചോദ്യം.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് പ്ലാസ്മ ദാനത്തിന് സന്നദ്ധരായെത്തിയത് എന്നാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം വ്യക്തമാക്കുന്നത്. മാതൃഭൂമിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ടുള്ള റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം…

https://www.facebook.com/aarahimofficial/posts/3441880082557828

മാതൃഭൂമിയ്ക്ക് നല്ല നമസ്കാരം

മാതൃഭൂമിക്ക് നല്ല നമസ്കാരം.

ഈ വാര്‍ത്ത നോക്കൂ. “ഒരു സംഘടന” എന്താല്ലേ? ഡിവൈഎഫ്‌ഐ എന്നെഴുതാന്‍ മനസ്സ് വരുന്നില്ല അല്ലേ…

ഇതേ മാതൃഭൂമി,റീസൈക്കിള്‍ കേരളയെ കുറിച്ചു നല്ല വാക്ക് പറഞ്ഞില്ല. ആക്രി പെറുക്കിയും അധ്വാനിച്ചും യുവത്വം പതിനൊന്ന് കോടിയോളം രൂപ സമാഹരിച്ചത് ഉള്‍പേജില്‍ നാലു വരിയില്‍ ഒതുക്കിയ പത്രമാണ്. ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല.

അവധിയിലായ ധാര്‍മിക രോഷം

കോണ്‍ഗ്രസ്സും ബിജെപിയും ചേര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്നു. മാതൃഭൂമിയുടെ “ധാര്‍മികരോഷ വിഭാഗം” അന്നൊക്കെ അവധിയിലായിരുന്നു. തേമ്ബാമ്മൂട്ടിലും തൃശൂരും അലറിക്കരയുന്ന കുടുംബത്തിന്റെ ചിത്രം പകര്‍ത്താന്‍ നിശ്ചയിച്ചിരുന്ന ഫോട്ടോ ഗ്രാഫര്‍മാര്‍ അന്ന് കൊറന്റൈനില്‍ ആയിരുന്നിട്ടുണ്ടാകാം…

ഉള്ളില്‍ തികട്ടുന്ന ഇടത് വിരുദ്ധത

ഒരു കാര്യം ഓര്‍മ്മപ്പെടുത്തുന്നു, കൊറോണയ്ക്ക് രാഷ്ട്രീയമില്ല. മതവുമില്ല. ഞങ്ങള്‍ നല്‍കിയ പ്ലാസ്മ കൊണ്ട് ജീവിതം തിരിച്ചുപിടിച്ചവരില്‍ ആരൊക്കെയാകും, ഏതൊക്കെ രാഷ്ട്രീയത്തില്‍പെട്ടവരാകും, എന്നൊക്കെ ഉറപ്പിക്കാന്‍ കഴിയില്ലല്ലോ.
ഒരു ദുരന്ത മുഖത്തു നല്ലത് ചെയ്യുന്നവരെ കുറിച്ചു നാലുവരി നല്ലത് പറയാന്‍ കഴിയാത്തത് യാദൃശ്ചികമല്ല എന്നറിയാം. ഉള്ളില്‍ തികട്ടുന്ന ഇടത് വിരുദ്ധതയാണ്.

മാധ്യമ നിഷ്പക്ഷത നീണാള്‍ വാഴട്ടെ

മാതൃഭൂമി പത്രത്തിലെ നാലുവരി വാര്‍ത്തയില്‍ അല്ല, ത്യാഗ നിര്‍ഭരമായ വഴികളിലാണ്,ചുവന്ന നക്ഷത്രവും അക്ഷരങ്ങളും പതിഞ്ഞ ഈ വെള്ള കൊടി നാലു പതിറ്റാണ്ടായി പറക്കുന്നത്.

ഞങ്ങള്‍ ഇനിയും പ്ലാസ്മയും, ചോരയും, അവയവങ്ങളും ദാനം ചെയ്യും. വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കും. സമരഭൂമികളില്‍ തലയുയര്‍ത്തി നില്‍ക്കും. ഇതില്‍ കൂടുതല്‍ ഒന്നും ഒരിക്കലും മാതൃഭൂമിയില്‍ നിന്നും പ്രതീക്ഷിക്കുന്നേയില്ല.

മാധ്യമ നിഷ്പക്ഷത നീണാള്‍ വാഴട്ടെ…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here