ഇനിയൊരു വ്യക്തിക്കും ഇങ്ങനെ പൊതുസമൂഹത്തിനു മുന്നിൽ പൊട്ടിക്കരഞ്ഞ് വരേണ്ടി വരരുത്, ഒരു സജ്ന ഷാജി മാത്രമല്ല സമൂഹത്തിൽ ഉള്ളത് :ട്രാൻസ്ജെന്റർ സജ്‌നക്ക്‌ വേണ്ടി അധ്യാപിക ദീപാ നിശാന്ത്

കോവിഡ് കാലമാണ്.
സർക്കാരും ആരോഗ്യപ്രവർത്തകരും നമ്മോടു പറയുന്നത് പരമാവധി വീട്ടിൽത്തന്നെയിരിക്കാനാണ്.
“ഏതു വീട്ടിൽ?” എന്ന ചോദ്യം തിരിച്ചു ചോദിക്കും ചിലർ. വീട്ടിലിരിക്കാൻ സാധ്യമാകാത്തത്രയും സമ്മർദ്ദങ്ങളുള്ള പലരും തെരുവിലുണ്ട്. സജ്ന ഷാജി അവരിലൊരാളാണ്.

വിവിധ തൊഴിൽമേഖലകളിൽ പ്രവർത്തിച്ചിരുന്ന അവർക്കിപ്പോൾ ബിരിയാണിക്കച്ചവടമാണ്. വഴിയോരത്ത് 60 രൂപയ്ക്ക് ബിരിയാണി വിറ്റാണ് അവരും സുഹൃത്തുക്കളും ഉപജീവനം നടത്തുന്നത്. ഫുഡ് ആൻഡ് സേഫ്റ്റിയുടെ ലൈസൻസും എടുത്തിട്ടാണ് അവർ കച്ചവടമാരംഭിച്ചിട്ടുള്ളത്.

അധ്വാനിച്ച് ജീവിക്കാനുള്ള അവകാശം തടസ്സപ്പെട്ടപ്പോഴാണ് / ചിലർ തടസ്സപ്പെടുത്തിയപ്പോഴാണ് അവർ പരാതിയുമായി പോലീസ് സ്റ്റേഷനിലേക്ക് ചെന്നത്. നീതി ലഭിക്കാതായപ്പോഴാണ് അവർ കരഞ്ഞുകൊണ്ട് ഇന്നലെ നമ്മുടെ മുന്നിലെത്തിയത്.

“ജീവിക്കാൻ സമൂഹം അനുവദിക്കുന്നില്ലെങ്കിൽ ഞങ്ങളൊക്കെ പിന്നെന്താണ് ചെയ്യേണ്ടത്? ആരുമില്ല ഞങ്ങൾക്കൊന്നും… ആരോടും പോയിപ്പറയാനുമില്ല. ഞങ്ങളിങ്ങനെയൊക്കെ ആയിപ്പോയത് ഞങ്ങളുടെ കുറ്റം കൊണ്ടൊന്നുമല്ലല്ലോ?അന്തസ്സായി ജോലിയെടുത്ത് ജീവിക്കാൻ സമ്മതിക്കുന്നില്ലെങ്കിൽപ്പിന്നെ ഞങ്ങളൊക്കെ എന്താ ചെയ്യണ്ടേ? തെരുവിലും ട്രെയിനിലും ഭിക്ഷയെടുത്തു ജീവിക്കാനല്ലേ പിന്നെ പറ്റുള്ളൂ? അപ്പോ നിങ്ങളൊക്കെ ചോദിക്കില്ലേ വല്ല പണിയെടുത്തു ജീവിച്ചൂടേന്ന്?അന്തസ്സോടെ ജോലിയെടുത്ത് ജീവിക്കാൻ സമ്മതിക്കൂല്ലെങ്കി ഞങ്ങളെന്താ ചെയ്യേണ്ടത്? നിങ്ങള് പറയ്?”

സമൂഹമനസ്സാക്ഷിയുടെ നേർക്കാണ് സജ്ന ചോദ്യമുയർത്തുന്നത്. നമ്മുടെ നടപ്പുരീതികളിൽ നിന്നും വ്യതിചലിക്കുന്നവരെയെല്ലാം സമൂഹഭ്രഷ്ടരാക്കുക എന്നത് കുടുംബത്തെക്കുറിച്ചുള്ള ഫ്യൂഡൽ സങ്കൽപ്പത്തിൻ്റെ ബാക്കിപത്രമാണ്. കുടുംബങ്ങളിലെ ജനാധിപത്യമില്ലായ്മ തന്നെയാണ് സമൂഹത്തിൽ പ്രതിഫലിക്കുന്നതും അരികുവത്കൃതസമൂഹങ്ങളോടുള്ള നിന്ദയായി അത് മാറുന്നതും.നമ്മുടെ ക്രമീകൃത കുടുംബഘടനയ്ക്ക് അവരെ ഉൾക്കൊള്ളാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല. കുടുംബത്തിൻ്റെ സമ്മർദ്ദങ്ങൾ താങ്ങാനാകാതെയാണ് ലൈംഗിക ന്യൂനപക്ഷത്തിൽപ്പെട്ട വ്യക്തികളിൽ പലരും ആ ഘടനയ്ക്ക് വെളിയിൽ ചാടുന്നത്.ഗതികേടാണത്.അവരുടെ അതിജീവനം അത്രയ്ക്കെളുപ്പമല്ല.

സജ്ന ഷാജിയുടെ വിഷയത്തിൽ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉത്തരവാദിത്തപ്പെട്ടവരും ഇടപെട്ടെന്നറിഞ്ഞു.നല്ലത്.. പക്ഷേ ഇനിയൊരു വ്യക്തിക്കും ഇങ്ങനെ പൊതുസമൂഹത്തിനു മുന്നിൽ പൊട്ടിക്കരഞ്ഞ് വരേണ്ടി വരരുത്. ഒരു സജ്ന ഷാജി മാത്രമല്ല തെരുവിലുള്ളത്.നിരവധി പേരുണ്ട്. സമ്മർദ്ദങ്ങളെ അതിജീവിക്കാനാകാതെ ജീവിതമവസാനിപ്പിക്കേണ്ടി വരേണ്ടി വരരുത് അവർക്ക് ..അന്തസ്സോടെ ജീവിക്കാനുള്ള അവരുടെ അവകാശം ഉറപ്പു വരുത്തേണ്ടത് ഭരണകൂടത്തിൻ്റെ ചുമതലയാണ്.

അവരോട് മാന്യമായി ഇടപെടാൻ നീതിന്യായ സംവിധാനങ്ങൾക്ക് കർശനമായ നിർദ്ദേശം കൊടുക്കേണ്ടതും, അതിന് വിഘാതമായി പെരുമാറുന്നവരെ നിയമപരമായി ശിക്ഷിക്കേണ്ടതുമാണ്.വല്ലാതെ നിയമം പറഞ്ഞ് അവരുടെ അന്നം മുട്ടിക്കരുത്.

ജനാധിപത്യസമൂഹത്തിൽ അവർക്കുമിടമുണ്ട്.
ആണും പെണ്ണും കെട്ടവരെന്ന് അവരെ ചുറ്റും കൂടി നിന്ന് പരിഹസിച്ച, അവരുടെ തൊഴിൽ തടസ്സപ്പെടുത്തിയ, ആ ‘ആൺകൂട്ടത്തെ ‘ പിടിച്ചകത്തിടുക.നാലുപേരെ പിടിച്ചകത്തിട്ടാൽ അഞ്ചാമനൊന്ന് മടിക്കും.. അങ്ങനെ വിളിക്കാൻ.

കോവിഡ് കാലമാണ്.സർക്കാരും ആരോഗ്യപ്രവർത്തകരും നമ്മോടു പറയുന്നത് പരമാവധി വീട്ടിൽത്തന്നെയിരിക്കാനാണ്. "ഏതു വീട്ടിൽ?"…

Posted by Deepa Nisanth on Tuesday, October 13, 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here