ഇടതുപക്ഷമാണ് ശരി, യുഡിഎഫ് രാജ്യസഭാംഗത്വം രാജിവയ്ക്കുന്നു: ജോസ് കെ മാണി, കേരളാ കോണ്‍ഗ്രസ് (എം) ഇനി എല്‍ഡിഎഫിനൊപ്പം

നീണ്ട മൂന്നര മാസക്കാലത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവില്‍ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച് കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം. ഇടതുപക്ഷത്തിനൊപ്പമെന്ന ജോസ് കെ മാണിയുടെ പ്രഖ്യാപനം മധ്യകേരളത്തിന്‍റെ രാഷ്ട്രീയ സമവാക്യങ്ങള്‍ക്കും രാഷ്ട്രീയ ബലാബലത്തിനും കാതലായ മാറ്റമാണുണ്ടാക്കുക. വര്‍ഗീയ ശക്തികള്‍ കൂടുതല്‍ കരുത്തരാകുന്ന കാലത്ത് മതേതരത്വം കാത്തുസൂക്ഷിക്കാന്‍ ഇടതുപക്ഷത്തിന് ക‍ഴിഞ്ഞുവെന്നും ഈ കാലത്ത് ഇടതുപക്ഷമാണ് ശരിയെന്നും യുഡിഎഫിന്‍റെ രാജ്യസഭാംഗത്വം രാജിവയ്ക്കുന്നുവെന്നും ജോസ് കെ മാണി പത്രസമ്മേളനത്തില്‍ പറഞ്ഞു. കെഎം മാണിയുടെ മരണത്തെ തുടര്‍ന്ന് പാര്‍ട്ടിയിലെ അധികാര കേന്ദ്രവുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങള്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തോടെ മൂര്‍ച്ഛിക്കുകയായിരുന്നു.

തുടര്‍ന്നാണ് കേരളാ കോണ്‍ഗ്രസ് അതിന്‍റെ ചരിത്രത്തിലെ മറ്റൊരു പിളര്‍പ്പിനെയും അഭിമുഖീകരിച്ചത്. കോടതി വിധിയിലൂടെ ഔദ്യോഗിക ചിഹ്നം കൂടെ ലഭിച്ചതോടെ കൂടുതല്‍ കരുത്തരായ കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്‍റെ എല്‍ഡിഎഫ് പ്രവേശം യുഡിഎഫ് ക്യാമ്പുകളെ കൂടുതല്‍ അസ്വസ്ഥമാക്കും.

ജോസ് കെ മാണിയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് യുഡിഎഫിലെ അഭിപ്രയാ വ്യത്യാസങ്ങള്‍ ഇപ്പോ‍ഴും തുടരുകയാണ്. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍റെ രാജിയില്‍ വരെ കലാശിച്ച തീരുമാനത്തില്‍ ഇപ്പോ‍ഴും അഭിപ്രായ സമന്വയമുണ്ടാക്കാന്‍ യുഡിഎഫിന് ക‍ഴിഞ്ഞിട്ടില്ല.

1979 നും 2020 നും ഇടയിലെ 41 വര്‍ഷക്കാലത്തിനിടയില്‍ നിരവധി പിളര്‍പ്പുകള്‍ കണ്ട രാഷ്ട്രീയ കക്ഷിയാണ് കേരളാ കോണ്‍ഗ്രസ്. തുടര്‍ച്ചയായ പിളര്‍പ്പുകളെ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കുള്ള വ‍ഴിമരുന്നാണ് എന്നാണ് കെഎം മാണി നേരത്തെ സൂചിപ്പിച്ചത്. കേരള രാഷ്ട്രീയത്തിലും കേരളാ കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ ചരിത്രത്തിലും നിര്‍ണായകമാകുന്ന തീരുമാനമാണ് ജോസ് കെ മാണിയുടെ പ്രഖ്യാപനം.

കൂടുതല്‍ കരുത്തനായി ജോസ് കെ മാണി

നാലുപതിറ്റാണ്ടിലേറെനീണ്ട മധ്യ കേരളത്തിലെ രാഷ്ട്രീയത്തില്‍ പകരക്കാരനില്ലാത്ത അതികായനായിരുന്നു കെഎം മാണി. ലോക്സഭാ സീറ്റുമായി ബന്ധപ്പെട്ട് കെഎം മാണിയുടെ കാലത്ത് തന്നെ പിജെ ജോസഫ് ഇടഞ്ഞ് നില്‍ക്കുകയായിരുന്നു.

പിജെ ജോസഫിന്‍റെ കേരളാ കോണ്‍ഗ്രസിലെ സ്വാധീനത്തിന് കോട്ടം തട്ടിക്കുന്നതില്‍ ഇത് പ്രധാന കാരണമായി ചിഹ്നവും ഔദ്യോഗിക നാമവും സംബന്ധിച്ച കോടതി തീരുമാനത്തോടെ കൂടുതല്‍ കരുത്തനായ ജോസ് കെ മാണി എല്‍ഡിഎഫ് പ്രവേശനത്തോടെ രാഷ്ട്രീയത്തില്‍ വീണ്ടും കരുത്തനാവുകയാണ്.

ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനം കേരളാ കോണ്‍ഗ്രസിന്‍റെ പ്രൗഡിയെയും പാരമ്പര്യത്തെയും കൂടെ യുഡിഎഫില്‍ നിന്ന് അകറ്റുന്നുവെന്ന് വേണം മനസിലാക്കാന്‍. നാലുവര്‍ഷക്കാലത്തെ ജനക്ഷേമകരമായ ഭരണ മാതൃകകൊണ്ട് അടിത്തട്ടില്‍ സ്വാധീനം വര്‍ധിപ്പിച്ച എല്‍ഡിഎഫിലേക്കുള്ള പ്രവേശനം ജോസ് കെ മാണിയെ കൂടുതല്‍ കരുത്തനാക്കും.

കേരളാ കോണ്‍ഗ്രസിന്‍റെ യുവജന വിഭാഗം നേതാവായി കേരളത്തിന്‍റെ രാഷ്ട്രീയ മണ്ഡലത്തിലേക്ക് വന്ന ജോസ് കെ മണി 2004 ല്‍ മൂവാറ്റുപു‍ഴ ലോക്സഭാ മണ്ഡലത്തില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും എന്‍ഡിഎയുടെ സഖ്യകക്ഷിയായ ഐഎഫ്ഡിപിയോട് പരാജയപ്പെട്ടു.

കെഎം മാണിയെന്ന അതികായന്‍റെ തണലില്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന ജോസ് കെ മാണിയുടെ പാര്‍ലമെന്‍ററി ജനാധിപത്യ പ്രവര്‍ത്തനത്തിന്‍റെ തുടക്കം തോല്‍വിയോടെയാണെങ്കിലും പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. പിന്നീട് 2009 ലും 2014 ലും കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ നിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2018 ല്‍ രാജ്യസഭയിലേക്ക് കേരളത്തില്‍ നിന്ന് വന്ന മൂന്ന് ഒ‍ഴിവുകളില്‍ ഒന്നില്‍ യുഡിഎഫ് പ്രതിനിധിയായി രാജ്യസഭയിലെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News