മുത്തയ്യ മുരളീധരന്റെ ജീവിതകഥയെ അടിസ്ഥാനമാക്കി സിനിമ: വിജയ് സേതുപതിക്കെതിരെ സൈബര്‍ ആക്രമണം

ചെന്നൈ: മുത്തയ്യ മുരളീധരന്റെ ജീവിതകഥയെ അടിസ്ഥാനമാക്കിയുള്ള 800 എന്ന സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തു വിട്ടതിനു പിന്നാലെ നടന്‍ വിജയ് സേതുപതിക്കെതിരെ സൈബര്‍ ആക്രമണം. ഷെയിം ഓണ്‍ വിജയ് സേതുപതി എന്ന ഹാഷ്ടാഗിലാണ് സൈബര്‍ ആക്രമണം നടക്കുന്നത്.

തമിഴ് വംശജര്‍ കൂട്ടക്കൊല ചെയ്യപ്പെട്ട ശ്രീലങ്കയിലെ ഒരു ക്രിക്കറ്റ് താരത്തെ പറ്റിയുള്ള സിനിമ എന്തിനാണ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് എന്നാണ് ചിലര്‍ ട്വിറ്ററില്‍ ചോദിക്കുന്നത്. ഒരു തമിഴന്‍ എന്ന നിലയില്‍ വിജയ് സേതുപതി ഈ കഥാപാത്രം ചെയ്യരുതായിരുന്നെന്നും ചിലര്‍ വിമര്‍ശിച്ചു.പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങളെ പറ്റി ഇന്ത്യയില്‍ സിനിമ ചെയ്യാന്‍ പറ്റുമോ എന്നാണ് ചിലര്‍ ചോദിക്കുന്നത്.

അതേസമയം, സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ വിജയ് സേതുപതി ആരാധകരും ക്രിക്കറ്റ് ആരാധകരും രംഗത്തെത്തി.

മുത്തയ്യ ഒരു ശ്രീലങ്കന്‍ എന്നതിലുപരി ലോകമെമ്പാടും ആരാധകരുള്ള ഒരു ക്രിക്കറ്റ് താരമാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്‍മാരിലൊരാളായ വിജയ് സേതുപതിയെ ഇത്തരത്തില്‍ ആക്രമിക്കരുതെന്നും സിനിമ തെരഞ്ഞെടുക്കുന്നത് ഒരു കലാകാരന്റെ സ്വാതന്ത്ര്യമാണെന്നും ഒരുവിഭാഗം പറഞ്ഞു. ഒപ്പം മഹാത്മാ ഗാന്ധിയെപറ്റി അമേരിക്കയില്‍ സിനിമ എടുക്കാമെങ്കില്‍ എന്തുകൊണ്ട് ഇന്ത്യയില്‍ ഒരു ശ്രീലങ്കന്‍ താരത്തെ പറ്റി സിനിമ ചെയ്തുകൂടാ എന്ന് ചിലര്‍ ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News