അണയാതെ കര്‍ഷക രോഷം: പഞ്ചാബില്‍ കോര്‍റേറ്റ് ഷോപ്പിംഗ് മാളുകളും റിലയന്‍സ് പമ്പുകളും ബഹിഷ്കരണത്തില്‍ നിശ്ചലം

കർഷകസംഘടനകളുടെ ബഹിഷ്‌കരണ ആഹ്വാനത്തെ തുടർന്ന്‌ പഞ്ചാബിൽ റിലയൻസ്‌ പെട്രോൾ പമ്പുകൾ നിശ്‌ചലമാകുന്നു. കോർപറേറ്റുവക ഷോപ്പിങ്‌ മാളുകള്‍ ശക്തമായ ബഹിഷ്‌കരണമാണ്‌ നേരിടുന്നത്‌. ജിയോ സിം കാർഡുകൾ വ്യാപകമായി ഒഴിവാക്കുന്നു.

മോഡിസർക്കാരിന്റെ കോർപറേറ്റ്‌ അനുകൂല കാർഷികനിയമങ്ങൾക്ക്‌ എതിരായ പ്രക്ഷോഭത്തിന്റെ ഭാ​ഗമായാണ് ‌ റിലയൻസ്‌, അദാനി അടക്കമുള്ള കമ്പനികളുടെ സ്ഥാപനങ്ങളും ഉൽപ്പന്നങ്ങളും ബഹിഷ്‌കരിക്കാൻ കർഷകസംഘടനകൾആഹ്വാനം നൽകിയത്‌.‌

സംസ്ഥാനത്തെ 85 റിലയൻസ്‌ പമ്പിൽ ഭൂരിപക്ഷവും നിശ്ചലമായി‌. പമ്പുകൾക്ക്‌ ‌ മുന്നിൽ ഉപരോധസമരവുമുണ്ട്‌. കർഷകരോട്‌ അനുഭാവം പ്രകടിപ്പിച്ച്‌ വീഡിയോ സന്ദേശമിറക്കി പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുകയാണ്‌ ചില്ലറവ്യാപാരികൾ.

ഭക്ഷ്യധാന്യം ശേഖരിക്കാൻ അദാനി ഗ്രൂപ്പ്‌ മോഗയിൽ തുടങ്ങിയ പദ്ധതിക്കുനേരെയും പ്രതിഷേധമുണ്ട്‌. ‘ഗോ ബാക്ക്‌ അദാനി’ എന്ന മുദ്രാവാക്യമാണ്‌ കർഷകർ ഉയർത്തുന്നത്‌. എസ്സാർ ഗ്രൂപ്പിന്റെ പെട്രോൾ പമ്പുകൾ, വാൾമാർട്ട്‌ സ്‌റ്റോറുകൾ, റിലയൻസ്‌ മാളുകൾ എന്നിവയും ബഹിഷ്‌കരിക്കുന്നു.

ജിയോ സിം ഉപേക്ഷിക്കാനുള്ള ആഹ്വാനത്തോട് മികച്ച പ്രതികരണമാണെന്ന്‌ കർഷക നേതാക്കൾ പറഞ്ഞു. അംബാനിക്കും അദാനിക്കും വേണ്ടിയുള്ള മോഡിയുടെ രാഷ്ട്രീയകളിക്ക്‌ അതേ നാണയത്തിൽ തിരിച്ചടി നൽകുമെന്ന്‌ ഭാരത്‌ കിസാൻ യൂണിയൻ പഞ്ചാബ്‌ ഘടകം സെക്രട്ടറി ഷിങ്കാരസിങ്‌ മാൻ പറഞ്ഞു.

ക്യാനഡ, ഇറ്റലി, ഫ്രാൻസ്‌, അമേരിക്ക, ബ്രിട്ടൻ എന്നിവിടങ്ങളിലും കർഷകരുടെ പ്രക്ഷോഭത്തോട്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ റാലികൾ നടന്നു. യുഎൻ ആസ്ഥാനത്തിനു മുന്നിലും പ്രതിഷേധിക്കുമെന്ന്‌ പ്രവാസി പഞ്ചാബികളുടെ സംഘടനാ നേതാവ്‌ സുഖ്‌ചെൻ മാൻ സിങ്‌ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here