റംസിയുടെ ആത്മഹത്യ: ലക്ഷ്മി പ്രമോദിന്‍റെയും കുടുംബാംഗങ്ങളുടെയും ജാമ്യം റദ്ദാക്കണം; റംസിയുടെ കുടുംബം കോടതിയില്‍

കൊല്ലം കൊട്ടിയത്ത് പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയതോടെ റംസി എന്ന യുവതി ആത്മഹത്യ ചെയ്ത കേസില്‍ വരന്‍റെ ബന്ധുവും സീരില്‍ നടിയുമായ ലക്ഷ്മി പ്രമോദിന്‍റെയും മറ്റ് കുടുംബാംഗങ്ങളുടെയും മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റംസിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു.

സീരിയല്‍ നടി ലക്ഷ്മി പ്രമോദ്, ഭര്‍ത്താവ് അസറുദ്ദീന്‍, ഭര്‍തൃമാതാവ് ആരിഫ ബീവി എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നും ഇവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ക‍ഴിഞ്ഞ തിങ്കളാഴ്ച ലക്ഷ്മി പ്രമോദ് അടക്കമുള്ള മൂന്ന് പേര്‍ക്ക് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഒക്ടോബര്‍ 15-ന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം, അറസ്റ്റ് രേഖപ്പെടുത്തിയാല്‍ 30000 രൂപയുടെ ബോണ്ടിന്മേലും രണ്ടുപേരുടെ ജാമ്യത്തിലും വിടണം, സംസ്ഥാനം വിട്ടുപോകാനോ സാക്ഷികളെ സ്വാധീനിക്കാനോ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

കേസില്‍ പ്രതിശ്രുത വരനായ ഹാരിഷ് മുഹമ്മദിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഹാരിഷിന്റെ സഹോദരന്റെ ഭാര്യ ലക്ഷ്മി പ്രമോദ്, ഭര്‍ത്താവ് അസറുദ്ദീന്‍, ഭര്‍തൃമാതാവ് എന്നിവര്‍ക്കും സംഭവത്തില്‍ പങ്കുള്ളതായാണ് റംസിയുടെ കുടുംബത്തിന്റെ ആരോപണം. റംസിയെ എറണാകുളത്ത് ഗര്‍ഭഛിദ്രം നടത്തിയത് ലക്ഷ്മിയുടെ നേതൃത്വത്തിലാണെന്നും ഹാരിഷിന്റെ മാതാവ് അടക്കമുള്ളവര്‍ റംസിയെ മാനസികമായി പീഡിപ്പിച്ചെന്നും കുടുംബം പരാതിപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here