ആറ് ആശുപത്രികളുടെ സമഗ്ര വികസനത്തിന് 74.45 കോടി

തിരുവനന്തപുരം: 6 ആശുപത്രികളുടെ സമഗ്ര വികസനത്തിനായി നബാര്‍ഡിന്റെ സഹായത്തോടെ 74.45 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.

കണ്ണൂര്‍ പിണറായി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ 19.75 കോടി രൂപ, എറണാകുളം തൃപ്പുണ്ണിത്തറ താലൂക്ക് ആശുപത്രി 10 കോടി, കണ്ണൂര്‍ ആറളം കീഴ്പ്പള്ളി സാമൂഹ്യാരോഗ്യ കേന്ദ്രം 11.40 കോടി, കൊല്ലം പാലത്തറ സാമൂഹികാരോഗ്യ കേന്ദ്രം 10 കോടി, കണ്ണൂര്‍ ഇരിക്കൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രം 11.30 കോടി, തൃശൂര്‍ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രി 12 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളത്. ഇതിലൂടെ ആശുപത്രി വികസനത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും. സാങ്കേതികാനുമതിയ്ക്കും ടെണ്ടറിനും ശേഷം എത്രയും വേഗം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

കണ്ണൂര്‍ പിണറായി ആശുപത്രിയിലെ സ്പെഷ്യാലിറ്റി സെന്റര്‍ നിര്‍മ്മാണത്തിനാണ് 19.75 കോടി രൂപ അനുവദിച്ചത്. ഈ സര്‍ക്കാരാണ് പിണറായി സാമൂഹ്യാരോഗ്യ കേന്ദ്രത്തെ സ്പെഷ്യാലിറ്റി ഹോസ്പിറ്റലായി ഉയര്‍ത്തിയത്. 5 നിലകളുള്ള ആശുപത്രി കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. അത്യാഹിത വിഭാഗം, ഒപി, വാര്‍ഡ്, ഐസിയുകള്‍, എസ്.ടി.പി., ജനറല്‍ സ്റ്റോര്‍, ഫാര്‍മസി സ്റ്റോര്‍, കാര്‍ പാര്‍ക്കിംഗ്, ഡയാലിസിസ് യൂണിറ്റ്, എക്സറേ യൂണിറ്റ്, സ്‌കാനിംഗ് സെന്റര്‍ എന്നിവ സജ്ജമാക്കും. കാര്‍ഡിയാക്, കാന്‍സര്‍, ടിബി എന്നീ വിഭാഗം രോഗികള്‍ക്ക് പ്രത്യേക സൗകര്യങ്ങളുമുണ്ടാകും.

എറണാകുളം തൃപ്പുണ്ണിത്തുറ താലൂക്ക് ആശുപത്രിയില്‍ 4 നിലകളുള്ള കെട്ടിടം നിര്‍മ്മിക്കുന്നതിനാണ് തുകയനുവദിച്ചത്. ഒ.പി. മുറികള്‍, മെഡിക്കല്‍ ഐസിയു, സര്‍ജിക്കല്‍ ഐസിയു, ഓപ്പറേഷന്‍ തീയറ്റര്‍, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയാണ് സജ്ജമാക്കുന്നത്.

കണ്ണൂര്‍ കീഴ്പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തെ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ആധുനിക സൗകര്യങ്ങളുള്ള ആശുപത്രി കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനായാണ് തുകയനുവദിച്ചത്. മൂന്ന് നിലകളുള്ള കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. ഒപി വിഭാഗം, വെയിറ്റിംഗ് ഏരിയ, പ്രീ ചെക്കപ്പ് റൂം, ലബോറട്ടറി, നഴ്സസ് സ്റ്റേഷന്‍, ഫാര്‍മസി, മെഡിസിന്‍ സ്റ്റോര്‍, ഫീഡിംഗ് റൂം, ഇന്‍ജക്ഷന്‍ റൂം, ഒബ്സര്‍ബേഷന്‍ റൂം, കൗണ്‍സിലിംഗ് റൂം തുടങ്ങിയ സൗകര്യങ്ങളാണ് പുതിയ കെട്ടിടത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

കൊല്ലം പാലത്തറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ 5 നിലകളുള്ള കെട്ടിടമാണ് നിര്‍മ്മിക്കുന്ന്. ഒ.പി., ഇസിജി റൂം, സ്റ്റോര്‍, പാലിയേറ്റീവ് കെയര്‍ യൂണിറ്റ്, ജിം, വാക്സിനേഷന്‍ റൂം, കോണ്‍ഫറന്‍സ് ഹാള്‍, ക്വാര്‍ട്ടേഴ്സ് തുടങ്ങിയവയാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

കണ്ണൂര്‍ ഇരിക്കൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ 5 നിലകളുള്ള കെട്ടിടം നിര്‍മ്മിക്കുന്നതിനാണ് 11.30 കോടി രൂപ അനുവദിച്ചത്. അത്യാഹിത വിഭാഗം, കണ്‍സള്‍ട്ടേഷന്‍ റൂം, ഡയാലിസിസ് യൂണിറ്റ്, ലേബര്‍ റൂം, വാര്‍ഡുകള്‍, ഓപ്പറേഷന്‍ തീയറ്റര്‍, എന്‍ഐസിയു, എക്സ്റേ, ഫാര്‍മസി തുടങ്ങിവയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്

തൃശൂര്‍ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയുടെ രണ്ടാംഘട്ട നിര്‍മ്മാണത്തിനായാണ് 12 കോടി രൂപ അനുവദിച്ചത്. എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച 1.75 കോടി രൂപയുള്‍പ്പെടെ 9.75 കോടി രൂപ ചെലവഴിച്ചു കൊണ്ടുള്ള 3 നില കെട്ടിടത്തിന്റേയും അനുബന്ധ സൗകര്യങ്ങളുടേയും നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായി വരുന്നു. രണ്ടാം ഘട്ടത്തില്‍ അനുവദിച്ച തുകയുപയോഗിച്ച് ഈ കെട്ടിടത്തില്‍ മൂന്ന് നിലകള്‍ കൂടി അധികമായി നിര്‍മ്മിച്ച് ആധുനിക സൗകര്യങ്ങള്‍ ഒരുക്കുന്നതാണ്. ഒപി വിഭാഗം റൂമുകള്‍, രജിസ്ട്രേഷന്‍ സെന്റര്‍, ലബോറട്ടറി, ഫാര്‍മസി, എക്സറേ യൂണിറ്റ്, വാര്‍ഡ്, ഓപ്പറേഷന്‍ തീയറ്റര്‍ കോപ്ലക്സ്, ഐസിയു, ബ്ലഡ് ബാങ്ക്, കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News