സ്വര്‍ണ്ണക്കടത്ത് കേസ്; എന്‍ഐഎയ്ക്ക് തിരിച്ചടി; 10 പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു

സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ ഐ എക്ക് തിരിച്ചടി. 10 പ്രതികള്‍ക്ക് കൊച്ചിയിലെ എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചു.പ്രതികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്നുമുള്ള എന്‍ ഐ എയുടെ വാദം തള്ളി. അതേ സമയം മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചു.

സ്വര്‍ണ്ണക്കടത്ത് കേസില്‍ തീവ്രവാദ ബന്ധം സ്ഥാപിക്കാനായി എന്‍ ഐ എ ഉന്നയിച്ച വാദങ്ങള്‍ നിലനില്‍ക്കില്ലെന്ന് കണ്ടാണ് കോടതി 10 പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.സ്വർണക്കടത്തിൽ പണം നിക്ഷേപിച്ചതിന് തെളിവുണ്ട്.എന്നാല്‍ ഇത് തീവ്രവാദ ശക്തികളിൽ നിന്ന് എത്തിയതാണെന്നതിന് തെളിവില്ലെന്ന് കോടതി ഉത്തരവില്‍ പറയുന്നു.

കടത്തിയ സ്വർണത്തിൻ്റെ പണം ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്നുവെന്ന ആരോപണത്തിനും തെളിവില്ല. ലാഭമുണ്ടാക്കാനായി സ്വർണക്കടത്ത് നടത്തിയെന്നാണ് വ്യക്തമാകുന്നത്. രാജ്യത്തിൻ്റെ സാമ്പത്തിക സുരക്ഷ തകർക്കാനുള്ള ശ്രമമാണെന്ന് എൻ.ഐ.എ ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും ഇത് സ്ഥാപിക്കാനുള്ള വസ്തുതകൾ പ്രഥമദൃഷ്ട്യാ കേസ് ഡയറിയിൽ ഇല്ലെന്നും എൻ.ഐ.എ.

കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. അന്വേഷണ ഏജൻസിയുടെ സംശയത്തിൻ്റെ അടിസ്ഥാനത്തിൽ ചെറിയ കുറ്റം ചെയ്തവരെ കൂടുതൽ കാലം തടവിൽ പാർപ്പിക്കാനാവില്ലന്നും 10 പേര്‍ക്ക് ജാമ്യം അനുവദിച്ചുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കി.

ഉപാധികളോടെയാണ് കോടതി ജാമ്യം നല്‍കിയത്.പത്തുലക്ഷം രൂപയുടെ ബോണ്ട്,പാസ്സ് പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം,സംസ്ഥാനം വിട്ട് പോകരുത് എന്നിവയാണ് ഉപാധികള്‍.

അതേ സമയം തീവ്രവാദ ബന്ധം ആരോപിക്കപ്പെടുന്ന പ്രതികളെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കേണ്ടതുണ്ടെന്നും കോടതി ഉത്തരവില്‍ പറയുന്നു.12, 13 പ്രതികൾക്ക് ഐ.എസ്.ബന്ധമുളളതായി എൻ.ഐ.എ. ആരോപിച്ചിരുന്നു.ഇവർ അഞ്ചാം പ്രതി റമീസുമായി ടാൻസാനിയയിൽ പോയി സ്വർണക്കടത്ത് നടത്തിയതായി ആരോപണമുണ്ട്.

ഇവർക്ക് ദാവൂദ് ഇബ്രഹാമുമായും ഫിറോസ് ഒയാസിസുമായും ബന്ധമുണ്ടെന്നും ആരോപിച്ചിരുന്നു.അതിനാല്‍ 12, 13 പ്രതികൾക്ക് ജാമ്യം നിഷേധിക്കുന്നതായും ഉത്തരവിലുണ്ട്.

ഇതിനിടെ മറ്റ് പ്രധാന പ്രതികളായ സരിത്ത് , സ്വപ്ന, എന്നിവര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പിന്‍വലിച്ചു.ക‍ഴിഞ്ഞ ദിവസം ഇരുവരുടെയും റിമാന്‍ഡ് കാലാവധി 90 ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു.ഇതെത്തുടര്‍ന്നാണ് ജാമ്യാപേക്ഷ പിന്‍വലിച്ചതായി അഭിഭാഷകര്‍ കോടതിയെ അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News