ജിഎസ്ടി നഷ്ടപരിഹാരം: നിലപാട് തിരുത്തി കേന്ദ്രം; 1.1 ലക്ഷം കോടി വായ്‌പയെടുക്കും

ജിഎസ്‌ടി നഷ്ടപരിഹാര കുറവ് പരിഹരിക്കാന്‍ കേന്ദ്രം 1.1 ലക്ഷം കോടി വായ്‌പയെടുക്കുമെന്ന്‌ ധനമന്ത്രാലയം. നഷ്‌ടപരിഹാര സെസ്‌ തുകയ്‌ക്ക്‌ ബദലായി സംസ്ഥാനങ്ങൾക്ക്‌ കൈമാറാനാണിത്. സംസ്ഥാനങ്ങള്‍ നേരിട്ട്‌‌ വായ്‌പയെടുക്കണമെന്നാണ്‌ കേന്ദ്രം ഇതുവരെ വാദിച്ചത്‌.

എന്നാൽ ഇതിനെതിരെ കേരളം നിയമനടപടി സ്വീകരിക്കുമെന്ന്‌ മുന്നറിയിപ്പ്‌ നൽകി. ഇതെകുറിച്ച്‌ ആലോചിക്കാൻ 17ന്‌ മുഖ്യമന്ത്രി ഉന്നതലയോഗം വിളിക്കുകയും ചെയ്‌തു. ഇതിന്റെ പശ്‌ചാത്തലത്തിലാണ്‌ തീരുമാന മാറ്റമെന്ന്‌ കരുതുന്നു.

ഇത്‌ കേരളത്തിന്റെ നിലപാടിനുള്ള അംഗീകാരമായി. വ്യത്യസ്‌ത പലിശനിരക്ക്‌ ഒഴിവാക്കാനും ഭരണപരമായ സൗകര്യവും മുൻനിർത്തിയാണ്‌ പുതിയ തീരുമാനമെന്ന്‌ മന്ത്രാലയം അറിയിച്ചു. അതേസമയം, വായ്‌പ പലിശടക്കം ആരാണ് തിരിച്ചടയ്ക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല.

ഈ വായ്‌പകൾ കേന്ദ്രസർക്കാരിന്റെ ധനകമ്മിയിൽ പ്രതിഫലിക്കില്ല. പകരം, സംസ്ഥാന സർക്കാരുകളുടെ മൂലധനവരവായും അവരുടെ ധനകമ്മി പരിഹരിക്കുന്നതിനുള്ള സഹായമായും കണക്കാക്കും. സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാരം നികത്തുന്നതുസംബന്ധിച്ച്‌ 12ന്‌ നടന്ന ജിഎസ്ടി കൗൺസിൽയോഗത്തിലും തീരുമാനമായിരുന്നില്ല.

വിപണിയിൽനിന്ന്‌ വായ്‌പയെടുക്കാൻ തയ്യാറായ 20 സംസ്ഥാനങ്ങൾക്ക് ഏകപക്ഷീയമായി കേന്ദ്രം അനുമതി നൽകി. ആകെ നികത്തേണ്ട നഷ്‌ടം 2.30 ലക്ഷം കോടി രൂപയാണ്. ഇതിൽ 60000 കോടി നഷ്‌ടപരിഹാര സെസിൽനിന്ന്‌ ലഭിക്കും. ബാക്കി 1.7 ലക്ഷം കോടി രൂപയിൽ 1.1 ലക്ഷം കോടിയാണ് വായ്‌പയെടുക്കുന്നത്.

ജിഎസ്‌ടിയിൽ നിയമ നടപടി: ഇന്ന് പകൽ 11.30ന്‌ ഓൺലൈനായി മുഖ്യമന്ത്രിയും ധന, നിയമ മന്ത്രിമാരും അഡ്വക്കറ്റ്‌ ജനറലും പങ്കെടുക്കുന്ന യോഗമാണ്‌ ചേരുക. പുതിയ തീരമാനവും യോഗം ചർച്ച ചെയ്‌തേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here