ഈ ഏഴാം ക്ലാസുകാരി ചില്ലറക്കാരിയല്ല അവളുടെ സമയം വരുന്നേയുള്ളു; ആര്യനന്ദയെ കുറിച്ച് വിനോദ് കോവൂരിന്‍റെ കുറിപ്പ്

ഇന്ത്യയിലെ തന്നെ ജനപ്രിയ സംഗീത റിയാലിറ്റി ഷോ സരിഗമപ ഹിന്ദി ലിറ്റില്‍ ചാംപ്‌സിന്റെ കിരീടം ഇത്തവണ മലയാളി ആര്യനന്ദയ്ക്ക് ആയിരുന്നു. തനിക്കു വശമില്ലാത്ത ഹിന്ദി ഭാഷയില്‍ തനിമയൊട്ടും ചോരാതെ ഗാനങ്ങള്‍ ആലപിച്ച് വിധികര്‍ത്താക്കളെയും പ്രേക്ഷകരെയും അമ്പരപ്പിച്ചുകൊണ്ടാണ് ഈ ഏഴാം ക്ലാസുകാരി ജേതാവായത്. അഞ്ചുലക്ഷം രൂപയും ട്രോഫിയുമാണ് സമ്മാനം.

ഒപ്പം ചലചിത്രങ്ങളില്‍ പാടാനുള്ള അവസരവും ലഭിച്ചു. ഇപ്പോൾ ആര്യനന്ദയെ നടൻ വിനോദ് കോവൂർ കാണാൻ എത്തിയ ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്. ഒപ്പം വിനോദ് കോവൂർ പങ്കിട്ട കുറിപ്പും വൈറൽ ആണ്.

വിനോദ് കോവൂരിന്‍റെ കുറിപ്പ്

ZEE TV യിലെ സരിഗമപ റിയാലിറ്റി ഷോയിൽ വിജയിയായ കോഴിക്കോടിന്റെ അഭിമാനമായ് മാറിയ ആര്യ നന്ദയുടെ വീട്ടിൽ ഇന്നലെ പോയി.

മോളേയും സംഗീത അദ്ധ്യാപകരായ മാതാപിതാക്കളേയും അഭിനന്ദിച്ചു. ആ റിയാലിറ്റി ഷോ കണ്ടവർക്കറിയാം ആര്യനന്ദയുടെ വിജയത്തിന്റെ തിളക്കം.

ഹിന്ദി നന്നായി സംസാരിക്കാൻ പോലും അറിയാത്ത ആര്യ നന്ദ ഹിന്ദി പാട്ടുകൾ മാത്രം പാടിയാണ് പ്രഗല്ഭരായ വിധി കർത്താക്കളുടെ കണ്ണിലുണ്ണിയായി മാറിയത്. അതൊരു വലിയ നേട്ടമായി കാണണം.

ഒരു ഹിന്ദി ചാനലിൽ വന്ന റിയാലിറ്റി ഷോ ആയത് കൊണ്ട് തന്നെ മലയാളികൾക്ക് പലർക്കും ഈ ഷോ കാണാൻ സാധിച്ചിട്ടില്ല. ലോക് ഡൗൺ കാലമായത് കൊണ്ട് ഒരു നല്ല അഭിനന്ദന ചടങ്ങ് പോലും ഈ മോൾക്ക് വേണ്ടി സംഘടിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.

എന്തായാലും ഈ ഏഴാം ക്ലാസുകാരി ചില്ലറ കാരിയല്ല അവളുടെ സമയം വരുന്നേയുള്ളു. ദൈവത്തിന്റെ കൈയ്യൊപ്പ് ലഭിച്ച മോളാണ്. ആര്യ നന്ദയുടെ മാതാപിതാക്കൾ ഭാഗ്യമുള്ളവരാണ്, മനസിൽ ഒരുപാട് നന്മയും ലാളിത്യവും ഉള്ളവരാണ് ആ നിഷ്കളങ്കതയും എളിമയും മകൾക്കും കിട്ടിയിട്ടുണ്ട്.

ശ്രേയ മോൾക്കും കീർത്തനക്കും ഒപ്പം ഇനി കോഴിക്കോടിന്റെ ഒരു കൊച്ചു വാനമ്പാടി കൂടി പറന്നുയരാൻ തുടങ്ങുകയാണ്. മനസ് നിറഞ്ഞ പ്രാർത്ഥനയോടെ എല്ലാ ആശംസകളും നേരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News