കോടിയേരിയുമായി കൂടിക്കാഴ്ച നടത്തി: മുന്നണി പ്രവേശനത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷയെന്ന് ജോസ് കെ മാണി

കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി ഇടത് മുന്നണി നേതാക്കളെ കണ്ടു. എകെജി സെന്ററിലെത്തി സിപിഐഎം സംസ്ഥാന നേതാക്കളെ കണ്ട ജോസ് കെ മാണി സിപിഐ ഓഫീസിലെത്തി കാനം രാജേന്ദ്രനെയും കണ്ടു. സിപിഐമായുളള തര്‍ക്കം അടഞ്ഞ അധ്യായമെന്ന് ജോസ് കെ മാണി.എല്‍ഡിഎഫില്‍ എടുക്കുണമെന്ന് ഇടത് മുന്നണി നേതാക്കളോട് അഭ്യര്‍ത്ഥിച്ചാതായും തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് മുന്നണി പ്രവേശം നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു.

സമയം 10.30. സിപിഐ സംസ്ഥാന കമ്മറ്റി ഓഫീസിലേക്ക് ജോസ് കെ മാണിയും റോഷി അഗസ്റ്റിനും എത്തിയത് എകെജി സെന്ററിലെ വണ്ടിയില്‍. കാനവുമായുളള കൂടി കാഴ്ച്ച 10 മിനിറ്റ് മാത്രമാണ് നീണ്ടത്. സിപിഐയുമായുളള തര്‍ക്കം അടഞ്ഞ അധ്യായമെന്ന് ജോസ് കെ മാണി
പറഞ്ഞു.

പിന്നാലെ എകെജി സെന്ററിലേക്ക്. കാത്ത് നിന്ന മാധ്യമപടയെ വകഞ്ഞ് മാറ്റി അകത്തേക്ക്. ഓഫീസ് സെക്രട്ടറി സജീവനും, വേണുവും ചേര്‍ന്ന് ജോസ് കെ മാണിയെ മുകള്‍ നിലയിലെക്ക് കൊണ്ട് പോയി. അവിടെ കാത്ത് നിന്ന സിപിഐഎം നേതാക്കളുമായി രാഷ്ടീയ പ്രവേശനം സംബന്ധിച്ച് ചര്‍ച്ച. തുടര്‍ന്ന് ഇറങ്ങി വന്ന ജോസ് കെ മാണിയെയും റോഷി അഗസ്റ്റിനേയും യാത്രയാക്കാന്‍ കോടിയേരിയും എ. വിജയരാഘവനും പൂമുഖം വരെയെത്തി. കൈകൂപ്പി എകെജി സെന്ററില്‍ നിന്ന് പുറത്തേക്ക്. സ്‌നേഹേഷ്മളമായ സ്വീകരണമാണ് ലഭിച്ചതെന്ന് ജോസ് കെ മാണി പറഞ്ഞു.

എകെജി സെന്ററിന് മുകളില്‍ വിലങ്ങനെ വെച്ച അരിവാള്‍ ചുറ്റിക അടയാളത്തിന് മുന്നില്‍ ഫോട്ടോഗ്രാഫര്‍മാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഇരുവരും ഫോട്ടേക്ക് പോസ് ചെയ്തു. രാഷ്ടീയ അനാധത്വത്തിന്റെ കുപ്പതൊട്ടിയിലേക്ക് വലിച്ചെറിഞ്ഞവരോട് പൊരുതാനുറച്ചവന്റെ ശരീരഭാഷയായിരുന്നു ജോസ് കെ മാണിക്ക്. എല്ലാം മംഗളമായി പര്യവസാനിക്കുമെന്ന പ്രതീക്ഷയില്‍ ആണ് ജോസ് കെ മാണി ഇടത് നേതാക്കളെ കണ്ട് മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here