ഇടവേള ബാബുവിന്റെ പരാമര്‍ശം; ആക്രമിക്കപ്പെട്ട നടിയെ വേദനിപ്പിക്കാനാണെങ്കില്‍ അതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബാബുരാജ്

കൊച്ചി: ഇടവേള ബാബുവിന്റെ പരാമര്‍ശം ആക്രമണത്തെ അതിജീവിച്ച നടിയെ വേദനിപ്പിക്കാനാണെങ്കില്‍ അതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും താന്‍ നടിക്കൊപ്പമാണ് നില്‍ക്കുന്നതെന്നും ബാബുരാജ്. ബുധനാഴ്ച നടിയുമായി സംസാരിച്ചിരുന്നെന്നും കാരണം അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അമ്മ നിര്‍മ്മിക്കുന്ന അടുത്ത ചിത്രത്തില്‍ ഭാവനയുണ്ടാകുമോ ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി എന്നായിരുന്നു ഇടവേള ബാബു ഞങ്ങളോട് പറഞ്ഞത്. നിലവില്‍ തീരുമാനിച്ച സിനിമ 20-20യുടെ തുടര്‍ച്ചയല്ല. പല സിനിമകളിലും അമ്മയുടെ അംഗങ്ങളല്ലാത്ത അഭിനേതാക്കള്‍ ഉണ്ട്. അമ്മ നടത്തിയ ഷോകളില്‍ പോലും ഇത്തരത്തില്‍ അഭിനേതാക്കള്‍ പങ്കെടുത്തിട്ടുണ്ട്. ആരൊക്കെ അഭിനയിക്കും ഇല്ല എന്നത് പൂര്‍ണ്ണമായും നിര്‍മ്മാതാവിന്റെയോ അല്ലെങ്കില്‍ സംവിധായകന്റെ വിവേചനാധികാരമാണ് ബാബുരാജ് പറഞ്ഞു.

ഞങ്ങള്‍ക്ക് പരാതി ലഭിച്ചാല്‍ മാത്രമേ നടപടിയെടുക്കാന്‍ കഴിയൂ. ഫേസ്ബുക്കില്‍ പരാതി പോസ്റ്റ് ചെയ്യുന്നതിന് പകരം പാര്‍വതി അമ്മയുടെ പ്രസിഡന്റിന് പരാതി നല്‍കിയിരുന്നെങ്കില്‍ ഞങ്ങള്‍ തീര്‍ച്ചയായും നടപടിയെടുക്കുമായിരുന്നു. ഇപ്പോള്‍ സംഭവിച്ചത്, ഈ വിഷയത്തില്‍ ഞങ്ങളുടെ അഭിപ്രായം നഷ്ടപ്പെട്ടു എന്നതാണ്. പാര്‍വതി എന്തെങ്കിലും ഔപചാരിക പരാതി നല്‍കിയിട്ടുണ്ടോ എന്ന് കമ്മിറ്റി ചോദിച്ചാല്‍ ഞങ്ങള്‍ എന്താണ് പറയുകയെന്നും ബാബുരാജ് പറഞ്ഞു.

സംഘടനയുടെ പുറത്തുള്ള പരാതികള്‍ പരിശോധിക്കേണ്ട എന്നത് പുതിയ ബൈലോയില്‍ തീരുമാനിച്ചിട്ടുള്ളതാണ്. സംഘടനയുടെ പുറത്ത് പരാതി ഉന്നയിച്ചാല്‍ പിന്നെ അത് സംഘടനയില്‍ പറയേണ്ട കാര്യമില്ല. അത് കൊണ്ടാണ് എന്തെങ്കിലും നടപടി എടുക്കുന്നതില്‍ നിന്ന് ഞങ്ങളെ പിന്നോട്ട് വലിക്കുന്നതെന്നും ബാബുരാജ് പറഞ്ഞു. അമ്മയിലെ ഒഫിഷ്യല്‍ അംഗങ്ങള്‍ക്ക് മുമ്പില്‍ പരാതി നല്‍കുക എന്നതാണ് ആദ്യ നടപടി. അല്ലാതെ തൊട്ടടുത്ത ദിവസം തന്നെ എന്ത് നടപടിയാണ് എടുത്തതെന്ന് ചോദിച്ച്, അത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയല്ല കാര്യങ്ങള്‍ നടക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നടപടിയെടുക്കാന്‍, ഒരു സംവിധാനം നിലവിലുണ്ടായിരിക്കെ അവര്‍ ഈ പ്രക്രിയ പിന്തുടരേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. സംഘടനയുടെ പേരിന് കളങ്കമുണ്ടാക്കരുത് എന്നതാണ് ഞങ്ങളുടെ ഉദ്ദേശ്യം, അമ്മയില്‍ നിന്ന് സാമ്പത്തിക സഹായം ആശ്രയിക്കുന്ന ഒട്ടേറെപ്പേരുണ്ട്. ഈ സാമ്പത്തികം മമ്മൂട്ടി മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളില്‍ നിന്ന് എത്തുന്നതാണ്.

ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ മറവില്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അമ്മ പരാജയപ്പെടുന്നതായുള്ള ആരോപണത്തിലും ബാബുരാജ് മറുപടി പറഞ്ഞു. ഏഴോ എട്ടോ അംഗങ്ങള്‍ക്ക് പുറമെ, അമ്മയ്ക്കുള്ളിലുള്ളവര്‍ അത്തരം ആരോപണങ്ങള്‍ ഉന്നയിക്കാത്തത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ ചോദിക്കണം. അതുകൊണ്ടാണ് ഇതിനെല്ലാം കൃത്യമായ നടപടി ക്രമങ്ങള്‍ ഉണ്ടെന്ന് ഞാന്‍ പറഞ്ഞത്.

പാര്‍വതി തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ അമ്മയെ എഎംഎംഎ എന്ന് പരാമര്‍ശിക്കുന്നത് അവര്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ തന്നെ ആഗ്രഹിക്കുന്നുവെന്നുള്ളത് കൊണ്ടാണ്. എന്നാല്‍ ഞങ്ങള്‍ അവര്‍ക്കൊപ്പവും അവരുടെ പ്രശ്‌നങ്ങള്‍ക്കൊപ്പവുമാണെന്ന് അവര്‍ മനസിലാക്കണം.എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ ചെയ്യേണ്ടതുണ്ട്. അതുകൊണ്ടാണ് ഞങ്ങള്‍ ഉടന്‍ തന്നെ എക്‌സിക്യൂട്ടീവ് മീറ്റിംഗ് നടത്തുന്നത്. മാത്രമല്ല സംഘടന ചെയ്യുന്ന ധാരാളം നല്ലകാര്യങ്ങള്‍ ഈ പ്രശ്‌നം കാരണം നഷ്ടപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ബാബുരാജ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here