മാധ്യമപ്രവര്‍ത്തകനെ അധിക്ഷേപിച്ച് പിടി തോമസ്; പ്രതിഷേധം ശക്തം

കൊച്ചി: ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ പി ടി തോമസ് എംഎല്‍എ അധിക്ഷേപിച്ചതില്‍ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം. വാര്‍ത്താസമ്മേളനത്തിനിടെ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ പി ടി തോമസ് എംഎല്‍എ അധിക്ഷേപിക്കുന്ന വീഡിയോ രണ്ട് ദിവസമായി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാണ്.

ബുധനാഴ്ച എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഇത്രയും ധാര്‍ഷ്ഠ്യത്തോടെ ഒരു ജനപ്രതിനിധി പെരുമാറിയിട്ടും ഒരു മുഖ്യധാരാ മാധ്യമവും വിഷയം ഏറ്റെടുക്കാത്തത് എന്തുകൊണ്ടാണെന്നും പലരും ചോദിക്കുന്നു. കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് പകരം ഇടതുപക്ഷത്തെ ഏതെങ്കിലും പഞ്ചായത്ത് അംഗം ആണെങ്കില്‍ക്കൂടി വലിയ വാര്‍ത്തയാക്കുന്ന ചാനലുകള്‍ അടക്കം, വളരെ മോശമായ രീതിയില്‍ സംസാരിച്ച എംഎല്‍എയ്ക്കെതിരെ ഒരക്ഷരം മിണ്ടിയിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. തനിക്ക് താല്‍പ്പര്യമില്ലാത്ത ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന് നേരെ ആക്രോശിച്ച പി ടിതോമസ് അദ്ദേഹത്തിന്റെ വീട്ടുകാരെ അധിക്ഷേപിക്കുന്ന വിധത്തില്‍ പരാമര്‍ശം നടത്തുകയും ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെചീഫ് ടെക്നോളജിക്കല്‍ ഓഫീസര്‍ ഡോ. വിനോദ് ഭട്ടതിരിക്കെതിരെയും അദ്ദേഹത്തിന്റെ നിയമനത്തിനെതിരെയും ഗുരുതര ആരോപണങ്ങളുന്നയിക്കാനാണ് എംഎല്‍എ വാര്‍ത്താസമ്മേളനം വിളിച്ചത്. ഡോ. വിനോദ് ഭട്ടതിരിപ്പാട് സര്‍ക്കാരിന്റെ സൈബര്‍ ചാരനാണെന്നും സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്ര ഏജനസികളില്‍ നിന്ന് രഹസ്യം ചോര്‍ത്താന്‍ അദ്ദേഹത്തെ ഉപയൊഗിക്കുന്നതായും എംഎല്‍എ ആരോപിച്ചു. അദ്ദേഹത്തെ സര്‍ക്കാര്‍ വളഞ്ഞവഴിയിലൂടെയാണ് നിയമിച്ചതെന്ന ആക്ഷേപവും പറഞ്ഞു.

തുടര്‍ന്ന്, വിനോദ് ഭട്ടതിരിപ്പാട് എന്തെങ്കിലും ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണോ എന്നും അല്ലെങ്കില്‍ ആ നിയമനത്തില്‍ എന്താണ് പ്രശ്നമെന്നും ഒരു മാധ്യമപ്രവര്‍ത്തകന്‍ പി ടി തോമസിനോട് ചോദിച്ചു. അതേക്കുറിചച് പറഞ്ഞപ്പോള്‍ നിങ്ങള്‍ക്കെന്തിനാണ് പൊള്ളുന്നത് എന്ന മറുചോദ്യമായിരുന്നു പി ടി തോമസിന്റെ മറുപടി. വിനോദ് ഭട്ടതിരിക്കാണോ അദ്ദേഹത്തെ നിയമിച്ച സര്‍ക്കാര്‍ നടപടിയിലണോ കുഴപ്പമെന്ന ചോദ്യം മാധ്യമപ്രവര്‍ത്തകന്‍ ആവര്‍ത്തിച്ചപ്പോള്‍ നിങ്ങള്‍ക്ക് എന്താണ് ഇതിലിത്ര താല്‍പ്പര്യമെന്നും അയാള്‍ നിങ്ങളുടെ ബന്ധുവാണോ എന്നുമായി എംഎല്‍എയുടെ ചൊദ്യം. അപ്പോഴേക്കും എംഎല്‍എ ശബ്ദമുയര്‍ന്നു.

ബന്ധുവായാലെന്താ പ്രശ്നം എന്ന് മാധ്യപ്രവര്‍ത്തകന്‍. ബന്ധുവാണെങ്കില്‍ നിങ്ങളുടെ വീട്ടില്‍കൊണ്ടുപോയി നിയമിക്കണം എന്നായിരുന്നു രോഷത്തോടെയുള്ള എംഎല്‍എയുടെ മറുപടി. ആ പരാമര്‍ശത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ പ്രതിഷേധിച്ചപ്പോള്‍ അധിക്ഷേപം ആവര്‍ത്തിച്ച എംഎല്‍എ അതു പിന്‍വലിക്കില്ലെന്നും പറഞ്ഞു. അതൊന്നും തന്നേട് വേണ്ടെന്നും അതൊക്കെ കുറെ കണ്ടതാണെന്നുമുള്ള ഭീഷണിയും മുഴക്കി എംഎല്‍എ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here