ഇതാണ് മാസ് എന്‍ട്രി.. പറഞ്ഞുവരുന്നത് സോഷ്യല്‍ മീഡിയകളില്‍ വെെറലാകുന്ന ലാലേട്ടന്‍റെ വീഡിയോയെക്കുറിച്ചാണ്. ദൃശ്യം ലൊക്കേഷനിലേക്ക് മോഹന്‍ലാലെത്തുന്നതിന്‍റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. മോഹന്‍ലാല്‍ തന്നെയാണ് മാസ്‌ക് ധരിച്ച് പുറത്തിറങ്ങുന്ന വീഡിയോ ഒഫീഷ്യല്‍ പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നേരത്തെ ദൃശ്യം ലൊക്കേഷനിലേക്ക് മോഹന്‍ലാല്‍ തന്റെ പുതിയ ഇന്നോവ വെല്‍ഫയറില്‍ വന്നിറങ്ങുന്ന വീഡിയോ വൈറലായിരുന്നു. മാസ്‌ക് ധരിച്ച് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങുന്ന മോഹന്‍ലാല്‍ കൈ കൊണ്ട് മാസ്‌ക് മാറ്റി ലൊക്കേഷനിലെത്തുന്ന ദൃശ്യങ്ങളായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്.
എന്നാല്‍ മോഹന്‍ലാല്‍ മാസ്‌ക് മാറ്റുന്ന രീതിയും മാസ്‌കില്ലാതെ നടന്നതും സാമൂഹ്യമാധ്യമത്തില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തുടക്കം മുതല്‍ പ്രചാരകനായി നില്‍ക്കുന്ന മോഹന്‍ലാല്‍ മാസ്‌ക് മാറ്റിയ രീതി തെറ്റായ സന്ദേശം നല്‍കുമെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.
അതേസമയം ആരാധകര്‍ വ്യാപകമായി ഈ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തതിരുന്നു. ഇതിനു പിന്നാലെയാണ് മാസ്‌ക് ധരിച്ച് പുറത്തിറങ്ങുന്ന വീഡിയോ മോഹന്‍ലാല്‍ തന്‍റെ ഒഫീഷ്യല്‍ പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ദൃശ്യത്തിന്റെ സ്റ്റില്‍ ഫോട്ടോഗ്രഫര്‍ ബെന്നറ്റ് എം വര്‍ഗീസ് ആണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. കൊച്ചിയിലെ ആദ്യ ഘട്ട ചിത്രീകരണത്തിന് ശേഷം ദൃശ്യം സെക്കന്‍ഡ് തൊടുപുഴയില്‍ പുരോഗമിക്കുകയാണിപ്പോള്‍. ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ദൃശ്യം സെക്കന്‍ഡ് നിര്‍മ്മിക്കുന്നത് ആശിര്‍വാദ് സിനിമാസാണ്. മീന, മുരളി ഗോപി, സിദ്ദിഖ്, ആശാ ശരത് എന്നിവരും ചിത്രത്തിലുണ്ട്. സതീഷ് കുറുപ്പാണ് ക്യാമറ.

Get real time update about this post categories directly on your device, subscribe now.