ആവശ്യപ്പെട്ട രേഖകളെല്ലാം കിട്ടിയെന്ന് എന്‍ഐഎയും കസ്റ്റംസും; ചെന്നിത്തലയുടെ വാദങ്ങള്‍ പൊളിയുന്നു

സെക്രട്ടറിയറ്റിലെ തീപിടിത്തത്തിൽ എൻഐഎയും കസ്‌റ്റംസും എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റും (ഇഡി) ആവശ്യപ്പെട്ട രേഖകൾ നശിപ്പിച്ചുവെന്ന പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ ആവർത്തിച്ചുള്ള വാദം പച്ചക്കള്ളം. എല്ലാ രേഖകളുടെയും ഒറിജിനൽ കിട്ടി ബോധിച്ചതായി വിശദീകരിച്ച്‌ എൻഐഎയും ഇഡിയും കസ്‌റ്റംസും നൽകിയ രസീത്‌ പുറത്ത്. പൊതുഭരണ വകുപ്പ്‌ പൊളിറ്റിക്കൽ വിഭാഗത്തിൽനിന്ന്‌ ആഗസ്‌ത്‌ 19ന്‌ രേഖകൾ ലഭിച്ചതായി എൻഐഎയും കസ്‌റ്റംസും ആഗസ്‌ത്‌ 24ന്‌ രേഖകൾ ലഭിച്ചതായി എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റുമാണ്‌ രസീത്‌ നൽകിയത്‌. 25നാണ്‌ ഷോർട്ട്‌ സർക്യൂട്ട്‌മൂലം പൊളിറ്റിക്കൽ വിഭാഗത്തിൽ തീപിടിച്ചത്‌‌. തെളിവ്‌ നശിപ്പിക്കാൻ തീവച്ചുവെന്ന പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും വാദം തെറ്റാണെന്ന്‌ ഇത്‌ സാക്ഷ്യപ്പെടുത്തുന്നു.

യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിർവഹിക്കുന്നത്‌ പൊളിറ്റിക്കൽ വിഭാഗത്തിന്‌ എൻഐഎയും കസ്‌റ്റംസും ഇഡിയും അന്വേഷണത്തിന്‌ സഹായകമായ 13 രേഖ ആവശ്യപ്പെട്ട്‌ കത്ത്‌ നൽകി. ഇവ സീൽ വച്ച കവറിൽ (ലെറ്റർ നമ്പർ 89/Pol 4/2020/GAD, ലെറ്റർ നമ്പർ 89/Pol 4/2020/GAD) നൽകുകയും ചെയ്‌തു.

ഡ്യൂട്ടിഫ്രീ ക്ലിയറൻസുമായി ബന്ധപ്പെട്ട വിശദാംശങ്ങളുള്ള പ്രോട്ടോകോൾ ഹാൻഡ്‌ ബുക്ക്‌, 2019–-20, 2020–-21 കാലയളവിൽ യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട്‌ ഇളവ്‌ നൽകിയ സർട്ടിഫിക്കറ്റിന്റെ (എക്‌സംപ്‌ഷണൽ സർട്ടിഫിക്കറ്റ്‌) വിശദാംശങ്ങൾ, ഇതിന്‌ അപേക്ഷിച്ച ഉദ്യോഗസ്ഥർ, 2019–-20, 2020–-21 കാലയളവിൽ യുഎഇ കോൺസുലേറ്റിലെ ഡിപ്ലോമാറ്റുകളുടെ ഒപ്പുകളുടെ മാതൃക എന്നിവയാണ്‌ കസ്‌റ്റംസ്‌ ആവശ്യപ്പെട്ടത്‌.

എക്‌സംപ്‌ഷണൽ സർട്ടിഫിക്കറ്റ്‌ നൽകാനുള്ള അധികാരം പ്രോട്ടോകോൾ ഓഫീസർക്കില്ല. സർട്ടിഫിക്കറ്റിൽ മേലൊപ്പിടാൻ മാത്രമാണ്‌ അധികാരം. 2016 ഒക്‌ടോബർ 16 മുതൽ 2018 ആഗസ്‌ത്‌ 21വരെ 11 സർട്ടിഫിക്കറ്റിലാണ്‌ പ്രോട്ടോകോൾ ഓഫീസർ മേലൊപ്പിട്ടത്‌. ഇതിന്റെ രേഖയും കൈമാറി. സമാനമായ രേഖകൾക്ക്‌ പുറമെ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുടെ ഡിപ്ലോമാറ്റിക്‌ ഐഡന്റിറ്റി കാർഡ്‌, പ്രതി സരിത്തിന്‌ ഡിപ്ലോമാറ്റിക്‌ പാസ്‌പോർട്ട്‌ നൽകിയിട്ടുണ്ടോ എന്നിവയും എൻഐഎയും യുഎഇ കോൺസുലേറ്റുമായി നടത്തിയ കത്തിടപാടിന്റെ ലഡ്‌ജർ ബുക്കിന്റെ പതിപ്പ്‌ ഇഡിയും കൂടുതലായി ആവശ്യപ്പെട്ടു. കൊച്ചി എൻഐഎ ഓഫീസിൽ ഡിവൈഎസ്‌പി സി രാധാകൃഷ്‌ണപിള്ളയെയാണ്‌ പ്രോട്ടോകോൾ ഓഫീസർ രേഖകൾ ഏൽപ്പിച്ചത്‌. ഇഡി ആവശ്യപ്പെട്ട രേഖകൾ 24ന്‌ കൊച്ചി സോണൽ ഓഫീസിലാണ്‌ എത്തിച്ചത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here