കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കുട്ടികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ രോഗമാണ് മൾട്ടി സിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രം. ഏപ്രിൽ അവസാന വാരം ഇംഗ്ലണ്ടിൽ നിന്നും ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട രോഗം തുടർന്ന് അമേരിക്ക, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ സ്ഥിരീകരിച്ചു.ഏപ്രിൽ അവസാനവാരമാണ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഈ രോഗം ഒരു കുട്ടിയിൽ സ്ഥിരീകരിച്ചത്. ഏഷ്യയിലെ ആദ്യത്തെ കേസായിരുന്നു ഇത്.ഡോ അബ്ദുൽ റൗഫ് കെ കെ യുടെ നേതൃത്വത്തിൽ മെഡിക്കൽ സംഘം നൽകിയ വിദഗ്ധ ചികിത്സയെത്തുടർന്ന് കുട്ടി രോഗമുക്തി നേടി.
കഴിഞ്ഞ മൂന്നു മാസങ്ങളിൽ ഇന്ത്യയിലെ മിക്ക നഗരങ്ങളിൽ നിന്നും ഇത്തരം കേസുകൾ ഒട്ടനവധി റിപ്പോർട്ട് ചെയ്യപ്പെട്ടു. കേരളത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇതുവരെ പത്തോളം കേസുകൾ നിർണയിച്ച് ചികിത്സിച്ചിട്ടുണ്ട്. കൊച്ചിയിലും കോഴിക്കോടുമുള്ള വിവിധ ആശുപത്രികളിൽ ഈ രോഗം ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.കൊവിഡ് അണുബാധ വന്നിട്ടുള്ള,അല്ലെങ്കിൽ തിരിച്ചറിയാതെ പോകുന്ന കുട്ടികളിലാണ് മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം കണ്ടെത്തുന്നത്. അണുബാധക്ക് ശേഷം ചില കുട്ടികളിൽ രണ്ടാഴ്ച മുതൽ രണ്ടു മാസം വരെയുള്ള കാലയളവിൽ ആണ് ഈ രോഗാവസ്ഥ പ്രകടമാകുന്നത്.
24 മണിക്കൂറോ അതില്‍ കൂടുതലോ നീണ്ടുനിൽക്കുന്ന പനി, ഛര്‍ദ്ദി, വയറിളക്കം, വയറുവേദന, ചര്‍മ്മത്തില്‍ കുരുക്കള്‍, കഠിനമായി ക്ഷീണം,ഹൃദയമിടിപ്പ് കൂടുക, കണ്ണുകള്‍ ചുവക്കുക, ചുണ്ടിന്റെയും നാവിന്റെയും നിറം മാറുക, തലവേദന,കൈക്കും കാലിനും വേദന, തലകറക്കം എന്നിവയാണ് പൊതുവായി കാണുന്ന ലക്ഷണങ്ങള്‍.കടുത്ത വയറുവേദന അനുഭവപ്പെടുക, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുക, മുഖവും ചുണ്ടുകളും നീലനിറമാകുക, എഴുന്നേല്‍ക്കാനാവാത്ത സ്ഥിതിയുണ്ടാവുക എന്നിങ്ങനെയുള്ള അവസ്ഥയിലേക്ക് മാറിയാല്‍ ഗുരുതരാവസ്ഥയിലാകുന്നതിന്റെ ലക്ഷണമാണെന്ന് വിദഗ്ധര്‍ പറയുന്നു.കുട്ടിക്ക് ഈ ലക്ഷണങ്ങളുണ്ടായാല്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കണം.ഗുരുതരമായ ലക്ഷണങ്ങളില്ലെങ്കിലും വിദഗ്ധ സഹായം തേടണം.കോവിഡ് വയറസിനെ ശരീരം പ്രതിരോധിക്കുന്നതിന്റെ ഭാഗമായിട്ടുണ്ടാകുന്നതാകാമെന്ന അഭിപ്രായമുണ്ട്.മൂന്നിനും 12നും ഇടയില്‍ പ്രായമുള്ള കുട്ടികളിലാണ് പൊതുവെ ഈ രോഗാവസ്ഥയുണ്ടായിട്ടുള്ളത്.
കുട്ടികളിൽ കോവിഡ് പി.സി.ആർ. ടെസ്റ്റ് നെഗറ്റീവും ആന്റിബോഡി ടെസ്റ്റുകൾ പോസിറ്റീവുമായിട്ടാണ് ഈ അസുഖംസാധാരണ കാണപ്പെടുന്നത്. മുൻപ് കോവിഡ് വൈറസ് അണുബാധ വന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്. അതിനാൽ ഈ കുട്ടികളിൽ നിന്ന് മറ്റുള്ളവരിലേക്ക് കോവിഡ് അണുബാധ പകരാൻ സാധ്യതയില്ല.ശക്തമായ പനി, കണ്ണിലും വായിലുമുള്ള ചുവപ്പ്, ശരീരത്തിലെ പാടുകൾ(റാഷസ്) തുടങ്ങിയവയ്ക്ക് പുറമേ അസുഖത്തിന്റെ തുടക്കത്തിലേയുള്ള വയറുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ 60 ശതമാനം കുട്ടികളിൽ കാണപ്പെടുന്നു.
ഹൃദയത്തിന്റെ പേശികളെ ബാധിക്കുന്ന അവസ്ഥ, കുറഞ്ഞ രക്തസമ്മർദം, വൃക്കയേയും കരളിനെയും ബാധിക്കൽ തുടങ്ങിയ ഗുരുതരാവസ്ഥകളും കാണപ്പെടുന്നുണ്ട്.രക്തപരിശോധനയിൽ ക്രമാതീതമായി അളവ് വർധിച്ച സി.ആർ.പി., ഫെറിറ്റിൻ തുടങ്ങിയവ കാണപ്പെടുന്നു. ഒപ്പം പ്ലേറ്റ്ലെറ്റ് കൗണ്ട് കുറവായിട്ടാണ് ഈ അസുഖത്തിൽ കാണപ്പെടുന്നത്.ശരിയായ സമയത്ത് രോഗനിർണയം നടത്തി ഐ.വി. ഇമ്മ്യൂണോഗ്ലോബുലിൻ, സ്റ്റിറോയ്ഡ്സ് എന്നിവ ഉപയോഗിച്ച് ചികിത്സിച്ചാൽ നല്ല ചികിത്സാഫലം ലഭിക്കുന്നുണ്ട് എന്നതാണ് ഈ രോഗത്തിന്റെ നല്ല വശം.
എക്കോ ടെസ്റ്റ് ഉപയോഗിച്ച് ഹൃദയത്തിന്റെ പ്രവർത്തനം പരിശോധിക്കുകയും രക്തക്കുഴലുകളെ നിരീക്ഷിക്കുകയും ചെയ്ത് ആസ്പിരിൻ പോലുള്ള ഗുളികകൾ നൽകുകയും ചെയ്യേണ്ടതാണ്.
കേരളത്തിൽ കോവിഡ് കൂടിവരുന്നതിനാലും രോഗവ്യാപനം ആരംഭിച്ചിട്ട് മാസങ്ങൾ പിന്നിട്ടതിനാലും ഈ അസുഖം ഇനിയുള്ള ആഴ്ചകളിൽ കൂടുതൽ കാണപ്പെടാൻ സാധ്യതയുണ്ട്.

Get real time update about this post categories directly on your device, subscribe now.