കനത്ത മഴയില്‍ ഉത്തര കര്‍ണാടകയില്‍ വീണ്ടും വെള്ളപ്പൊക്കം. മൂന്നു മാസത്തിനിടെ മൂന്നാം തവണയാണ് ബെലഗവി, കലബുര്‍ഗി, റെയ്ച്ചൂര്‍, യാദ്ഗീര്‍, കോപ്പല്‍, ഗഡാഗ്, ധാര്‍വാഡ്, ബാഗല്‍കോട്ടെ, വിജയപുര, ഹവേരി മേഖലയില്‍ വെള്ളപ്പൊക്കമുണ്ടാകുന്നത്. വ്യാഴാഴ്ച രാത്രി ഭിമ നദി നിറഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് കലബുര്‍ഗി, യാദ്ഗീര്‍ ജില്ലകളിലെ നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. വ്യാപകമായി കൃഷിയും നശിച്ചു. ഭക്ഷ്യസംഭരണ ഗോഡൗണുകളിലും വെള്ളം കയറി.
കര്‍ണാടകത്തിലെ സ്ഥിതി രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ഉന്നത ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്നു. സെപ്തംബറിലെ കാലവര്‍ഷത്തില്‍ സംസ്ഥാനത്ത് ശരാശരി 800 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കാറ്. എന്നാല്‍, ഇത്തവണയത് 1000 മില്ലിമീറ്റാണെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കലബുര്‍ഗിയില്‍മാത്രം 36 ക്യാമ്പിലായി 4864 പേരെ മാറ്റി താമസിപ്പിച്ചു.
കഴിഞ്ഞ മൂന്നു ദിവസമായി മഹാരാഷ്ട്രയിലെ സോലാപുര്‍, പുണെ, സാംഗ്ലി, ഔറംഗാബാദ് ജില്ലകളില്‍ മഴക്കെടുതിയില്‍ 47 പേര്‍ മരിച്ചു. 20,000 പേരെ മാറ്റി താമസിപ്പിച്ചു. തമിഴ്നാട്ടിലെ സേലം, തിരുവണ്ണാമലൈ, ധര്‍മപുരി, തിരുപ്പട്ടൂര്‍ എന്നീ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
തെലങ്കാനയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 50 ആയി. സംസ്ഥാനത്ത് 6000 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. അതേസമയം, മഴ കുറഞ്ഞതിനെത്തുടര്‍ന്ന് തെലങ്കാന സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ തുടങ്ങി. 44,000 പേരാണ് 64 ദുരിതാശ്വാസ ക്യാമ്പിലായി കഴിയുന്നത്.

Get real time update about this post categories directly on your device, subscribe now.