സാമ്പത്തിക അസമത്വവും ജാതീയമായ അടിച്ചമർത്തലും അതിരൂക്ഷമായി തുടരുന്ന പുതിയ കാലത്ത് ബദൽ രാഷ്ട്രീയം ഉയർത്തുന്നതില്‍ കമ്മ്യൂണിസ്റ്റുകാർക്ക് സുപ്രധാന പങ്കുവഹിക്കാൻ കഴിയും: എംഎ ബേബി

കൊളോണിയൻ ആധിപത്യത്തിൽ നിന്നും രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയിട്ട് 73 വർഷങ്ങൾ കടന്നുപോയിരിക്കുന്നു. സാമ്പത്തിക അസമത്വവും ജാതീയമായ അടിച്ചമർത്തലും അതിരൂക്ഷമായി തുടരുന്നു. സവർണ്ണഫാസിസ്റ്റ് വർഗീയതയും ന്യൂനപക്ഷ വർഗ്ഗീയതകളും മതതീവ്രവാദവും സ്ത്രീപീഡനവും ന്യൂനപക്ഷ- ദളിത് ആദിവാസി വിഭാഗങ്ങളുടെ അരികുവൽകരണവും അടിച്ചമർത്തലുകളും ചൂഷണവും അതിഭയാനകമാണ്.

രാഷ്ട്രീയത്തിന്റെ വലതുപക്ഷ വൽക്കരണവുംമാഫിയ സ്വാധീനവും പണാധിപത്യവും എല്ലാ പരിധികളും കടന്നിരിക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങൾ, ആർ എസ്സ്എസ്സ് നിയന്ത്രണത്തിലുള്ള കേന്ദ്ര ഭരണ കക്ഷിയുടെ ചൊൽപ്പടിക്ക് നിൽക്കുന്ന സാഹചര്യം കൂടുതൽകൂടുതൽ ശക്തമായി രൂപപ്പെടുകയാണ്. ഇതിനെല്ലാം എതിരായി വളർന്നു വരേണ്ട വിശാലമായ ബഹുജനസമര പ്രസ്ഥാനം ലക്ഷ്യബോധത്തോടെ മുന്നോട്ടുപോകണമെങ്കിൽ ഇടതുപക്ഷ ജനാധിപത്യ ശക്തികൾ ക്ക് അതിൽഫലപ്രദമായിപങ്കാളിത്തമുണ്ടാവണം.

അതുകഴിയണമെങ്കിൽ കമ്മ്യൂണിസ്റ്റുകാർ ഇന്നത്തേതിനെയപേക്ഷിച്ച് പലമടങ്ങ് ശക്തിപ്പെടേണ്ടതുണ്ട്.അത്തരമൊരു ബദൽ രാഷ്ട്രീയം ഉയർന്നുവരുന്നതിൽ കമ്മ്യൂണിസ്റ്റുകാർക്ക് സുപ്രധാന പങ്കുവഹിക്കാൻ കഴിയും. കമ്മ്യൂണിസ്റ്റ് – ഇടതുപക്ഷ – സോഷ്യലിസ്റ്റ് മതേതര ശക്തികൾ സത്യസന്ധമായ ആത്മപരിശോധന യിലൂടെ ബലഹീനതകൾ തിരുത്തി ബഹുജന സ്വാധീനവും വിശ്വാസവും പലമടങ്ങ് വർദ്ധിപ്പിക്കുകയാണ് ഈ സാഹചര്യത്തിന്റെ അടിയന്തിരാവശ്യം.

അതിനു സഹായകമാവും വിധമാവണം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംഘടിത പ്രവർത്തനത്തിന്റെ ആരംഭം കുറിച്ച 1920 ഒക്ടോബർ 17 ന്റെ 100-)o വാർഷികാചരണത്തിന്റെഭാഗമായുള്ള ആലോചനകളും സംവാദങ്ങളും.

പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി ഫെയ്സ്ബുക്കില്‍ എ‍ഴുതിയ കുറിപ്പിന്‍റെ പൂര്‍ണ രൂപം

നൂറിന്റെ നിറവിൽ കമ്മ്യൂണിസ്റ്റ് പ്രസക്തി.

മൂന്നു പതിറ്റാണ്ടുകൾ മുമ്പ് ഒരു കൂട്ടം ആളുകൾ പരസ്പരം ബന്ധപ്പെട്ട രണ്ടു വാദമുഖങ്ങൾ അവതരിപ്പിക്കുകയുണ്ടായി. ‘തുറന്ന കമ്പോള വ്യവസ്ഥ’ എന്ന ഓമനപ്പേരിൽ ക്കൂടിഅറിയപ്പെടുന്ന ‘മുതലാളിത്തം’ ചരിത്രത്തിൻറെ അവസാനവാക്കാണ്. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ ചരിത്രത്തിന്റെ അന്ത്യം ! അതുകൊണ്ടുതന്നെ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് നിലനിൽക്കാൻ ഇനി അവകാശമില്ല ;അവ പിരിച്ചുവിടണം.
സോവിയറ്റ് യൂണിയനും കിഴക്കൻ യൂറോപ്യൻ സോഷ്യലിസ്റ്റ് പരീക്ഷണങ്ങളും ശിഥിലമായ പശ്ചാത്തലത്തിലാണ് മേൽസൂചിപ്പിച്ച വാദമുഖങ്ങൾ ഉയർന്നത്. ഒട്ടേറെപ്പേരെ ആശയക്കുഴപ്പത്തിലാക്കിയ സാഹചര്യമായിരുന്നു അതെന്ന ചരിത്ര യാഥാർത്ഥ്യം വിസ്മരിക്കുന്നില്ല. കുറേ കമ്മ്യൂണിസ്റ്റ് പാർട്ടികൾ പേരും പരിപാടിയും മാറ്റിയതുൾപ്പെടെ ചില പരിഭ്രമപ്രതികരണങ്ങൾ നടത്തുകയും ചെയ്തു.
രൂപവത്കരിച്ചിട്ട് ഒരു നൂറ്റാണ്ട് തികയുന്ന സന്ദർഭത്തിൽ അഭിമാനപൂർവ്വം ഒരു കാര്യം ഓർക്കാം, തിരിച്ചടികൾ സമചിത്തതയോടെ അഭിമുഖീകരിക്കുകയും ശാസ്ത്രീയമായി അതിനോട് പ്രതികരിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ ഒന്നാണ് സിപിഐഎം. അന്നത്തെ തിരിച്ചടി നിസ്സാരമായിരുന്നില്ല. അതിനു കാരണമാകട്ടെ, ശാസ്ത്രീയമായ സോഷ്യലിസ്റ്റ് സിദ്ധാന്തത്തിന്റെ അശാസ്ത്രീയമോ, പോരായ്മകൾ നിറഞ്ഞതോ ആയ പ്രയോഗം തന്നെ. മുതലാളിത്ത ചൂഷണ വ്യവസ്ഥയുടെ ആയുസ്സ് കുറെ നീട്ടിക്കിട്ടാൻ സോഷ്യലിസ്റ്റ് പരീക്ഷണങ്ങൾക്കേറ്റ തിരിച്ചടിയിലൂടെ സാധിച്ചേക്കാം. എന്നാൽ ചൂഷണ വ്യവസ്ഥ ; ഒരർത്ഥത്തിൽ ഒരുവ്യവസ്ഥയും , ഒരിക്കലും ശ്വാശതമല്ല. അനുസ്യൂതം പുതുക്കിക്കൊണ്ടിരിക്കുന്നതിനേ നിലനില്പുള്ളു . വ്യത്യസ്ത പാതകളിലൂടെയായാലും സമത്വവും നീതിയും തുല്യതയും പുലരുന്ന ഒരു നവലോകം ഇന്നല്ലെങ്കിൽ നാളെ സ്ഥാപിക്കപ്പെടുക തന്നെ ചെയ്യും. ഇതായിരുന്നു വിപ്ലവകരമായ ശുഭാപ്തി വിശ്വാസത്തോടെ സിപിഐഎം പ്രഖ്യാപിച്ചത്.
മുതലാളിത്ത വ്യവസ്ഥ സൃഷ്ടിക്കുന്ന ‘ സമൃദ്ധി ‘ ‘ഊർന്നിറങ്ങി ദരിദ്രർക്കും ജീവിതാഭിവൃദ്ധിയുണ്ടാക്കും തുടങ്ങിയവയായിരുന്നു ചരിത്രത്തിന്റെ അന്ത്യം പ്രവചിച്ചവർ മുന്നോട്ടുവച്ച സിദ്ധാന്തം. 2008 ലെ ആഗോള സാമ്പത്തിക തകർച്ച മുതലാളിത്ത വ്യവസ്ഥയുടെ മികവിന് സ്തുതിഗീതം പാടിയ വരെ അങ്കലാപ്പിലാക്കി .തോമാ പിക്കറ്റിയെ പോലെയുള്ളവർ മുതലാളിത്തത്തിനു കീഴിൽ അസഹനീയമായി അസമത്വം പെരുകുന്നതിനെപ്പറ്റി അവിതർക്കിതമായ വസ്തുതകൾ അവതരിപ്പിച്ചു. ഞങ്ങൾ 99% എന്ന മുദ്രാവാക്യവുമായി അമേരിക്കയിലെ ‘വാൾസ്ട്രീറ്റിൽ ‘ ആരംഭിച്ച തെരുവുനിറക്കൽ ‘ പ്രക്ഷോഭം മറ്റുനഗരങ്ങളിലേക്കും പടർന്നുപിടിച്ചു. കത്തോലിക്കാ സഭയുടെ മഹാപുരോഹിതനായ ഫ്രാൻസിസ് മാർപാപ്പ 2013 ലെ ചാക്രിക ലേഖനത്തിലും , ഇപ്പോൾ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പ്രസിദ്ധീകരിച്ച രേഖയിലും ഒരു കാര്യം അസന്നിഗ്ദമായി പ്രസ്താവിച്ചിരിക്കുന്നു.അസമത്വം, രോഗം, ദുരിതം , പകർച്ചവ്യാധി ഇതൊന്നും പരിഹരിക്കാൻ കമ്പോളത്തിന് ആധിപത്യം നൽകുന്ന സാമ്പത്തിക സാമൂഹ്യ വ്യവസ്ഥയ്ക്ക് കഴിയുന്നില്ല. മാത്രമല്ല; അന്തിമവിശകലനത്തിൽ അവയ്ക്കൊക്കെ കാരണംതന്നെ ഈ ചൂഷണവ്യവസ്ഥിതിയാണ്. അതുകൊണ്ട് ചരിത്രത്തിൻറെ അന്ത്യത്തിലല്ല ചരിത്രത്തിന്റെ വ്യത്യസ്ത ഗതി വേഗങ്ങളിലുള്ള തുടർച്ചയിലാണ് നാം എന്ന കാഴ്ചപ്പാടിൽ കമ്മ്യൂണിസ്റ്റുകാരും , ഇടതുപക്ഷക്കാരും , മാനുഷിക മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന മത , ആത്മീയ നേതാക്കളും ഒക്കെ യോജിക്കുന്ന ഒരു ദശാസന്ധിയിലാണ് നാമിപ്പോൾ. ഇന്ത്യക്കാരായ കമ്മ്യൂണിസ്റ്റ്കാർ സംഘടിതമായി പ്രവർത്തിക്കുന്നതിന് ആദ്യമായി താഷ്ക്കന്റിൽ ഒത്തുകൂടിയതിന്റെ ശതാബ്ദി നാം ആചരിക്കുന്നതിന്റെ പശ്ചാത്തലമിതാണ്.
ലാറ്റിനമേരിക്കയിലെ മെക്സിക്കോയിൽ എത്തി സ്പാനിഷ് ഭാഷ പഠിച്ച് അവിടെ സോഷ്യലിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുകയും അതിനെ കമ്മ്യൂണിസ്റ്റ് പാർട്ടിയായി രൂപാന്തരപ്പെടുന്നതിൽ നേതൃത്വപരമായ പങ്ക് വഹിക്കുകയും ചെയ്ത മാനബേന്ദ്രനാഥ് റോയി എന്ന എം എൻ റോയി ആണ് 1920, ഒക്ടോബർ 17 ന് താഷ്കന്റിൽ ചേർന്ന ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളുടെ പ്രഥമ യോഗത്തിന്റെ സൂത്രധാരൻ. പക്ഷേ, 1917ലെ സോവിയറ്റ് വിപ്ലവത്തിനു മുമ്പ് തന്നെ ഇന്ത്യയിൽ കമ്യൂണിസ്റ്റ് ആശയങ്ങൾ പ്രചരിച്ചിരുന്നു. ഉത്പതിഷ്ണുക്കളായ യുവാക്കൾ കമ്യൂണിസത്തിലേക്ക് ആകർഷിതരായി. ഭഗത് സിങ്ങിന്റെ വിപ്ലവപ്രസ്ഥാനത്തിന്റെ ആശയം കമ്യൂണിസമായിരുന്നു. ഒരർത്ഥത്തിൽ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യപഥികർ സഖാവ് ഭഗത് സിങും സഹവിപ്ലവകാരികളുമായിരുന്നു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, പി കേശവദേവ് തുടങ്ങിയവർ കമ്യൂണിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിച്ചു. തമിഴ്നാട്ടിലെ ശിങ്കാരവേലു ചെട്ടിയാർ തുടങ്ങിയവരും ഔപചാരികമായി ഒരു കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കുന്നതിനു മുമ്പു കമ്യൂണിസ്റ്റ് ആശയങ്ങൾ ഉയർത്തി പ്പിടിച്ചവരാണ്.
1919 സ്ഥാപിതമായ കമ്യൂണിസ്റ്റ് ഇൻറർനാഷണലിന്റെ നിർദ്ദേശപ്രകാരമാണ് മധ്യ ഏഷ്യൻ ബ്യൂറോയുടെ നേതൃത്വം എം എൻ റോയി ഏറ്റെടുത്തത്. അതിൻറെ ഭാഗമായി നടന്ന ഇന്ത്യൻ വിപ്ലവകാരികളുടെ രൂപീകരണ യോഗത്തിൽ എം എൻ റോയി, എവ് ലിൻ റോയ്, അബനി മുഖർജി, റോസഫിറ്റിൻ ഗോഫ്, മുഹമ്മദ് അലി , മുഹമ്മദ് ഷഫീക്ക്, എം പി ബി ടി ആചാര്യ എന്നിങ്ങനെ ഏഴ് പേർ പങ്കെടുത്തു. മുഹമ്മദ് ഷഫീക്കിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇന്ത്യൻ സാഹചര്യം കണക്കിലെടുത്ത് പാർട്ടി പരിപാടികൾക്കും ചട്ടങ്ങൾക്കും രൂപംനൽകാനും കോമിന്റേണിൽ അംഗത്വത്തിന് അപേക്ഷ നൽകാനും യോഗം തീരുമാനിച്ചു. എന്നാൽ പരിപാടി തയ്യാറാക്കലൊന്നും അന്ന് നടന്നില്ല.

1920 കളുടെ തുടക്കത്തിൽ ബോംബെ, ലാഹോർ , ബനാറസ് , കാൺപൂർ, കൽക്കട്ട,മദിരാശി എന്നിവിടങ്ങളിൽ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകൾ ഉയർന്നുവന്നു. അവയെ ബന്ധപ്പെടാൻ എം എൻ റോയി നിരന്തരമായ കത്തിടപാട് നടത്തി. 1921 ലെ അഹമ്മദാബാദ് എ ഐ സി സി സമ്മേളന പ്രതിനിധികൾക്ക് എം എൻ റോയിയും അബനിമുഖർജിയും ഒരു തുറന്ന കത്തെഴുതി. ട്രേഡ് യൂണിയനും കിസാൻസഭകളും (അഞ്ച് പ്രവിശ്യകളിൽ ആയിരുന്നു അന്ന് പ്രവർത്തിച്ചിരുന്നത് ) മുന്നോട്ടുവയ്ക്കുന്ന തൊഴിലാളികളുടെയും കൃഷിക്കാരുടെയും ആവശ്യങ്ങൾ കോൺഗ്രസ് ഏറ്റെടുത്ത് സ്വന്തം ആവശ്യങ്ങളുടെ കൂട്ടത്തിൽ ശക്തിയായി ഉയർത്തണം എന്ന ആവശ്യമായിരുന്നു ആ കത്തിൽ മുഖ്യമായും ഉന്നയിച്ചത്. അതേ കോൺഗ്രസ് സമ്മേളനത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആശയമായ ‘ പരിപൂർണ്ണ സ്വാതന്ത്ര്യ പ്രമേയം’ ഇങ്ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം രൂപപ്പെടുത്തിയ ‘ ഹസ്രത് മൊഹാനി അവതരിപ്പിച്ചു. മഹാത്മജിയും സഹപ്രവർത്തകരും അത് അപ്രായോഗികവു അകാലികവും ആണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞതും ചരിത്രം . സ്വാതന്ത്ര്യസമരനാളുകളിൽ കമ്മ്യൂണിസ്റ്റുകാർ നൽകിയ സംഭാവനകൾ ഒന്നോടിച്ചു നോക്കുന്നത് അർത്ഥവത്താണ് . ‘പൂർണസ്വാതന്ത്ര്യം ‘ എന്ന കാഴ്ചപ്പാട് ( പിന്നീട് മഹാത്മജിയും മറ്റ് കോൺഗ്രസ് നേതാക്കളും അംഗീകരിച്ചു.)അവതരിപ്പിച് സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തെ ശരിയായ ദിശയിലേക്ക് നയിക്കാൻ ഉള്ള ആശയസമരം നടത്തുന്നതോടൊപ്പം പ്രായോഗികമായി ബഹുജന സമര സംഘടനകൾ കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധാർഹമായ സംഭാവനകളാണ് കമ്മ്യൂണിസ്റ്റുകാർ നൽകിയത്. ബ്രിട്ടീഷ് സാമ്രാജ്യത്വവും 1920 തുടക്കം മുതൽ പെഷവാർ, കാൺപൂർ ,മീററ്റ് തുടങ്ങി വലുതും ചെറുതുമായ ഒട്ടേറെ ഗൂഢാലോചന കേസുകൾ കെട്ടിച്ചമച്ച് കമ്യൂണിസ്റ്റ് സ്വാധീനം വ്യാപിക്കുന്നത് തടയാൻ ജനിച്ചപ്പോൾമുതൽശ്രമിച്ചു. 1934 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഔപചാരികമായി നിരോധിക്കുന്നതിന് മുമ്പ് തന്നെ ഫലത്തിൽ നിയമവിരുദ്ധ സംഘടനയോട് എന്ന വിധമാണ് സാമ്രാജ്യത്വ ഭരണാധികാരികൾ ശത്രുതയോടെ പെരുമാറിയത്.

1925 ൽ കാൺപൂരിൽ ചേർന്ന സമ്മേളനം ആണ് പ്രാതിനിധ്യ സ്വഭാവത്തോടെ ഇന്ത്യയിൽ വെച്ച് നടന്ന കമ്മ്യൂണിസ്റ്റുകാരുടെ പ്രഥമ സമ്മേളനം .പ്രവർത്തനക്ഷമമായ ഒരു അഖിലേന്ത്യാ കേന്ദ്രം 1933 ൽ കൽക്കട്ടയിൽ ചേർന്ന കേന്ദ്രകമ്മിറ്റി യോഗത്തെത്തുടർന്നാണ് നിലവിൽ വരുന്നത്.
1943 ലാണ് പ്രഥമ പാർട്ടി കോൺഗ്രസ് ബോംബെയിൽ ചേരുന്നത്. 16,000 (പതിനാറായിരം) പാർട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 139 പേരാണ് സമ്മേളനത്തിൽ പങ്കെടുത്തത്. ബാലസംഘം പ്രതിനിധിയായി പിന്നീട് ബർലിൻകുഞ്ഞനന്തൻനാർ എന്ന് പ്രസിദ്ധനായ പത്രപ്രവർത്തകനായിത്തീർന്നസഖാവ് പ്രഥമ പാർടി കോൺഗ്രസ്സിൽ പങ്കെടുക്കുകയുണ്ടായി. അദ്ദേഹമാണ് അക്കൂട്ടത്തിൽ ഇന്നു ജീവിച്ചിരിക്കുന്ന ഏക വ്യക്തി. പ്രതിനിധികളിൽ 70% പേരും ഒന്നിലധികം തവണ ജയിൽവാസം അനുഭവിച്ചവർ. അവർ എല്ലാവരും കൂടിജയിലിൽ കിടന്ന കാലാവധി കൂട്ടിയാൽ 411 വർഷം ! ഈ യാഥാർഥ്യം അറിയാതെ ആകാം ചില സുഹൃത്തുക്കൾ കമ്മ്യൂണിസ്റ്റുകാർ ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ത്യാഗംസഹിച്ചതിനെപ്പറ്റി സംശയങ്ങൾ ഉന്നയിച്ചു കേൾക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരചരിത്രത്തിലെ വിപ്ലവകാരി പാരമ്പര്യത്തിൽ ഒളിവിലും തടവിലും ജീവിച്ചും ചോരയും ജീവനും കൊടുത്തും ഏറ്റവും അധികം ത്യാഗം ചെയ്തത് കമ്യൂണിസ്റ്റുകാർ ആണ്. ഭഗത് സിംഗും ഹസ്രത് മൊഹാനിയും ഏറ്റവും അവസാനം ബോംബെയിലെ നാവികകലാപത്തെ പിന്തുണച്ച തൊഴിലാളികളും ആലപ്പുഴയിലെ തൊഴിലാളികളും ഇല്ലാതെ ഇന്ത്യൻ സ്വാതന്ത്ര്യസമരം ഇല്ല. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് ഏറ്റവും വിപ്ലവകരമായ ആശയങ്ങൾ നല്കുകയും ബ്രിട്ടീഷുകാർക്കെതിരായ യുദ്ധത്തിൽ ഏറ്റവും ചോര ചിന്തുകയും ചെയ്തത് കമ്യൂണിസ്റ്റുകാർ ആണ്.

പ്രത്യേക തിരുവിതാംകൂർ രാഷ്ട്രം സ്ഥാപിക്കാൻ ഒരുമ്പെട്ടതിനെതിരെ നടന്ന പുന്നപ്രവയലാർ സമരം മുതൽ കൃഷിക്കാരുടെ അവകാശങ്ങൾ കൂടി ഉന്നയിച്ചുകൊണ്ട് നടത്തിയ തെലങ്കാന- വാർളി – തേഭാഗ -വടക്കേമലബാർ സമരങ്ങൾ തുടങ്ങിയവ ജനകീയ പ്രശ്നങ്ങൾ എത്രമാത്രം ത്യാഗസന്നദ്ധത യോടെയാണ് കമ്മ്യൂണിസ്റ്റുകൾ ഉയർത്തിപ്പിടിച്ചത് എന്ന് വ്യക്തമാക്കുന്നു.

1948 ൽ രണ്ടാമതു പാർട്ടികോൺഗ്രസ്സിനെത്തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി നയത്തിൽ ചില ഇടതുപക്ഷ പാളിച്ചകൾ സംഭവിച്ചത് പിന്നീട് തിരുത്തി. അത് വലത് അവസരവാദപരമായ ഒരു വ്യതിയാനമായിരുന്നില്ലല്ലോ എന്ന് ചിലർ പറഞ്ഞുകേട്ടിട്ടുണ്ട് .അതേസമയം വ്യതിയാനം ഏതുരൂപത്തിലുള്ളതായാലും വ്യതിയാനംതന്നെ എന്ന് മറക്കരുത്.
കൊളോണിയൻ ആധിപത്യത്തിൽ നിന്നും രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയിട്ട് 73 വർഷങ്ങൾ കടന്നുപോയിരിക്കുന്നു. സാമ്പത്തിക അസമത്വവും ജാതീയമായ അടിച്ചമർത്തലും അതിരൂക്ഷമായി തുടരുന്നു. സവർണ്ണഫാസിസ്റ്റ് വർഗീയതയും ന്യൂനപക്ഷ വർഗ്ഗീയതകളും മതതീവ്രവാദവും സ്ത്രീപീഡനവും ന്യൂനപക്ഷ- ദളിത് ആദിവാസി വിഭാഗങ്ങളുടെ അരികുവൽകരണവും അടിച്ചമർത്തലുകളും ചൂഷണവും അതിഭയാനകമാണ്. രാഷ്ട്രീയത്തിന്റെ വലതുപക്ഷ വൽക്കരണവുംമാഫിയ സ്വാധീനവും പണാധിപത്യവും എല്ലാ പരിധികളും കടന്നിരിക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങൾ, ആർ എസ്സ്എസ്സ് നിയന്ത്രണത്തിലുള്ള കേന്ദ്ര ഭരണ കക്ഷിയുടെ ചൊൽപ്പടിക്ക് നിൽക്കുന്ന സാഹചര്യം കൂടുതൽകൂടുതൽ ശക്തമായി രൂപപ്പെടുകയാണ്. ഇതിനെല്ലാം എതിരായി വളർന്നു വരേണ്ട വിശാലമായ ബഹുജനസമര പ്രസ്ഥാനം ലക്ഷ്യബോധത്തോടെ മുന്നോട്ടുപോകണമെങ്കിൽ ഇടതുപക്ഷ ജനാധിപത്യ ശക്തികൾ ക്ക് അതിൽഫലപ്രദമായിപങ്കാളിത്തമുണ്ടാവണം. അതുകഴിയണമെങ്കിൽ കമ്മ്യൂണിസ്റ്റുകാർ ഇന്നത്തേതിനെയപേക്ഷിച്ച് പലമടങ്ങ് ശക്തിപ്പെടേണ്ടതുണ്ട്.അത്തരമൊരു ബദൽ രാഷ്ട്രീയം ഉയർന്നുവരുന്നതിൽ കമ്മ്യൂണിസ്റ്റുകാർക്ക് സുപ്രധാന പങ്കുവഹിക്കാൻ കഴിയും. കമ്മ്യൂണിസ്റ്റ് – ഇടതുപക്ഷ – സോഷ്യലിസ്റ്റ് മതേതര ശക്തികൾ സത്യസന്ധമായ ആത്മപരിശോധന യിലൂടെ ബലഹീനതകൾ തിരുത്തി ബഹുജന സ്വാധീനവും വിശ്വാസവും പലമടങ്ങ് വർദ്ധിപ്പിക്കുകയാണ് ഈ സാഹചര്യത്തിന്റെ അടിയന്തിരാവശ്യം. അതിനു സഹായകമാവും വിധമാവണം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംഘടിത പ്രവർത്തനത്തിന്റെ ആരംഭം കുറിച്ച 1920 ഒക്ടോബർ 17 ന്റെ 100-)o വാർഷികാചരണത്തിന്റെഭാഗമായുള്ള ആലോചനകളും സംവാദങ്ങളും.

https://www.facebook.com/m.a.babyofficial/posts/3458080630940538

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here