മുന്നേറാന്‍ ഇനിയുമേറെ, പോരാട്ടങ്ങളുടെ ഒരു നൂറ്റാണ്ട് കരുത്തായി മാറണമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: പ്രാതിനിധ്യത്തിന്റെ വലുപ്പമല്ല, ഉയര്‍ത്തിപ്പിടിക്കുന്ന ശരിയായ നിലപാടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അതിന്റെ എതിരാളികളുടെ ആക്രമണത്തിന്റെ ഒന്നാമത്തെ ലക്ഷ്യമായി മാറ്റുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

വര്‍ഗീയ-ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭമുയര്‍ത്തി മുന്നില്‍ നില്‍ക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ടിയാണ്. ആഗോളവല്‍കൃത ലോകത്തും ജനക്ഷേമത്തിന്റേയും അടിസ്ഥാന വര്‍ഗ വിമോചനത്തിന്റെ ബദല്‍ രാഷ്ട്രീയം സാധ്യമാണെന്ന് തെളിയിക്കുന്നതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന ഗവണ്‍മെന്റാണ്. മുന്‍ഗാമികള്‍ പകര്‍ന്ന വെളിച്ചം നമുക്ക് വഴി കാട്ടിയാകണമെന്നും തുല്യനീതിയും മതനിരപേക്ഷതയും സാഹോദര്യവും വാഴുന്ന ലോക നിര്‍മ്മിതിയ്ക്കായി ഇനിയും ഏറെ സഞ്ചരിക്കാനുണ്ടെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മുഖ്യമന്ത്രി പറയുന്നു:

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായിട്ട് ഇന്നേക്ക് 100 വർഷം തികയുകയാണ്. സമത്വാധിഷ്ഠിതവും സമാധാനപൂര്‍ണവുമായ ഒരു സാമൂഹ്യ വ്യവസ്ഥയെക്കുറിച്ചുള്ള സ്വപ്നം മനസ്സില്‍ സൂക്ഷിക്കുന്ന ഓരോരുത്തര്‍ക്കും അഭിമാനകരമായ അനുഭവമാണ് പാര്‍ട്ടിയുടെ ഒരു നൂറ്റാണ്ടത്തെ ചരിത്രത്തിലേക്കുള്ള തിരിഞ്ഞു നോട്ടം.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്നിട്ട നൂറു വര്‍ഷങ്ങള്‍ നിരന്തരമായ പോരാട്ടങ്ങളുടേതാണ്. ക്രൂരമായ ആക്രമണങ്ങളെയും അടിച്ചമര്‍ത്തലുകളേയും അതിജീവിച്ചാണ് പ്രസ്ഥാനം മുന്നോട്ടു നീങ്ങിയത്. സ്വജീവന്‍ ത്യജിച്ചു പോരാടിയ ധീര രക്തസാക്ഷികളുടെ പ്രസ്ഥാനമാണിത്. ജനങ്ങളുടെ പക്ഷത്തു നില്‍ക്കുന്ന ബദല്‍ രാഷ്ട്രീയ നയമാണ് ഇന്ത്യന്‍ പശ്ചാത്തലത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയെ പ്രസക്തമാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം.

പാര്‍ലമെന്‍റിലേയും നിയമ സഭകളിലെയും പ്രാതിനിധ്യത്തിന്‍റെ വലുപ്പമല്ല, ഉയര്‍ത്തിപ്പിടിക്കുന്ന ശരിയായ നിലപാടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അതിന്‍റെ എതിരാളികളുടെ ആക്രമണത്തിന്‍റെ ഒന്നാമത്തെ ലക്ഷ്യമായി മാറ്റുന്നത്.

ഇന്ന് രാജ്യത്ത് നടമാടിക്കൊണ്ടിരിക്കുന്ന കോർപ്പറേറ്റ് രാജിൻ്റേയും വർഗീയ രാഷ്ട്രീയത്തിൻ്റേയും ജനദ്രോഹങ്ങൾക്കെതിരെ പ്രക്ഷോഭങ്ങളുയർത്തി മുന്നിൽ നിൽക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. കർഷകരും തൊഴിലാളികളും ഉൾപ്പെടെയുള്ള ദരിദ്ര ജനകോടികളുടെ അതിജീവന പോരാട്ടങ്ങളുടെ മുൻപന്തിയിൽ കമ്യൂണിസ്റ്റ് പാർട്ടിയാണുള്ളത്. ഫാസിസ്റ്റ് ശക്തികളാൽ അടിച്ചമർത്തപ്പെടുന്ന ജനാധിപത്യത്തിനും പൗരാവകാശങ്ങൾക്കുമായി ശബ്ദം മുഴക്കുന്നതും ഈ പാർട്ടിയാണ്.

കമ്പോള മുതലാളിത്തത്തിനായി തീറെഴുതിക്കൊടുത്ത ആഗോളവൽകൃത ലോകത്തും ജനക്ഷേമത്തിൻ്റേയും അടിസ്ഥാന വർഗ വിമോചനത്തിൻ്റെ ബദൽ രാഷ്ട്രീയം സാധ്യമാണെന്ന് തെളിയിക്കുന്നതും കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം നൽകുന്ന ഗവൺമെൻ്റാണ്.
തുല്യനീതിയും മതനിരപേക്ഷതയും സാഹോദര്യവും വാഴുന്ന ലോക നിർമ്മിതിയ്ക്കായി ഇനിയും ഏറെ സഞ്ചരിക്കാനുണ്ട്.

ആ പോരാട്ട വീഥികളിൽ കഴിഞ്ഞ ഒരു നൂറ്റാണ്ടിൻ്റെ അനുഭവങ്ങൾ നമുക്ക് കരുത്തായി മാറണം. നമ്മുടെ മുൻഗാമികൾ പകർന്ന വെളിച്ചം നമുക്ക് വഴി കാട്ടണം. ധീര രക്തസാക്ഷികളുടെ ത്യാഗോജ്ജ്വലമായ ഓർമ്മകൾ നമുക്ക് മുന്നോട്ട് പോകാനുള്ള ഊർജ്ജം പകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News