കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ മരണമടഞ്ഞ ആരോഗ്യ പ്രവര്‍ത്തകന് 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ്

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ മരണമടഞ്ഞ ആലുവ ജില്ലാ ആശുപത്രി മോര്‍ച്ചറി അറ്റന്ററായ പി.എന്‍. സദാനന്ദന്റെ (57) കുടുംബത്തിന് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ക്ലെയിം അക്കൗണ്ടില്‍ എത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

എത്രയും വേഗം മതിയായ രേഖകള്‍ സമര്‍പ്പിച്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ പി.എം.ജി.കെ.പി. ഇന്‍ഷുറന്‍സ് ക്ലൈം നേടിക്കൊടുക്കാനായത്. സദാനന്ദന്റെ വിലയേറിയ സേവനങ്ങള്‍ നാട്ടുകാര്‍ എപ്പോഴും ഓര്‍ക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഏര്‍പ്പെടുമ്പോഴാണ് ചൂര്‍ണിക്കര പഞ്ചായത്ത് തായ്ക്കാട്ടുകര സ്വദേശി മോളത്തുപറമ്പില്‍ പി.എന്‍. സദാനന്ദന്‍ ആഗസ്റ്റ് 17 ന് കോവിഡ് മൂലം എറണാകുളം മെഡിക്കല്‍ കോളേജില്‍ വച്ച് മരണപ്പെടുന്നത്.

ആരോഗ്യവകുപ്പില്‍ പാര്‍ട്ട് ടൈം സ്വീപ്പറായി 2002 ലാണ് സദാനന്ദന്‍ ജോലിയില്‍ പ്രവേശിച്ചത്. 2019 ജനുവരി 31 ന് നഴ്‌സിംഗ് അസിസ്റ്റന്റായി ആലുവ ജില്ലാ ആശുപത്രിയില്‍ നിന്നും വിരമിച്ചു. ഏറെ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ച സദാനന്ദനെ ആശുപത്രി വികസന സമിതി തീരുമാനപ്രകാരം 2019 ഫെബ്രുവരി 25ന് മോര്‍ച്ചറി അറ്റന്ററായി നിയമിക്കുകയായിരുന്നു.

കൊവിഡ് വ്യാപനസമയത്ത് നിരവധി മൃതദേഹങ്ങള്‍ എത്തിയിരുന്ന ആലുവ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയുടെ ചുമതലയില്‍ ആയിരുന്നു സദാനന്ദന്‍. ഇതിനിടെ കോവിഡ് ബാധിച്ചതിനാലും ഉയര്‍ന്ന തലത്തില്‍ പ്രമേഹമുള്ളതിനാലും എറണാകുളം മെഡിക്കല്‍ കോളേജിലാക്കി.

ശ്വാസംമുട്ട് കൂടിയതിനെ തുടര്‍ന്ന് ഐസിയുവിലും പിന്നീട് വെന്റിലേറ്ററിലേക്കും മാറ്റി. രക്ഷപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ആഗസ്ത് 17ന് മരണമടയുകയായിരുന്നു. സദാനന്ദനോടുള്ള ആദര സൂചകമായി ജില്ലാ ആശുപത്രി ഉദ്യാനത്തില്‍ നന്മയുടെ പ്രതീകമായി തേന്‍മാവിന്‍ തൈ നട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News