ന്യൂസിലാന്‍ഡില്‍ ലേബര്‍ പാര്‍ട്ടി വീണ്ടും അധികാരത്തിലേക്ക്

ന്യൂസിലന്‍ഡ് പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ജസിന്‍ഡ ആഡേനിനും അവര്‍ പ്രതിനിധീകരിക്കുന്ന ലേബര്‍ പാര്‍ട്ടിയും വിജയത്തിലേക്കടുക്കുന്നുവെന്ന് സൂചന. ജസിന്‍ഡയുടെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കും വികസനപ്രവര്‍ത്തനങ്ങള്‍ക്കുമുള്ള പൊതുജനങ്ങളുടെ അംഗീകാരമാകും പൊതു തെരഞ്ഞെടുപ്പ് ഫലം.

പൊതുതെരഞ്ഞെടുപ്പിന്റെ അവസാന റിപ്പോര്‍ട്ടുകള്‍ കണക്കിലെടുക്കുമ്പോള്‍ ആദ്യ ഏകകക്ഷി സര്‍ക്കാരായി ജെസിന്‍ഡയുടെ ലേബര്‍ പാര്‍ട്ടി അധികാരത്തിലേറിയേക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.

വോട്ടെടുപ്പ് അവസാനപാദത്തിലേക്ക് നീങ്ങുമ്പോള്‍ ലേബര്‍ പാര്‍ട്ടി 49.2 ശതമാനം വോട്ടും നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 120 പേരുള്ള ന്യൂസിലാന്‍ഡ് പാര്‍ലമെന്റില്‍ 64 സീറ്റുകളും പാര്‍ട്ടിയ്ക്ക് ഉറപ്പിക്കാനാകുമെന്ന വിലയിരുത്തലാണ് പുറത്തുവരുന്നത്.

1996ന് ശേഷം ആദ്യമായാണ് ഒരു പാര്‍ട്ടിയ്ക്ക് ന്യൂസിലാന്‍ഡില്‍ ഇത്തരമൊരു ചരിത്രവിജയം നേടാനാകുന്നത്. ന്യൂസിലന്‍ഡിലെ പ്രധാനപ്രതിപക്ഷ പാര്‍ട്ടിയായ നാഷണല്‍ പാര്‍ട്ടിയ്ക്ക് അവസാനഘട്ടത്തില്‍ 27 ശതമാനം വോട്ടാണ് ലഭിച്ചത്. പരാജയം അംഗീകരിച്ചുകഴിഞ്ഞതായും ജെസീന്‍ഡയേയും ലേബര്‍ പാര്‍ട്ടിയേയും അഭിനന്ദിക്കുന്നതായും നാഷണല്‍ പാര്‍ട്ടി വക്താക്കള്‍ അറിയിച്ചു.

കഴിഞ്ഞ 20 വര്‍ഷത്തിലെ ഏറ്റവും ദാരുണ പരാജയമാണ് നാഷണല്‍ പാര്‍ട്ടി നേരിടുന്നതെന്നാണ് സൂചന. 35 സീറ്റുകള്‍ മാത്രം നാഷണല്‍ പാര്‍ട്ടിയ്ക്ക് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജെസിന്‍ഡ ആര്‍ഡന് അന്താരാഷ്ട്രതലത്തില്‍ത്തന്നെ ലഭിച്ചിരുന്ന പിന്തുണ ലേബര്‍ പാര്‍ട്ടിയ്ക്ക് ഗുണം ചെയ്തുവെന്നാണ് വിലയിരുത്തല്‍. ആര്‍ഡന്‍ ചരിത്രം സൃഷ്ടിക്കുമെന്ന് സര്‍വ്വേകളും പോളുകളും പ്രവചിച്ചിരുന്നു.

വോട്ടെണ്ണല്‍ തീര്‍ന്ന് വിജയം പ്രഖ്യാപിക്കുമ്പോള്‍ രാജ്യത്തെ ആദ്യ ഏകകക്ഷി സര്‍ക്കാരിനെ ജസീന്‍ഡ ആര്‍ഡനാകും നയിക്കുക. ലേബര്‍പാര്‍ട്ടിയുടെ സഖ്യക്ഷിയായ ന്യൂസിലന്‍ഡ് ഫസ്റ്റ് പാര്‍ട്ടി 2.3 ശതമാനം വോട്ടും ഗ്രീന്‍ പാര്‍ട്ടി 8.2 ശതമാനം വോട്ടും നേടിയതായാണ് വിവരം. നിലവിലെ വോട്ടില്‍ എന്തെങ്കിലും മാറ്റം സംഭവിച്ചാലും ഈ കക്ഷികളെ കൂട്ടുപിടിച്ച് ലേബര്‍ പാര്‍ട്ടിക്ക് അധികാരത്തില്‍ തുടരാമെന്നതിനാല്‍ ഭരണത്തുടര്‍ച്ച ഉറപ്പായതായാണ് അന്താരാഷ്ട്രമാധ്യമങ്ങളുടെ വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News