‘ഞങ്ങള്‍ എത്രമികവ് കാട്ടിയാലും അവര്‍ക്ക് താ‍ഴെയാണ്’ ഹത്രാസ് സംഭവത്തില്‍ പ്രതിഷേധിച്ച് യുപിയില്‍ 236 വാത്മീകി കുടുംബാംഗങ്ങള്‍ ബുദ്ധ മതം സ്വീകരിച്ചു

ഹാത്രാസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് വാത്മീകി വിഭാഗത്തില്‍പ്പെട്ട 236 പേര്‍ ബുദ്ധമതം സ്വീകരിച്ചു. ഉത്തര്‍പ്രദേശിലെ ഖാസിയാബാദ് ജില്ലയിലെ കര്‍ഹേര ഗ്രാമത്തിലെ വാത്മീകി സമുദായംഗങ്ങളാണ് ഹിന്ദുമതം ഉപേക്ഷിച്ച് പകരം ബുദ്ധമതം തെരഞ്ഞെടുത്തത്.

ഭരണഘടനാശില്‍പ്പി ഡോ. ബിആര്‍ അംബേദ്കറിന്റെ ബന്ധുവായ രാജ് രത്ന അംബേദ്കറിന്റേയും ബുദ്ധസന്ന്യാസികളുടേയും ബുദ്ധിസ്റ്റ് സൊസൈറ്റി അധികൃതരുടേയും സാന്നിധ്യത്തിലാണ് 236 ദളിതര്‍ ബുദ്ധമതം സ്വീകരിച്ചത്.

‘എത്ര പഠിച്ചാലും എന്ത് തൊഴില്‍ ചെയ്താലും വിപ്ലവം കാണിച്ചാലുംഞങ്ങളെ എല്ലാവരും അവരേക്കാള്‍ താഴെയുള്ളവരായിട്ടാണ് പരിഗണിക്കുന്നത്. ഞങ്ങള്‍ മറ്റുള്ളവര്‍ക്ക് തുല്യരായ പൗരന്മാരല്ല എന്ന് ഞങ്ങള്‍ക്ക് തന്നെ തോന്നലുണ്ടാകുന്നു. ഹാത്രസ് ബലാത്സംഗക്കേസിന്റെ കാര്യമായാലും, ദളിതര്‍ക്കെതിരെയുള്ള മറ്റ് കേസുകളിലായാലും, ഞങ്ങള്‍ ഓരോ ദിവസവും ഓരോ ഇടത്തും വിവേചനം അനുഭവിക്കേണ്ടി വരുന്നു’, ബുദ്ധിസ്റ്റ് സൊസൈറ്റി പ്രവര്‍ത്തകര്‍ പറഞ്ഞു.

പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭയക്കുന്നതുകൊണ്ടാണ് ഹാത്രാസ് പെണ്‍കുട്ടിയുടെ കുടുംബം ഇതുവരെ ബുദ്ധമതം സ്വീകരിക്കാത്തതെന്നും അവര്‍ കൂട്ടിച്ചര്‍ത്തു. ഹാത്രാസ് പെണ്‍കുട്ടിയും കുടുംബവും വാത്മീകി സമുദായത്തില്‍പ്പെട്ടവരാണ്.

സെപ്തംബര്‍ 14-നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.

കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ദില്ലിയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News