ബാര്‍ക്കോഴക്കേസ്: മാണിക്കെതിരായ ഗൂഢാലോചനയുടെ കേന്ദ്രബിന്ദു ചെന്നിത്തല; ഉമ്മന്‍ചാണ്ടിക്കും അറിവ്

കോട്ടയം: ബാര്‍ക്കോഴക്കേസില്‍ കെ.എം.മാണിക്കെതിരായ ഗൂഢാലോചനയുടെ കേന്ദ്രബിന്ദു രമേശ് ചെന്നിത്തലയെന്ന റിപ്പോര്‍ട്ട് പുറത്ത്. ഗൂഢാലോചനയെക്കുറിച്ച് ഉമ്മന്‍ചാണ്ടിക്കും അറിവുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

സമ്മര്‍ദം ചെലുത്തി മാണിയുടെ പിന്തുണ തേടി മുഖ്യമന്ത്രിയാകുകയായിരുന്നു ചെന്നിത്തലയുടെ ലക്ഷ്യമെന്നും സ്വകാര്യ ഏജന്‍സി തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇത് പാര്‍ട്ടിയുടെ ഔദ്യോഗിക റിപ്പോര്‍ട്ട് അല്ലെന്നും അത് പുറത്തുവിടാന്‍ തീരുമാനിച്ചിട്ടില്ലെന്നും ജോസ് കെ.മാണി പ്രതികരിച്ചു.

പാര്‍ട്ടിക്കുവേണ്ടി ഒരു സ്വകാര്യ ഏജന്‍സി തയാറാക്കിയതെന്ന പേരിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നത് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടത്തിയ ഗൂഡാലോചനയില്‍ ഐ ഗ്രൂപ്പ് നേതാക്കളായ ജോസഫ് വാഴയ്ക്കനും അടൂര്‍ പ്രകാശും പങ്കെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഗൂഢാലോചനയില്‍ പിസി ജോര്‍ജിനെ സഹായവും തേടി.

മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ഉമ്മന്‍ചാണ്ടിയെ താഴെയിറക്കി രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കുകയെന്ന ലക്ഷ്യവും ബാര്‍കോഴ ആരോപണത്തിന് പിന്നിലുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ചെന്നിത്തലയുടെ ആവശ്യത്തിന് മാണി വഴങ്ങാത്തതിനെ തുടര്‍ന്നാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജേക്കബ് തോമസ്, സുകേശന്‍, ബാറുടമയായ ബിജു രമേശ് തുടങ്ങിയവര്‍ പലഘട്ടങ്ങളില്‍ ഇതില്‍ പങ്കാളികളായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അടൂര്‍ പ്രകാശിന്റെ ബന്ധുവായ ബിജു രമേശിനെ കൊണ്ട് ഒരു ആരോപണം ഉന്നയിപ്പിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ഗൂഢാലോചനയെ കുറിച്ച് ഉമ്മന്‍ചാണ്ടിക്ക് അറിവുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്

എന്നാല്‍ ഇക്കാര്യം ജോസ് കെ.മാണി നിഷേധിച്ചു. ബാര്‍ കേസില്‍ പാര്‍ട്ടിയുടെ പക്കല്‍ ഒരു അന്വേഷണ റിപ്പോര്‍ട്ട് ഉണ്ട്. ഈ റിപ്പോര്‍ട്ട് ഔദ്യോഗികമായി ഇതുവരെ പുറത്തുവിട്ടിട്ടില്ല. മുമ്പും ഈ റിപ്പോര്‍ട്ട് എന്ന് പറഞ്ഞ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. അതിന്റെ ആവര്‍ത്തനം തന്നെയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഔദ്യോഗികമായി റിപ്പോര്‍ട്ട് പുറത്തു വിടാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടില്ല. പുറത്തുവന്നിരിക്കുന്നത് പാര്‍ട്ടിയുടെ ഔദ്യോഗിക അന്വേഷണറിപ്പോര്‍ട്ട് അല്ലെന്നും ജോസ് കെ മാണി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News