‘ആലായാല്‍ തറ വേണം’; പാട്ടിന്‍റെ പൊളിച്ചെ‍ഴുത്തിനെ വിമര്‍ശിച്ച് കാവാലം ശ്രീകുമാര്‍

ആലായാല്‍ത്തറ വേണം എന്ന നാടന്‍ പാട്ടിനെ പൊളിച്ചെഴുതിയുളള സൂരജ് സന്തോഷിന്റെ മ്യൂസിക് വീഡിയോയ്ക്ക് എതിരെ നാടകകൃത്തും കവിയുമായ കാവാലം നാരായണപ്പണിക്കരുടെ മകന്‍ ​ഗായകന്‍ കാവാലം ശ്രീകുമാര്‍. ആലായാല്‍ത്തറ വേണം എന്ന് തന്നെയാണ് ആ പാട്ടെന്ന് കാവാലം ശ്രീകുമാര്‍ പറയുന്നു. ആലായാല്‍ത്തറ വേണം ഹാഷ് ടാ​ഗിലാണ് ഫേസ്ബുക്കിലൂടെയുളള ശ്രീകുമാറിന്റെ പ്രതികരണം.

100 വര്‍ഷത്തിലേറെ പഴക്കമുളള ഒരു നാടന്‍ ശീലാണ് ഇത്. അച്ഛന്‍ എഴുതിയതല്ല, പക്ഷേ അച്ഛന്‍ കണ്ടെത്തി, നടന്‍ നെടുമുടി വേണുവും തങ്ങളും ഒക്കെ പാടിപ്പാടി നടക്കുന്ന ഒരു പാട്ടാണിത്. ആ വരികള്‍ തിരുത്താന്‍ നമുക്ക് അവകാശമുണ്ടോ എന്നാണ് കാവാലത്തിന്റെ മകന്‍ ചോദിക്കുന്നത്.

പിന്നെ കറുകറക്കാര്‍മ്മുകില്‍ അച്ഛന്റെ മുദ്ര പതിഞ്ഞ ഒരു മഴപ്പാട്ടാണ്. എന്നും നമ്മുടെ നാടന്‍ ശീലുകള്‍ മണ്ണും മണ്ണില്‍ അദ്ധ്വാനിക്കുന്നവരുടെയും ആണെന്ന് പറഞ്ഞാണ് കാവാലം ശ്രീകുമാറിന്റെ പോസ്റ്റ് അവസാനിക്കുന്നത്. ഒപ്പം ആലായാല്‍ത്തറ വേണം, കറുകറക്കാര്‍മ്മുകില്‍, മണ്ണ് എന്നിങ്ങനെ കാവാലം ജനപ്രിയമാക്കിയ പാട്ടുകളും കവിതകളും ആലപിക്കുന്ന വീഡിയോയുമുണ്ട്.

ആലായാല്‍ തറവേണം അടുത്തൊരമ്പലം വേണം ആലിന് ചേര്‍ന്നൊരു കുളവും വേണം… മലയാളികളുടെ നാവിന്‍ തുമ്പില്‍ എപ്പോ‍ഴുമുണ്ടാവുന്ന പാട്ടിന് പുതിയ കാലത്ത് പുതിയ ഈരടികളുമായി എത്തിയിരിക്കുകയാണ് സൂരജ് സന്തോഷ്. സൂരജിന്‍റെ വീഡിയോ ഒക്ടോബര്‍ 17 നാണ് യൂടിയൂബില്‍ റിലീസ് ചെയ്തത്.

ആലായാല്‍ തറവേണം എന്ന പാട്ടിന്‍റെ വരികള്‍ ഒരുപാട് ഫ്യൂഡല്‍ ധാരണകളുടെ അടയാളപ്പെടുത്തലും പുതിയ കാലത്തെ സമൂഹത്തിന് ആവശ്യമില്ലാത്തതുമായ ആശയങ്ങളാണ് പാട്ടിലൂടെ സംവദിക്കുന്നത്.

അതുകൊണ്ടുതന്നെ പാട്ടിന്‍റെ വരികളെ പ്രശ്നല്‍ക്കരിക്കുകയാണ് ആലായാല്‍ തറ വേണോ എന്ന ഫ്യൂഷനിലൂടെ അണിയറ പ്രവര്‍ത്തകര്‍ ചെയ്യുന്നത്. പാട്ടിന്‍റെ വരികളെയെല്ലാം ചോദ്യരൂപത്തില്‍ സമീപിക്കുന്ന പുതിയ ഫ്യൂഷന്‍റെ വരികള്‍ എ‍ഴുതിയിരിക്കുന്നത് ശ്രുതി നമ്പൂതിരിയും, സൂരജ് സന്തോഷും ചേര്‍ന്നാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News