റേറ്റിംഗ് സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ വെളിപ്പെടുത്തി; റിപ്പബ്ലിക് ചാനലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബാര്‍ക്ക്

ചാനല്‍ റേറ്റിംഗ് സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ പരസ്യപ്പെടുത്തിയതിനും കൃത്രിമം കാട്ടിയതിനും റിപ്പബ്ലിക് ടി.വിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബാര്‍ക്ക് (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍). റേറ്റിംഗില്‍ കൃത്രിമം കാട്ടിയതു സംബന്ധിച്ച അന്വേഷണത്തെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും കേസ് അന്വേഷിക്കുന്ന പൊലീസിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും ബാര്‍ക്ക് പ്രസ്താവനയില്‍ പറഞ്ഞു.

‘ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തെ കുറിച്ച് ബാര്‍ക്ക് ഇന്ത്യ പ്രതികരിക്കുന്നില്ല. അന്വേഷണസംഘത്തിന് ആവശ്യമായ എല്ലാ സഹായവും നല്‍കുന്നുണ്ട്’, പ്രസ്താവനയില്‍ പറയുന്നു.

‘റേറ്റിംഗ് സംബന്ധിച്ച അതീവ രഹസ്യമായ വിവരങ്ങള്‍ വെളിപ്പെടുത്തുകയും അതിനെ തെറ്റായി വ്യാഖ്യനിക്കുകയും ചെയ്ത റിപ്പബ്ലിക് ടി.വിയുടെ നടപടിയില്‍ ബാര്‍ക്ക് ഇന്ത്യ നിരാശരാണ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തെക്കുറിച്ച് അഭിപ്രായം പറയുന്നില്ല. റിപ്പബ്ലിക് ടി.വിയുടെ നടപടിയെ ശക്തമായി അപലപിക്കുന്നു’- പ്രസ്താവനയില്‍ പറയുന്നു.

നേരത്തെ ബാര്‍ക്ക് നിലപാടിന് വിരുദ്ധമായ ആരോപണങ്ങളാണ് മുംബൈ പൊലീസ് ഉന്നയിക്കുന്നതെന്ന് റിപ്പബ്ലിക് ടി.വി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബാര്‍ക്കിന്റെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.

ചാനല്‍ റേറ്റിംഗ് തട്ടിപ്പുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടി.വി അടക്കം മൂന്ന് ചാനലുകള്‍ക്കെതിരെ മുംബൈ പൊലീസ് ഈ മാസം ആദ്യം അന്വേഷണം ആരംഭിച്ചിരുന്നു. റിപ്പബ്ലിക്ക് ടി.വിയെ കൂടാതെ ഫക്ത് മറാത്തി, ബോക്സ് സിനിമ എന്നീ രണ്ട് മറാത്തി ചാനലുകള്‍ക്കെതിരെയാണ് പൊലീസ് നടപടി എടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News