ബാർകോഴ കേസിൽ കെ എം മാണിക്കെതിരായ ആരോപണത്തിന് പിന്നിൽ മുഖ്യമന്ത്രിയാകാനുള്ള രമേശ് ചെന്നിത്തലയുടെ ഗൂഢാലോചനയെന്ന് റിപ്പോർട്ട്. സമ്മർദം ചെലുത്തി മാണിയുടെ പിന്തുണ നേടുകയായിരുന്നു അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന ചെന്നിത്തലയുടെ ലക്ഷ്യമെന്നും അന്തരിച്ച സി എഫ് തോമസ് അധ്യക്ഷനായ അന്വേഷണ കമീഷൻ റിപ്പോർട്ടിൽ പറയുന്നു. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്ക് ഇതിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും ഇതിൽ വ്യക്തമാക്കുന്നു.
ഗൂഢാലോചനയിൽ ഐ ഗ്രൂപ്പ് നേതാക്കളായ ജോസഫ് വാഴയ്ക്കനും അടൂർ പ്രകാശും പങ്കെടുത്തു. ഇടനിലക്കാരനായി പി സി ജോർജിന്റെ സഹായവും തേടി. മുഖ്യമന്ത്രി സ്ഥാനത്തുനിന്നും ഉമ്മൻചാണ്ടിയെ താഴെയിറക്കി രമേശ് ചെന്നിത്തലയ്‌ക്ക് അവസരം നൽകുകയെന്ന ഗ്രൂപ്പ് രാഷ്‌ട്രീയ ലക്ഷ്യവും കോഴ ആരോപണത്തിന് പിന്നിലുണ്ടായിരുന്നു.
ചെന്നിത്തലയുടെ ആവശ്യത്തിന് ധനമന്ത്രിയായിരുന്ന മാണി വഴങ്ങാത്തതിനെ തുടർന്നാണ് തിടുക്കപ്പെട്ട് ഇത്തരമൊരു നീക്കം ഉണ്ടായത്. ജേക്കബ് തോമസ്, ആർ സുകേശൻ, ബാറുടമ ബിജു രമേശ്, ചില മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പലഘട്ടങ്ങളിൽ ഇതിൽ പങ്കാളികളായി. അടൂർ പ്രകാശിന്റെ ബന്ധുവായ ബിജു രമേശിനെക്കൊണ്ട് ആരോപണം ഉന്നയിപ്പിച്ചു. 2014 ഒക്ടോബർ 31ന് മനോരമ ചാനലിലൂടെയാണ് ആരോപണം ഉന്നയിച്ചത്.
എക്സൈസ് വകുപ്പിന്റെ നടപടികളും മന്ത്രിയുടെ നിക്ഷിപ്‌ത താൽപ്പര്യങ്ങളും ബാർ ലൈസൻസ് പുതുക്കലുമായി ബന്ധപ്പെടുത്തി കുരുക്കാക്കി. ഇത് മാണിയാണെന്ന് വരുത്തിതീർക്കുകയായിരുന്നു. കേരള കോൺഗ്രസിനോടും മാണിയോടും വർഷങ്ങളായുള്ള ചില നേതാക്കളുടെ പകയും നീക്കങ്ങൾക്ക് ഊർജം പകർന്നു. അതിവേഗ പരിശോധനയ്‌ക്ക് ചെന്നിത്തല ഉത്തരവിട്ടു. അന്ന് എക്‌സൈസ് മന്ത്രിയായിരുന്ന കെ ബാബുവിനെതിരെ പ്രാഥമിക അന്വേഷണം മാത്രമാക്കി.
മാണിക്കെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തു. നിലവാരമില്ലാത്ത ബാറുകൾ ഒഴികെയുള്ളവ തുറക്കാനാണ് 2014 ഏപ്രിൽ രണ്ടിലെ മന്ത്രിസഭായോഗം തീരുമാനിച്ചത്. ഇവ 50 എണ്ണമായിരുന്നു. മന്ത്രിസഭാ തീരുമാനശേഷം ഇത് 418 എണ്ണമായതിൽ അഴിമതിയുണ്ട്. ഇതുൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് 71 പേജുള്ള റിപ്പോർട്ടിലുള്ളത്. കോൺഗ്രസിനൊപ്പം യുഡിഎഫിൽ തുടരുന്നത് പാർടിക്കും ജനങ്ങൾക്കും ഗുണമാകില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
Get real time update about this post categories directly on your device, subscribe now.