കൈക‍ഴുകൂ, മാസ്ക് ധരിക്കൂ, ട്രംപിനെ വേട്ട് ചെയ്ത് പുറത്താക്കൂ; ട്രപിന് ക്ലാസ് മറുപടിയുമായി ജോ ബൈഡന്‍

കൊവിഡ് വ്യാപനം തടയുന്നതിനായി മാസ്‌ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് ട്രംപ് കേന്ദ്രങ്ങളില്‍ നിന്നും വിവാദ പ്രസ്താവനകള്‍ നിരന്തരമുയരുന്നതിനിടെ കുറിക്കുകൊള്ളുന്ന ട്വീറ്റുമായി ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. മാസ്‌ക് ധരിക്കൂ, കൈ കഴുകൂ, ട്രംപിനെ വോട്ട് ചെയ്ത് പുറത്താക്കൂ എന്നാണ് ജോ ബൈഡന്‍ ട്വീറ്റ് ചെയ്തത്.

ഡൊണാള്‍ഡ് ട്രംപിന്റെ കൊവിഡ് പ്രതിരോധ നടപടികളിലെ മുഖ്യ ഉപദേശകനായ ഡോ.സ്‌കോട്ട് അറ്റ്‌ലസ് മാസ്‌കിന്റെ പ്രാധാന്യം കുറച്ചു കാണിച്ചു കൊണ്ട് നടത്തിയ ട്വീറ്റ് ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. ‘മാസ്‌ക് ഉപകാരപ്രദമാണോ ?’ അല്ല’ എന്നായിരുന്നു ഡോ.സ്‌കോട്ടിന്റെ ട്വീറ്റ്. ഈ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റര്‍ നടപടി സ്വീകരിച്ചത്.

നേരത്തെ ട്രംപിന്റെ പല പ്രസ്താവനകളും ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. കൊവിഡ് വ്യാപനത്തിന്റെ തുടക്കം മുതല്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ച ട്രംപ് അടുത്ത മാസങ്ങളിലാണ് മാസ്‌ക് ഉപയോഗിക്കാന്‍ തുടങ്ങിയത്. ഒക്ടോബര്‍ മാസം തുടക്കത്തില്‍ കൊവിഡ് ബാധിതനായ ട്രംപ് രോഗമുക്തനായ ശേഷം മാസ്‌ക് വലിച്ചൂരിയെറിഞ്ഞ് അണികളെ അഭിസംബോധന ചെയ്തത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.

കൊവിഡുമായി ബന്ധപ്പെട്ടും അല്ലാതെയും ട്രംപ് നടത്തുന്ന പ്രസ്താവനകള്‍ക്ക് പരിഹസിച്ചുകൊണ്ടാണ് ജോ ബൈഡന്‍ രംഗത്തെത്താറുള്ളത്. കഴിഞ്ഞ ദിവസം ജോ ബൈഡനോട് പരാജയപ്പെട്ടാല്‍ താന്‍ രാജ്യം വിടുമെന്ന ട്രംപിന്റെ പ്രസ്താവനയെ പരിഹസിച്ചു കൊണ്ട് ജോ ബൈഡന്‍ രംഗത്തെത്തി. പരാജയപ്പെട്ടാല്‍ രാജ്യം വിട്ടേക്കാമെന്ന് പറയുന്ന വീഡിയോ പങ്കുവെച്ച് കൊണ്ട് ‘ഉറപ്പാണോ’എന്നാണ് ബൈഡന്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ ട്രംപ് നടത്തിയ സമാന പ്രസ്താവന വീഡിയോയിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here