വിദ്യാമ്മയുടെ മുഖശ്രീ ഇന്നും മലയാളിയുടെ മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല

മലയാളചലച്ചിത്ര രംഗത്തെ മറക്കാനാവാത്ത മുഖശ്രീയാണ്  ശ്രീവിദ്യ.  മലയാള സിനിമയുടെ ചരിത്രത്തിൽ ശ്രീവിദ്യ അഭിനയത്തികവുകൊണ്ടാണ് തന്റെ പേര് എഴുതിച്ചേർത്തത്. റൌഡി രാജമ്മ, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, പഞ്ചവടിപ്പാലം തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമയിൽ പുതിയ ഒരു ഭാഷ രചിക്കുകയായിരുന്നു ശ്രീവിദ്യ 53വര്‍ഷം മാത്രമാണ് വിദ്യാമ്മ ജീവിച്ചിരുന്നത്, പേര് പോലെ തന്നെ കലയുടെ വിദ്യാദേവി ശ്രീദേവിക്കൊപ്പം കൂടി . എണ്ണൂറിലധികം സിനിമകള്‍,എമ്പാടും ആരാധകര്‍,ഗായികയെന്നും നര്‍ത്തകിയെന്നുമുള്ള കഴിവുകൾക്കപ്പുറം അസൂയപ്പെടുത്തുന്ന സൗന്ദര്യം,അഭിനയ മികവ് ,ആവശ്യത്തിലധികം ഗോസിപ്പുകൾ .

പ്രസിദ്ധമായ കലാകുടുംബത്തിലായിരുന്നു ശ്രീവിദ്യയുടെ ജനനം. കര്‍ണാടിക് സംഗീതജ്ഞ എം എല്‍ വസന്തകുമാരിയുടേയും തമിഴ് ഹാസ്യനടന്‍ കൃഷ്ണമൂര്‍ത്തിയുടേയും മകൾ .മീനാക്ഷി എന്ന മിടുക്കി. ചെറിയ പ്രായത്തിൽ തന്നെ അച്ഛൻ രോഗാതുരനായി. സംഗീതകച്ചേരികളില്‍ നിന്നുള്ള അമ്മയുടെ വരുമാനമായിരുന്നു ആ കുടുംബത്തിന്റെ ആശ്രയം. അമ്മ കച്ചേരിയ്ക്കു പോകുമ്പോള്‍ ശ്രീവിദ്യയെ നോക്കിയിരുന്നത് അയ്യാസ്വാമി അയ്യരാണ്. സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചതും മുത്തച്ഛന്‍ തന്നെ. പിന്നീട് നാലാം വയസ്സില്‍ ടി കൃഷ്ണമൂര്‍ത്തിയുടെ ശിക്ഷണത്തില്‍ സംഗീതം അഭ്യസിച്ചു.ഒപ്പം നൃത്തവും .ഒട്ടേറെ വേദികളിൽ നർത്തകിയായും തിളങ്ങി .അപ്പോഴേക്കും മീനാക്ഷിയിൽ നിന്നും ശ്രീവിദ്യയിലേക്കു മാറിയിരുന്നു ആ കലാകാരി.

തിരവരുള്‍ ശെല്‍വന്‍ എന്ന തമിഴ് ചിത്രത്തിലെ ശിവപാര്‍വതി നൃത്തത്തില്‍ പാര്‍വതിയായി നൃത്തം ചെയ്തുകൊണ്ട് ശ്രീവിദ്യ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു.അതിനു കാരണമായത് ലളിത പദ്മിനിമാരും.ശിവാജി ഗണേശന്‍ നൃത്തം കാണുന്ന രംഗമായിരുന്നു അത്.പിന്നീട് കുറെയധികം നൃത്തരംഗങ്ങൾ ലഭിച്ചു ,മലയാളത്തില്‍ അമ്പലപ്രാവ് എന്ന ചിത്രത്തിലും നര്‍ത്തകിയായി. കുമാരസംഭവത്തിലും നൃത്തരംഗത്തില്‍ അഭിനയിച്ചു.ജയലളിതക്കൊപ്പവും വേഷം ലഭിച്ചു

കെ ബാലചന്ദറിന്റെ നൂറുക്ക് നൂറ് എന്ന ചിത്രത്തിലായിരുന്നു ശ്രീവിദ്യയുടെ ശ്രദ്ധിക്കപ്പെട്ട ആദ്യത്തെ കഥാപാത്രം.പിന്നീടങ്ങോട്ട് ശ്രീവിദ്യ  ദക്ഷിണേന്ത്യ അറിയപ്പെടുന്ന നടിയായി വളർന്നു. സത്യന്‍ നായകനായി എന്‍ ശങ്കരന്‍നായര്‍ സംവിധാനം ചെയ്ത ചട്ടമ്പിക്കവലയിലാണ് മലയാളത്തില്‍ ആദ്യത്തെ ശ്രദ്ധിക്കപ്പെടുന്ന വേഷം.

മലയാളിയുടെ മനം കവർന്ന നായികയായി മാറി.കാഴ്ചയില്‍ ശ്രീവിദ്യയെ പോലെ എന്നു പറഞ്ഞാല്‍ എക്കാലത്തും അതൊരു സമ്പൂർണ്ണതയായി എല്ലാവരും അംഗീകരിക്കും.ആദാമിന്റെ വാരിയെല്ലിലെ ആലീസ്, വില്‍ക്കാനുണ്ട് സ്വപ്‌നങ്ങളിലെ മാലതി, അഴിയാത്ത ബന്ധങ്ങളിലെ വസുന്ധരാ മേനോന്‍, തിങ്കളാഴ്ച നല്ല ദിവസത്തിലെ അംബിക, അയനത്തിലെ സാറാമ്മ, പഞ്ചവടിപ്പാലത്തിലെ മണ്ഡോദരി അമ്മ, ഒരു പൈങ്കിളിക്കഥയിലെ രാജേശ്വരി,കാറ്റത്തെ കിളിക്കൂടിലെ ശാരദ, ബീഡിക്കുഞ്ഞമ്മയിലെ കുഞ്ഞമ്മ, താറാവിലെ കാക്കമ്മ, സംഘര്‍ഷത്തിലെ പ്രിയദര്‍ശിനി, തീക്കടലിലെ ശ്രീദേവി, അമ്പലവിളക്കിലെ സുമതി, എന്നെന്നും കണ്ണേട്ടന്റെയിലെ വാസന്തി,സ്വാതിതിരുനാളിലെ ഗൗരി പാര്‍വതി ബായി, പവിത്രത്തിലെ ദേവകിയമ്മ, കുടുംബസമേതത്തിലെ രാധാലക്ഷ്മി,ഇന്നലെയിലെ ഡോ സന്ധ്യ, സാമ്രാജ്യത്തിലെ ലക്ഷ്മി, ആറാം തമ്പുരാനിലെ സുഭദ്ര തമ്പുരാട്ടി ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ഓർമ്മപ്പെടുത്തലുകൾ.

പ്രണയവും വിവാഹവും വിവാഹമോചനവും അടക്കം വ്യക്തിജീവിതത്തിലെ ഉയർച്ചതാഴ്ചകൾ വാർത്തകളായി.എല്ലാ വാർത്തകളെയും കാറ്റിൽ പറത്തി 2006 ഒക്‌ടോബര്‍ 19 ന് വിദ്യാമ്മ ഒരോർമയായി മാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News