കളമശേരി മെഡിക്കൽ കോളജിൽ കൊവിഡ് രോഗി മരിച്ച സംഭവം; ന‍ഴ്സിംഗ് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍; വിശദമായ അന്വേഷണം ആരംഭിച്ചു

കളമശേരി മെഡിക്കൽ കോളജിൽ കൊവിഡ് രോഗി മരിച്ച സംഭവത്തിൽ നഴ്‌സിംഗ് ഓഫിസർക്ക് സസ്‌പെൻഷൻ. പ്രാഥമിക അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ ആരോഗ്യ മന്ത്രി കെ കെ ശൈലജയാണ് നടപടിയെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണവും ആരംഭിച്ചു.

ക‍ളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് രോഗി മരിച്ചത് ചികിത്സാ വീഴ്ച മൂലമാണെന്ന് നഴ്‌സിംഗ് ഓഫിസർ ജലജകുമാരി പറയുന്ന ടെലിഫോൺ സംഭാഷണം പുറത്തുവന്നതാണ് സംഭവങ്ങൾക്ക് തുടക്കം. അടിയന്തരമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ വിഷയത്തിൽ ഇടപെട്ടു.

ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് അന്വേഷിച്ച് എത്രയും വേഗം റിപ്പോർട്ട് നൽകാൻ മന്ത്രി ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് നഴ്‌സിംഗ് ഓഫിസറെ സസ്‌പെൻഡ് ചെയ്തത്. പ്രാഥമിക അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

വിശദമായ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ വീ‍ഴ്ചയുണ്ടെങ്കിൽ കുറ്റക്കാർക്കെതിനെ കർശന നടപടി ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഫോർട്ടുകൊച്ചി സ്വദേശി സി.കെ ഹാരിസിന്‍റെ മരണം ഓക്‌സിജൻ ലഭിക്കാതെയാണെന്ന് ന‍ഴ്സിംഗ് ഓഫിസറുടെ സംഭാഷണത്തിൽ പറയുന്നുണ്ട്. ഇതിന്‍റെ വസ്തുതയാണ് ആരോഗ്യവകുപ്പ് പരിശോധിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here