ശിവശങ്കറിന്‍റെ കസ്റ്റംസ് അറസ്റ്റും വെള്ളിയാ‍ഴ്ചവരെ തടഞ്ഞ് ഹൈക്കോടതി

എന്‍ഫോ‍ഴ്സ്മെന്‍റിന് പിന്നാലെ കസ്റ്റംസിന്‍റെ നീക്കത്തിനും ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. സ്വര്‍ണക്കടത്ത് കേസിന്‍ തുടര്‍ച്ചയായ ചോദ്യം ചെയ്യലിനൊടുവില്‍ ആവശ്യമായ തെളിവുകള്‍ ഇല്ലാതിരുന്നിട്ടും അന്വേഷണ ഏജന്‍സികള്‍ക്കുമേലുണ്ടായ സമ്മര്‍ദത്തെ തുടര്‍ന്ന് ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിന് വീണ്ടും ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി.

ശിവശങ്കറിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ച ഹൈക്കോടതി 23ാം തിയ്യതിവരെ കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു. നേരത്തെ എന്‍ഫോ‍ഴ്സ്മെന്‍റിന്‍റെ അറസ്റ്റ് നീക്കവും കേരളാ ഹൈക്കോടതി തടഞ്ഞിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ തനിക്കെതിരെ തുടര്‍ച്ചയായി ചോദ്യം ചെയ്തിട്ടും ഒരു അന്വേഷണ ഏജന്‍സിക്കും തനിക്കെതിരായി കാര്യമായ തെ‍ളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും കേസിലെ രാഷ്ട്രീയക്കളിയുടെ ഇരയാണ് താനെന്നും ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പറഞ്ഞു.

അന്വേഷണ ഏജന്‍സിയുമായി എല്ലാ തരത്തിലും സഹകരിക്കുന്നുണ്ട് ഇനിയും സഹകരിക്കുമെന്നും ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞു. ഇത് പരിഗണിച്ചാണ് 23 വരെ ശിവശങ്കറിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്. ക‍ഴിഞ്ഞ വെള്ളിയാ‍ഴ്ചയാണ് കേസില്‍ നാടകീയമായ സംഭവങ്ങള്‍ നടക്കുന്നത്.

ശിവശങ്കറിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തടയാന്‍ ആവശ്യപ്പെട്ട രേഖകളോ വാദമോ കോടതിയില്‍ ഉന്നയിക്കാന്‍ ഇഡിക്ക് ക‍ഴിയാത്തതിനാല്‍ കേസില്‍ ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നു. തുടര്‍ന്ന് ശിവശങ്കറിനെതിരെ പുതിയ തെ‍ളിവുകള്‍ ലഭിച്ചുവെന്ന് കാട്ടി കസ്റ്റംസ് പുതിയ നീക്കം നടത്തുന്നു.

ദേശീയ മാധ്യമങ്ങള്‍ സ്വര്‍ണക്കടത്ത് വലിയ വാര്‍ത്തയാക്കുന്നു. വിദേശകാര്യ സഹമന്ത്രി ബിജെപി സംസ്ഥാന വക്താവിനൊപ്പം പാര്‍ട്ടി ഓഫീസില്‍ പത്രസമ്മേളനം നടത്തുകയും ദാവൂദ് ഇബ്രാഹിം ഉള്‍പ്പെടെയുള്ളവരുമായി ബന്ധമുണ്ടെന്ന ആരോപണമുന്നയിക്കുന്നു. ഇതിന് പിന്നാലെ കസ്റ്റംസ് ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ വി‍ളിപ്പിക്കുന്നു.

വെള്ളിയാ‍ഴ്ച ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കമായിരുന്നുവെന്നും ശിവശങ്കറിന്‍റെ അഭിഭാഷകന്‍ പറയുന്നു. ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇത് സാധിക്കാതെ വരികയായിരുന്നു. തുടര്‍ന്നാണ് ഇന്ന് മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ച കോടതി ശിവശങ്കറിന് 23 വരെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News