മുത്തയ്യ മുരളീധരനാകാന്‍ വിജയ് സേതുപതിയില്ല; 800ല്‍ നിന്നും പിന്‍വാങ്ങി

ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന സിനിമ 800ല്‍ നിന്ന് വിജയ് സേതുപതി പിന്‍വാങ്ങി. മുരളീധരന്‍ തന്നെ ചിത്രത്തില്‍ നിന്ന് പിന്‍മാറാന്‍ വിജയ് സേതുപതിയോട് ആവശ്യപ്പെട്ടതോടെയാണ് താരം അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്.

ചിത്രം വന്‍ വിവാദമായതോടെയാണ് താരം പിന്‍വാങ്ങിയത്. ചിത്രം ഉപേക്ഷിക്കില്ലെന്ന് കഴിഞ്ഞ ദിവസം സേതുപതി വ്യക്തമാക്കിയിരുന്നു. മുത്തയ്യ മുരളീധരന്റെ പത്രക്കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാണ് പിന്മാറുന്നതായി താരം അറിയിച്ചത്.

വിജയ് സേതുപതിയുടെ പ്രതിച്ഛായയും പ്രശസ്തിയും കരിയറും തന്റെ സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ മോശമാകാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ വിജയ് സേതുപതി ചിത്രത്തില്‍ നിന്ന് പിന്‍വാങ്ങണം എന്നാണ് മരളീധരന്‍ കുറിച്ചത്. നന്ദി വണക്കം എന്ന അടിക്കുറിപ്പിലാണ് മുത്തയ്യ മുരളീധരന്റെ പത്രക്കുറിപ്പ് താരം പങ്കുവെച്ചത്.

തമിഴ് വംശജര്‍ കൂട്ടക്കൊല ചെയ്യപ്പെട്ട ശ്രീലങ്കയിലെ ഒരു ക്രിക്കറ്റ് താരത്തെ പറ്റിയുള്ള സിനിമ എന്തിനാണ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് എന്നാണ് സിനിമയ്ക്കെതിരെ ചിലര്‍ ഉയര്‍ത്തിയ വിമര്‍ശനം. ഒരു തമിഴന്‍ എന്ന നിലയില്‍ വിജയ് സേതുപതി ഈ കഥാപാത്രം ചെയ്യരുതായിരുന്നെന്നും ചിലര്‍ വിമര്‍ശിച്ചിരുന്നു. പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങളെ പറ്റി ഇന്ത്യയില്‍ സിനിമ ചെയ്യാന്‍ പറ്റുമോ എന്നാണ് ചിലര്‍ ചോദിച്ചത്.

ഈ മാസം എട്ടിനാണ് മുത്തയ്യ മുരളീധരന്റെ ജീവിത കഥ പറയുന്ന 800 എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷന്‍ പിക്ച്ചറും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. അന്നു മുതല്‍ വിജയ് സേതുപതിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. എസ്എസ് ശ്രീപതി സംവിധാനം ചെയ്യുന്ന 800 നിര്‍മിക്കുന്നത് ഡിഎആര്‍ മോഷന്‍ പിക്ചേഴ്സും മൂവിങ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News